5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതര നേതൃത്വത്തോട് വീണ്ടും വീണ്ടും പറയുന്നത്

അസ്ലം മാവിലെ

(www.kvartha.com 11.12.2018) ദേശീയാടിസ്ഥാനത്തില്‍ ഒരു 'മിനി പൊതുതെരഞ്ഞെടുപ്പ്' നടന്നു, അതിന്റെ ഫലവും വന്നു. ജനങ്ങള്‍ എന്ത് ചിന്തിക്കുന്നു, ഭരണാധികാരികളെ അവര്‍ എങ്ങനെ വിലയിരുത്തുന്നുവെന്നതിന്റെ പരിച്ഛേദമാണ് ഈ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്.

കാവി ഭരണം തത്കാലമെന്നും മതേതര ഇന്ത്യയാണ് കരണീയമെന്നും പൊതു മനസ്സില്‍ ഇപ്പോഴും നല്ല നിശ്ചയമുണ്ട്. വല്ലാതെ അവഗണിക്കുന്നുവെന്ന് തോന്നിയപ്പോള്‍ മാത്രമാണ് ഒരു ഭരണമാറ്റമെന്ന നിലയില്‍ അതി തീവ്രദേശീയത പറഞ്ഞവരെ പരീക്ഷിച്ചതെന്നും ഇനിയതുണ്ടാകില്ലെന്നും ഇന്ത്യന്‍ വോട്ടര്‍മാര്‍ സൂചന നല്‍കിക്കഴിഞ്ഞു എന്ന് തോന്നുന്നു.

Article about five state assembly election result, Article, Politics, Election, Result, Aslam Mavilae, Congress, BJP, Criticism, Kerala

അത് തിരിച്ചറിയുവാനും അവസരത്തിനൊത്തുയരുവാനും ജനാധിപത്യ കക്ഷികള്‍ക്ക് സാധിച്ചാല്‍ അതിനെ രാഷ്ട്രീയ നേതൃ വിവേകമെന്ന് ലോകം പറയും. വരും ദിവസങ്ങള്‍ ഇന്ത്യന്‍ ജനത മാത്രമല്ല ഇന്ത്യയെ സ്‌നേഹിക്കുന്ന ലോകര്‍ മുഴുവന്‍ ഉറ്റുനോക്കുന്നത് അതാണ്.

നോക്കൂ, മിസോറം, തെലുങ്കാന ഫലങ്ങള്‍. പൊതു മനസ്സിന് അവിടെ കോണ്‍ഗ്രസ് ഒരു വിഷയമേ ആയില്ല. വര്‍ഗീയതയും അതിതീവ്ര ദേശീയതയും പറയാത്തവരെ അവര്‍ അധികാരത്തിലേറ്റി, ആരായിരിക്കണമെന്ന വിഷയത്തില്‍ ഭരണം മാത്രം വിലയിരുത്തി.

ഒരിടത്ത് ടി ആര്‍ എസിനെ നിലനിര്‍ത്തി, മറ്റൊരിടത്ത് കോണ്‍ഗ്രസിനെ ഇറക്കി വിട്ടു. പകരംഎം എന്‍ എഫിനെപരീക്ഷിക്കാന്‍ തീരുമാനിച്ചു. രണ്ടിടത്തും ബി ജെ പിക്ക് ഗവര്‍ണര്‍ അധികാരമല്ലാതെ മറ്റൊരു റോളുമില്ല. അവിടങ്ങളില്‍ ഒന്നോ രണ്ടോ കാവി രാഷ്ട്രീയക്കാര്‍ നിയസഭാ വരാന്തയിലെത്തിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ ഒ. രാജഗോപലിനെ ജയിപ്പിച്ച കൗതുകമേ വോട്ടര്‍മാരും കണ്ടിട്ടുണ്ടാവുകയുള്ളൂ. പാഷാണം ഷാജിയെ കടമെടുത്താല്‍ 'ഒരു സുഖം'.

കര്‍ണാടക ഒരു തുടക്കമായിരുന്നു, പിന്നീട് അവിടെ തന്നെ നടന്ന ഉപതെരഞ്ഞെടുപ്പുകളും. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഒരു റോഡ് ഷോ കാട്ടി ആളെ കുപ്പിയിലാക്കാമെന്ന അമിത് ഷായുടെ മുന്‍ വിധിക്ക് ഇനി പ്രസക്തിയില്ല. സീറ്റ് ട്രെന്‍ഡിംഗ് നോക്കി അവിടെ വല്ല കുതിരക്കച്ചവടത്തിനും സ്‌കോപ്പുണ്ടാക്കി കൈ നനയാതെ മീന്‍ പിടിക്കുന്ന രാഷ്ട്രിയ എതിക്‌സ് രഹിത നീക്കങ്ങള്‍ക്കും ഇനി മൈലേജുണ്ടാകില്ല.

യദിയുരപ്പയോടെ ആ ഫയല്‍ ക്ലോസ് ചെയ്യാന്‍ ബി ജെ പി നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്. അമ്മാതിരി പണിക്കെതിരെ പപ്പണിയുമായിട്ടാണ് എതിര്‍ രാഷ്ട്രിയ നേതൃത്വങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നത് കര്‍ണാടകയില്‍ അവര്‍ കണ്ടതുമാണല്ലോ.

രാജസ്ഥാനില്‍ 1993 ന് ശേഷം ആര്‍ക്കും ഭരണത്തുടര്‍ച്ച ഉണ്ടാകാറില്ല. പക്ഷെ, ചത്തിസ്ഗഡിലെ ഭരണത്തകര്‍ച്ച 15 വര്‍ഷങ്ങളുടെയാണ്. മധ്യപ്രദേശിലെ ഭരണസ്ഥിരതയില്ലായ്മ ബി.ജെ.പി നേരിടുന്നതും 15 വര്‍ഷത്തെ തുടര്‍ഭരണത്തിന് നേരിട്ട അസ്വീകാര്യതയാണ്. ( ഇതെഴുതുമ്പോഴും ബി ജെ പി കേവല ഭൂരിപക്ഷത്തിലെത്തിയിട്ടില്ല, കോണ്‍ഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത് ). ഇവയൊന്നും തന്നെ സംഘ്പരിവാര്‍ പാര്‍ട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല.

41 ലോകസഭാ മണ്ഡലങ്ങളാണീ രണ്ടു സംസ്ഥാനങ്ങളിലുമുള്ളത്. രാജസ്ഥാനിലെ 25 കൂടിയാകുമ്പോള്‍ 66 ലോക സഭാ സീറ്റുകള്‍. ഈ കണക്കുകള്‍ മുന്നില്‍ വച്ച്, വരുന്ന 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് കാവി രാഷ്ട്രീയ പ്രസ്ഥാനത്തിന് മുട്ടിടിയായിരിക്കും അനുഭവപ്പെടുകയെന്നത് നിസ്സംശയം പറയാം. ഈ മൂന്നു സംസ്ഥാനങ്ങളും ബീഹാറും യു പിയുമാണ് ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക പ്രദേശങ്ങള്‍. പ്രത്യേകിച്ച് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം. ദക്ഷിണേന്ത്യ അവരുടെ ഇംഗിതത്തിനൊത്ത് ഒരിക്കല്‍ പോലും ഓരം ചേര്‍ന്ന് നടന്നിട്ടില്ലെന്നത് ചെറിയ വിഷയമല്ല.

ഇനിയുള്ളത് കോണ്‍ഗ്രസ് അടങ്ങിയ ജനാധിപത്യ കക്ഷികളുടെ നിര്‍ണായക ദിവസങ്ങളാണ്. അവരുടെ പെര്‍ഫോമന്‍സ് അതി പ്രധാനമാണ്. ഒന്നും രണ്ടും സീറ്റിന്റെ പേരില്‍ പ്രാദേശിക നേതാക്കളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി എവിടെയുമെത്താത്ത മുടന്തന്‍ നിലപാടുമായി ഭൂലോക വിഡ്ഢിത്തം മതേതര പാര്‍ട്ടി നേതൃത്വങ്ങള്‍ നടത്തിയാല്‍ പിന്നൊരു അവസരം പൊതുജനം തന്നെന്ന് വരില്ല.

ആവശ്യമില്ലാത്തിടത്ത് ഇടപെടാതെയും അര്‍ഹതപ്പെടാത്തത് ചോദിക്കാനോ വാശിപിടിക്കാനോ നില്‍ക്കാതെയും പരസ്പരം ഇണങ്ങിയും മെരുങ്ങിയുമുള്ള വിശാല അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സഖ്യമോ നീക്കുപോക്കോ നടത്തിയാല്‍ അവര്‍ക്ക് നന്ന്. രാഹുലിനിതറിയാം, വളരെ നന്നായി. പക്ഷെ,അദ്ദേഹത്തിന്റെ ഒപ്പം കൂടി ഉപദേശിക്കുന്നവര്‍ക്കും അതറിയണമെന്ന് മാത്രം. കാവി ഭരണകൂടത്തെ ചെറുത്ത് തോല്‍പ്പിക്കാനിറങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങളും ഈ ഒരു തിരിച്ചറിവിലേക്ക് എത്ര അനായാസം വരുന്നുണ്ട് എന്നത് മാത്രമായിരിക്കും ജനാധിപത്യ ലോകം ഇനി ഉറ്റുനോക്കുക.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും അതിലെ വിധി നിര്‍ണയ സാഹചര്യങ്ങളും മതേതര നേതൃത്വങ്ങള്‍ക്കും അണികള്‍ക്കും കണ്ടും നോക്കിയും പഠിച്ചും മറക്കാനുള്ളതല്ല, കഴുത്തില്‍ കെട്ടിത്തൂക്കി നിരന്തരം പുനര്‍വായന നടത്താനുള്ളതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article about five state assembly election result, Article,  Politics, Election, Result, Aslam Mavilae, Congress, BJP, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?