വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിച്ചു; എം കെ മുനീര്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയും, തൊട്ടുപിന്നാലെ എം എല്‍ എമാരുടെ സത്യാഗ്രഹവും അവസാനിപ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 13.12.2018) വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച യുഡിഎഫ് എംഎല്‍എ എം.കെ. മുനീറിന്റെ പരാമര്‍ശത്തെച്ചൊല്ലി നിയമസഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഭരണ - പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ പോര്‍വിളിയും ഉന്തും തള്ളുമുണ്ടായി. പി.കെ. ബഷീറും വി. ജോയിയും ഏറ്റുമുട്ടി. ഒടുവില്‍ മുതിര്‍ന്ന അംഗങ്ങള്‍ മുന്നിട്ടിറങ്ങി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രതിഷേധിച്ചു സഭവിട്ടു പുറത്തിറങ്ങി. മുനീറിന്റെ വര്‍ഗീയ മതില്‍ പരാമര്‍ശം പിന്‍വലിക്കണമെന്നാണു ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വാക്കു പിന്‍വലിക്കില്ലെന്നും പറഞ്ഞിട്ടേ പോകുകയുള്ളൂവെന്നും മുനീര്‍ പറഞ്ഞു. ഇതോടെയാണ് ഏറ്റുമുട്ടലും പോര്‍വിളിയും തുടങ്ങിയത്.

Ruckus in House over Muneer's communal wall remark, Thiruvananthapuram, News, Politics, Trending, UDF, CPM, Kerala.

ഇതോടെ സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീടു ചേര്‍ന്നപ്പോഴും ബഹളം തുടരുകയായിരുന്നു. 14-ാം നിയമസഭയുടെ 13-ാം സമ്മേളനത്തിന്റെ അവസാനദിനമായ വ്യാഴാഴ്ച സഭ ആരംഭിച്ചപ്പോള്‍ മുതല്‍തന്നെ ശബരിമല വിഷയത്തെച്ചൊല്ലി പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞെങ്കില്‍ ഈ വര്‍ഗീയ മതിലും പൊളിയുമെന്ന് എം.കെ. മുനീര്‍ പറഞ്ഞു. വെള്ളാപ്പള്ളിയും സുഗതനും ചേര്‍ന്ന് ഒരുക്കുന്ന വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്നും മുനീര്‍ പറഞ്ഞിരുന്നു.

ഇതോടെ മുനീറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. വസ്തുതകളുടെ പിന്‍ബലമില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ബഹളം രൂക്ഷമായതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വനിതാ മതിലിനെതിരെ വര്‍ഗീയത ആരോപിക്കുന്നതു ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധമാണെന്നു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

സ്ത്രീകളുടെ തുല്യതയും പുരോഗതിയും സംരക്ഷിക്കുന്ന അഭിമാന മതിലാണു വനിതാ മതിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റ്? എന്തു വിലകൊടുത്തും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണ്. സമത്വത്തിന്റെ പതാകവാഹകരായി സ്ത്രീകളെ ഉയര്‍ത്തിക്കാട്ടുകയാണു ലക്ഷ്യം. പ്രതിപക്ഷത്ത് വനിതാ എംഎല്‍എമാര്‍ ഇല്ലെങ്കിലും പാര്‍ട്ടി സംഘടനകളില്‍നിന്നുള്ള വനിതകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിരോധനാജ്ഞ പിന്‍വലിക്കണം, സുഗമമായ തീര്‍ഥാടനം ഉറപ്പാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം തുടര്‍ന്നു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. എംഎല്‍എമാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. നിയമസഭാ കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

അതേസമയം, വനിതാ മതില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് അനുമതി തേടി. മൂന്ന് എംഎല്‍എമാരുടെ സത്യാഗ്രഹം 11-ാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇനിയെന്തുവേണമെന്ന ആശയക്കുഴപ്പത്തിലാണു പ്രതിപക്ഷം. പ്രധാനപ്പെട്ട പല നിയമനിര്‍മാണങ്ങളും ചര്‍ച്ചപോലുമില്ലാതെ പാസാകുന്നതിനും സഭ വേദിയായി.

നിയമനിര്‍മ്മാണത്തിനും ബജറ്റിലെ ഉപധനാഭ്യര്‍ഥനകള്‍ പാസാക്കാനുമാണു 13 ദിവസം നീളുന്ന സഭാ സമ്മേളനം വിളിച്ചുചേര്‍ത്തതെങ്കിലും ഒരു ദിവസംപോലും ബഹളമില്ലാതെ നടന്നില്ല. ശബരിമലതന്നെയായിരുന്നു കേന്ദ്ര ബിന്ദു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, സുഗമമായ തീര്‍ഥാടനം ഉറപ്പാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ തുടര്‍ച്ചയായി സഭാസമ്മേളനം ഒരേവിഷയത്തില്‍ തടഞ്ഞ് അലങ്കോലപ്പെട്ടു. ചോദ്യോത്തരവേള മുതല്‍ നടപടികള്‍ തടസപ്പെടുത്താനാണു പ്രതിപക്ഷം ശ്രമിച്ചത്. ഇതിനെതിരെ എല്ലാ ദിവസവും സ്പീക്കര്‍ക്ക് അതൃപ്തി രേഖപ്പെടുത്തേണ്ടി വന്നു.

മൂന്ന് സഹപ്രവര്‍ത്തകരുടെ സത്യാഗ്രഹം ചര്‍ച്ചയിലൂടെ അവസാനിപ്പിക്കാന്‍ തടസം നിന്നതു മുഖ്യമന്ത്രിയാണെന്നാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സ്പീക്കര്‍ വേണ്ട നടപടിയെടുത്തില്ലെന്നുള്ള ആരോപണവും കൂടിയായപ്പോള്‍ പ്രതിഷേധം കനത്തു.

അതേസമയം, പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയിരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. നിയമസഭയില്‍ സത്യാഗ്രഹം ഇരുന്ന എം.എല്‍.എമാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് ജനാധിപത്യത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല ഭക്തര്‍ക്ക് വേണ്ടിയുള്ള സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും നേതൃയോഗത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ruckus in House over Muneer's communal wall remark, Thiruvananthapuram, News, Politics, Trending, UDF, CPM, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?