ശരണ മന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി: റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം
തിരുവനന്തപുരം (www.evisionnews.co): ശബരിമല യുവതീ പ്രവേശ വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള 23 റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്റ്റാന്റിംങ് കൗണ്‍സല്‍ ജി. പ്രകാശം മുഖേനയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇക്കാര്യമാവശ്യപ്പെട്ട് സമീപിച്ചത്.
ഈ റിട്ട് ഹര്‍ജികളിലെ മുഴുവന്‍ നടപടികളും സ്റ്റേ ചെയ്യണം. എല്ലാ ഹര്‍ജികളും സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടതാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഈയാഴ്ച തന്നെ പരിഗണിച്ചേക്കും. ശബരിമലയില്‍ വലത് സംഘടനകള്‍ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനാണു സംഘടനകളുടെ ശ്രമം. ഭക്തരുടെ വേഷത്തില്‍ എത്തിയവര്‍ ദര്‍ശനത്തിന് വന്ന യുവതികളെ ആക്രമിച്ചു.
സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സംരക്ഷിക്കണം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടിലാകുമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചു. നേരത്തെ ശബരിമലയില്‍ നിരീക്ഷക സമിതിയെ നിയോഗിച്ച തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പല ഘട്ടങ്ങളിലും ഹൈക്കോടതി ഇടപെടുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Powered by Info News For You

Comments
Post a Comment