മുത്തലാഖ് ബില്‍ ചര്‍ച്ച: തനിക്കെതിരെ നടക്കുന്നത് വസ്തുതകള്‍ മറച്ചുള്ള കുപ്രചാരണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം (www.evisionnews.co): പാര്‍ലമെന്റില്‍ നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വസ്തുതകള്‍ മറച്ചുവെച്ചുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ചില കേന്ദ്രങ്ങളില്‍ നിന്നും ആസൂത്രിതമായ പ്രചാരണമാണ് നടക്കുന്നത്. വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനുള്ള തീരുമാനം പെട്ടെന്നെടുത്താണ്. മുതിര്‍ന്ന പാര്‍ട്ടി നേതൃത്വവുമായും താനുമായും കൂടിയാലോചന നടത്തിയ ശേഷമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ഇടപെടലുകള്‍ നടത്തിയത്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാഖ് ബില്‍ രണ്ടാംവട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍ മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ് പാര്‍ട്ടി പരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11പേര്‍ മാത്രം ആയതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് മന:പൂര്‍വ്വമല്ലെന്നും വേണ്ട ഇടപെടലുകള്‍ നടത്താന്‍ തന്നെ ഏല്‍പിച്ചിരുന്നതായും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
Powered by Info News For You

Comments
Post a Comment