പഞ്ചായത്ത് അധികൃതര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല; മാവിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ബിജെപി നേതാവ്

കൊല്ലം: (www.kasargodvartha.com 30.12.2018) ആവശ്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പെരിനാട് പഞ്ചായത്ത് ഓഫിസീന് മുമ്പിലെ മാവില്‍ കയറി ബിജെപി നേതാവ് ആത്മഹത്യാ ഭീഷണി മുഴക്കി. ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജുവാണ് മൂന്നു മണിക്കൂറിലേറേ നാട്ടുകാരെ ആശങ്കയിലാക്കിയത്. കയറിന്റെ ഒരുവശം മാവിന്റെ ചില്ലയില്‍ കെട്ടിയശേഷം മറുവശം കഴുത്തില്‍ മുറുക്കി താഴേക്ക് ചാടുമെന്നായിരുന്നു ഷാജുവിന്റെ ഭീഷണി. കഴിഞ്ഞ ദിവസം രാവിലെ 10.30നായിരുന്നു സംഭവം.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇയാള്‍ താഴെയിറങ്ങിയത്. കഴിഞ്ഞ 11 ദിവസമായി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ നിരാഹാര സമരം നടക്കുകയായിരുന്നു. ഇവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷാജു ആത്മഹത്യാ ഭീഷണിയുമായി മരത്തില്‍ കയറിയത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ താഴെയിറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇയാള്‍. അഞ്ചാലുംമൂട് പോലീസ് പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും അവര്‍ തയാറായില്ല. ഒരു മണിയോടെ മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇതോടെ കൊല്ലം എസിപി പ്രദീപ്, സ്‌പെഷല്‍ ബ്രാഞ്ച് എസിപി ഷിഹാബുദീന്‍, ഈസ്റ്റ് സിഐ മഞ്ചുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. രംഗം വഷളാകുന്നുവെന്നു മനസിലായ പഞ്ചായത്ത് അധികൃതര്‍ ഒടുവില്‍ ചര്‍ച്ചയ്ക്ക് തയാറായി. ജനുവരി മൂന്നിനു ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഒന്നാമത്തെ അജണ്ടയായി ബിജെപിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു ചര്‍ച്ചയില്‍ ധാരണയായി. ഉച്ചയ്ക്ക് രണ്ടരയോടെ ഈ ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഷാജു മരത്തില്‍ നിന്നു താഴെയിറങ്ങിയത്. ഇതോടെ നിരാഹാര സമരം അവസാനിപ്പിച്ചു.

പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ബിജെപി അംംങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചുവെന്നായിരുന്നു സമരത്തിനു കാരണം. സമാപന സമ്മേളനം ദക്ഷിണ മേഖലാ സെക്രട്ടറി വെള്ളിമണ്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇടവട്ടം വിനോദ് അധ്യക്ഷത വഹിച്ചു. മഠത്തില്‍ സുനില്‍, ചിറക്കോണം സുരേഷ്, രാജശേഖരന്‍, മുരളീധരന്‍ പെരിനാട്, ഉമേഷ് ചന്ദ്രന്‍, രമ്യാ രാജന്‍, രാജന്‍ ഗോപകുമാര്‍, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kerala, Kollam, news, Top-Headlines, suicide-attempt, Threatening, BJP, Leader, Panchayath, Suicide threatening by BJP leader


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?