ഇനി രണ്ടു നാള്‍; ഗ്രാമ സൗന്ദര്യങ്ങളുടെ തട്ടകത്തിലേക്ക് കൗമാര കലയുടെ വിസ്മയപൂരം

ആലപ്പുഴ: (www.kvartha.com 05.12.2018) ലോക പ്രശസ്ത ജലകായികമേളയ്ക്ക് വേദിയാകുന്ന ജല രാജക്കന്മാരുടെ നാട് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളയ്ക്കായി ഒരുങ്ങി. ഇഞ്ചോടിഞ്ച് പോരാടുന്ന ചുണ്ടന്‍ വള്ളങ്ങളുടെയും ലോകസഞ്ചാര ഭൂപടത്തില്‍ കേരളത്തിനു മേല്‍വിലാസമുണ്ടാക്കിയ പുരവള്ളങ്ങളുടെയും നാട്ടില്‍ ഏഴു മുതല്‍ ഒന്‍പതു വരെ മൂന്നു രാപകലുകള്‍ കുട്ടികള്‍ കലയുടെ വൈവിധ്യം വാരിവിതറും. ആട്ടവും പാട്ടും താളവും മേളവും വരയും വര്‍ണനയുമെല്ലാമുണ്ട് ഈ കലാപൂരത്തിന്.

30 വേദികളിലായി നടക്കുന്ന മത്സരത്തില്‍ 12,000 വിദ്യാര്‍ഥികളാണ് മാറ്റുരയ്ക്കാനെത്തുന്നത്. പരാതിക്കിട നല്‍കാതെ പരമാവധി ചെലവു ചുരുക്കി പ്രവര്‍ത്തനം ഏകോപിപ്പിക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘാടക സമിതി. വേദികളുടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവസാന ഘട്ടത്തിലാണ്. വിവിധ വേദികളുടെ അറ്റകുറ്റപ്പണിക്കായി മാത്രം 25 ലക്ഷം രൂപയാണ് നഗരസഭ ചിലവിട്ടത്.

Kerala State School Youth Festival 2018, Alappuzha, News, Education, State School Fest, Students, Teachers, Drinking Water, Food, Kerala.

മേളയുടെ രക്ഷാധികാരി മന്ത്രി ജി.സുധാകരന്റെ മുഖ്യ മേല്‍നോട്ടത്തില്‍ മേള വൈസ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജി.വേണുഗോപാലും പ്രോഗ്രാം കമ്മിറ്റി അധ്യക്ഷന്‍ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്നു. കലോത്സവം പൂര്‍ണമായും ഹരിത ചട്ടം പാലിക്കുന്നുവെന്നുറപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നഗരസഭയും സജീവമായി തന്നെ രംഗത്തുണ്ട്.

ഡിസംബര്‍ ആറിന് രാവിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങും. മത്സരരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കുമടക്കം നല്‍കുവാനുള്ള ബാഡ്ജുകള്‍ തയ്യാറായി കഴിഞ്ഞു. 14 കേന്ദ്രങ്ങളിലായി 60 അധ്യാപകരാണ് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ സേവനമനുഷ്ടിക്കുക. ദേശീയപാതയില്‍ അറവുകാട് മുതല്‍ വടക്ക് തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇവിടങ്ങളില്‍ സഹായത്തിനായി പ്രാദേശികമായി ജനകീയ സമിതികളും ഇരുപതു വിദ്യാര്‍ഥികള്‍ വീതമടങ്ങിയ സൗഹൃദ സേനകളും സദാ ജാഗരൂഗരായി ഉണ്ടാകും. താമസകേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് സേവനവും ലഭ്യമാക്കും. മത്സരാര്‍ഥികള്‍ക്കുള്ള ഭക്ഷണം ഇ എം എസ് സ്‌റ്റേഡിയത്തിലൊരുക്കുന്ന കലവറയിലാണ് തയ്യാറാക്കുന്നത്.

അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ചുമതലയില്‍ തയ്യാറാക്കുന്ന ഭക്ഷണം പതിവിനു വിപരീതമായി നാലു കേന്ദ്രങ്ങള്‍ വഴിയാകും വിതരണം ചെയ്യുക. പ്രത്യേകം തയ്യാറാക്കുന്ന വാഹനങ്ങളില്‍ ഭക്ഷണവും കുടിവെള്ളവും കൃത്യനിഷ്ഠയോടെ വിതരണ കേന്ദ്രങ്ങളിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഭക്ഷണസമിതി. അഞ്ചുതരം കറിയും ചോറും പായസവും ഉള്‍പ്പെടുന്നതാവും ഉച്ച ഭക്ഷണം.

രാവിലെ ഇഡലി, ഉപ്പുമാവ് എന്നിവ മാറി മാറി നല്‍കും. ഒന്‍പതിന് ഉച്ചഭക്ഷണത്തിനോടൊപ്പം അമ്പലപ്പുഴ പാല്‍പ്പായസവും വിതരണം ചെയ്യാന്‍ ഏര്‍പ്പാടായിട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ ഇതിനായി ഒരുക്കുന്ന പ്രധാന പന്തലിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. നാലു കേന്ദ്രങ്ങളിലും ബുഫൈ മാതൃകയിലാണ് ഭക്ഷണ വിതരണം.

സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമാണ് ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുക. ആവശ്യമായ പ്ലേറ്റും ഗ്ലാസും നേരത്തെ തന്നെ സ്വരൂപിച്ചു കഴിഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിന്റെ മുഖ്യ ചുമതലക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും രണ്ടു തവണ സ്‌റ്റേഡിയത്തിലെത്തി ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രതിദിനം 30,000 ലിറ്റര്‍ കുടിവെള്ളം വേണ്ടിവരും. ശുദ്ധജല വിതരണത്തിന്റെ ചുമതല ജല അതോറിറ്റിയും ജില്ലാ ഭരണകൂടവുമാണ് ഏറ്റെടുത്തിരിക്കുന്നത്.

മേളയില്‍ പങ്കെടുക്കുവാന്‍ ആറിന് എത്തുന്ന മത്സരാര്‍ഥികളെ സ്വീകരിച്ച് താമസ കേന്ദ്രങ്ങളിലെത്തിക്കുവാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 18 സ്‌കൂള്‍ ബസുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ റയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേക സഹായ കേന്ദ്ര ങ്ങളും തുറക്കും. കലോത്സവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകള്‍ സൗഹൃദയാത്രകള്‍ സംഘടിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala State School Youth Festival 2018, Alappuzha, News, Education, State School Fest, Students, Teachers, Drinking Water, Food, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?