റിയാസ് മൗലവി വധം: വിചാരണക്കിടെ സാക്ഷിയായ അങ്കണവാടി അധ്യാപിക കൂറുമാറി

കാസര്‍കോട് (www.evisionnews.co): പഴയചൂരി മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചരണ പുരോഗമിക്കുന്നു. വിചാരണക്കിടെ സാക്ഷികളിലൊരാളായ കേളുഗുഡ്ഡെയിലെ അങ്കണവാടി അധ്യാപിക കൂറുമാറി. ഈ അധ്യാപികക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊലനടത്തിയ പ്രതികള്‍ കേളുഗുഡ്ഡെ അങ്കണവാടിക്ക് സമീപമെത്തി ടാപ്പില്‍ നിന്നും രക്തം പുരണ്ട കൈ കഴുകിയിരുന്നു. ഈ സ്ഥലത്തുനിന്നും രക്തത്തിന്റെ സാന്നിധ്യം ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് സാക്ഷിയായി അങ്കണവാടി അധ്യാപിക അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പിട്ടുകൊടുത്തിരുന്നു.
എന്നാല്‍ വിചാരണക്കിടെ അധ്യാപിക കൂറുമാറുകയായിരുന്നു. ഇത് തന്റെ ഒപ്പല്ലെന്നാണ് വിചാരണക്കിടെ അധ്യാപിക ബോധിപ്പിച്ചത്. അതേസമയം കോടതിയുടെ സമന്‍സ് ഒപ്പിട്ട് വാങ്ങിയ അധ്യാപികയുടെ ഒപ്പും സീസര്‍ മഹസര്‍ സാക്ഷിയായി നല്‍കിയ ഒപ്പും താരതമ്യം ചെയ്ത് നോക്കാമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒപ്പ് തന്റേതാണെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ അടുക്കത്ത് ബയലില്‍ കബഡി നടക്കുന്ന സ്ഥലത്തുനിന്നും പരവനടുക്കം സ്വദേശിയായ വിജയന്റെ ബൈക്ക് മോഷ്ടിച്ചാണ് മീപ്പുഗിരിയിലെത്തിയിരുന്നത്. ഇവിടെ നടക്കുകയായിരുന്ന ടൂര്‍ണമെന്റ് സ്ഥലത്ത് വെച്ച് ബിയര്‍ കുപ്പ് പൊട്ടിച്ച് നാട്ടുകാര്‍ക്കുനേരെ വീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്തുനിന്നും ഇവര്‍ കടന്നുകളയുമ്പോള്‍ കല്ലേറ് കൊണ്ട് രണ്ടാം പ്രതി നിതിന് പരിക്കേറ്റു.
ഇതിന് പകരം ഒരാളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ചൂരിയിലെത്തുകയും റിയാസ് മൗലവിയെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ബൈക്ക് മോഷ്ടിച്ചതിന് വിജയന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതി പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കി കേസ് പിന്‍വലിച്ചിരുന്നു. 15,000 രൂപ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. അതുകൊണ്ടു തന്നെ ബൈക്ക് കവര്‍ച്ച ചെയ്ത സംഭവവുമായി ബന്ധപ്പെട്ട സാക്ഷിയായിരുന്ന വിജയനും വിചാരണക്കിടെ കൂറുമാറിയിരുന്നു.
Powered by Info News For You
Comments
Post a Comment