കിളിനക്കോട് ഫെയ്‌സ്ബുക്ക് ലൈവ്: കല്യാണവീട്ടില്‍ സദാചാര പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്

കിളിനക്കോട്: (www.kvartha.com 19.12.2018) കല്യാണവീട്ടില്‍ സദാചാര പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ യൂത്ത് ലീഗ് നേതാവടക്കം ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങര കിളിനക്കോട്ട് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെയാണ് സദാചാര പോലിസ് ചമഞ്ഞ് ഒരു കൂട്ടം യുവാക്കള്‍ ഉപദ്രവിച്ചത്. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംഭവം വിവരിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ സൈബര്‍ ആക്രമണവും നടന്നു.

സദാചാര പോലീസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ ആറ് പേര്‍ക്കെതിരെ വേങ്ങര പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പുള്ളാട്ട് ഷംസുദ്ദീന്‍ അടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വേങ്ങര പോലിസ് വ്യക്തമാക്കി.

തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയത്. കല്ല്യാണവീട്ടില്‍ വെച്ച് ഇതര മതത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം മുസ്ലിം പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുന്നത് കണ്ട പെണ്‍കുട്ടികളെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

'ഞങ്ങള്‍ കിളിനക്കോട് എന്ന സ്ഥലത്ത് ഒരു കല്യാണത്തിന് വന്നതാണ്. ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്യാണം കഴിച്ച് വരാതിരിക്കുക' എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് ലൈവ്.


ഈ വിഡിയോ പ്രചരിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്. രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായ അക്രമമാണ് നേരിടേണ്ടിവന്നത്.

'യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരോടും എംഎസ്എഫിന്റെ പ്രവര്‍ത്തകരോടും പെണ്‍കുട്ടികള്‍ പറഞ്ഞ മറുപടി അത്ഭുതപ്പെടുത്തുന്നതാണ്. ആ കാക്കായ്ക്ക് നേരം വെളുത്തിട്ടില്ല. കാക്കാ കോളജില്‍ പോകാത്തതുകൊണ്ടാണ് കാക്കായ്ക്ക് അങ്ങനെ തോന്നിയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി'. പുള്ളാട്ട് ഷംസുദ്ദീന്‍ വോയിസ് ക്ലിപ്പില്‍ പറയുന്നു. പെണ്‍കുട്ടികളും എംഎസ്എഫ് പ്രവര്‍ത്തകരാണെന്നാണ് തോന്നുന്നതെന്ന് പ്രദേശവാസി പറഞ്ഞു.



Keywords: Kerala, Malappuram, News, Facebook, Police, Case, Youth League, Girl, Moral policing: Case against 6


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?