മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഗ്രാമോത്സവം തിങ്കളാഴ്ച തുടങ്ങും
കാസര്‍കോട് (www.evisionnews.co): കലാകായിക സാമൂഹ്യ സംസ്‌കാരിക
രംഗങ്ങളില്‍ പുതുതലമുറകളെ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക തിന്മകള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കപ്പെടുന്നതിനും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഗ്രാമോത്സവം നാളെ തുടങ്ങും. മൊഗ്രാല്‍ പുത്തൂറിന്റെ തനത് കലകളെയും സംസ്‌കാരങ്ങളും ഗ്രാമത്തിന്റെ ചരിത്രങ്ങളെയും പുതുതലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുക, പുതിയ ഒരു ദിശാബോധം സമൂഹത്തിന് നല്‍കുക എന്ന സന്ദേശമാണ് ഗ്രാമോത്സവത്തോടെ ലക്ഷ്യമിടുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗ്രാമോത്സവം നാളെ രാവിലെ എരിയാലില്‍ നിന്നാരംഭിക്കുന്ന കൂട്ട ഓട്ടത്തോടെ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 2.30ന് മൊഗ്രാല്‍ പുത്തൂറില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥയില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ അണിനിരക്കും. പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണം ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്യും. ഫെബ്രുവരി രണ്ടാംവാരം നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഗ്രാമോത്സവം സമാപിക്കും. വിവിധ പരിപാടികളിലായി മന്ത്രിമാര്‍, എം.എല്‍.എമാര്‍, മുന്‍ മന്ത്രിമാര്‍, മറ്റുജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നായകന്‍മാര്‍, മറ്റ് പ്രമുഖര്‍ പങ്കെടുക്കും.
കാന്‍സര്‍ രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവും കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പും പഞ്ചായത്തിലെ മൂന്നു മേഖലകളിലായി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. പഞ്ചായത്തില്‍ ഇതിന്റെ ഭാഗമായി രക്തദാന സേനക്ക് രൂപം നല്‍കും. ചരിത്ര സെമിനാര്‍, കവിയരങ്ങ്, പുസ്തക പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. പഞ്ചായത്തിലെ പൂര്‍വകാല ജനപ്രതിനിധികളെ ആദരിക്കും. പഞ്ചായത്തിന്റെ കീഴിലുള്ള ഓരോ വിദ്യാലയത്തിലെയും മികച്ച അധ്യാപകരെ ആദരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഘടകസ്ഥാപനങ്ങളും ശുചീകരണ ദിനം ആചരിക്കും. പ്ലാസ്റ്റിക് മുക്ത പഞ്ചായത്തെന്ന ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായി ക്ലീന്‍ മൊഗ്രാല്‍ പുത്തൂര്‍ എന്ന ആശയവുമായി മുപ്പതോളം ഹരിതസേന പ്രവര്‍ത്തനം ആരംഭിക്കും.
എം.എല്‍.എ യുടെ ആസ്തിഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് സ്റ്റേഡിയത്തിന്റെയും പഞ്ചായത്ത്- ജില്ലാ പാക്കേജ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മൊഗ്രാല്‍ പുത്തൂര്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്റെയും ഉദ്ഘാടനം നടക്കും. 2018-19 വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ നൂറോളം പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈടെക് സ്‌കൂളായി ഉയര്‍ത്തി സജ്ജീകരിച്ച 24 ക്ലാസ് മുറികളുടെയും കാവുഗോളി എല്‍.പി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറികളുടെയും കമ്പാര്‍ എല്‍.പി സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിയുടെ ഉദ്ഘാടനവും നടത്തും. ഭിന്നശേഷിക്കാര്‍ക്കും സാന്ത്വന ചികിത്സ ലഭിക്കുന്നവര്‍ക്കും കുടുംബസംഗമവും കലാസംഗമവും സംഘടിപ്പിക്കും. അങ്കണവാടി ദിനം എന്ന പേരില്‍ വര്‍ക്കേഴ്‌സിനും കുട്ടികള്‍ക്കുമായി ഏകദിന പരിപാടി സംഘടിപ്പിക്കും. നീര്‍ച്ചാല്‍ അങ്കണവാടിയുടെ ഉദ്ഘാടനവും മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് അങ്കണവാടിയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്തില്‍ വോളിബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, കബഡി എന്നിങ്ങനെ നാല് ടീമുകളെ തെിരഞ്ഞെടുത്ത് പരിശീലനം നല്‍കും. പത്രസമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എസ്.എച്ച് ഹമീദ്, പ്രമീള മജല്‍, അസി. സെക്രട്ടറി ആര്‍. സുധാകരന്‍ നായര്‍, കെ. പവിത്രന്‍, മാഹിന്‍ കുന്നില്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment