വര്‍ഗീയ-വനിതാ മതിലിനെതിരെ യു ഡി എഫ് വനിതകളുടെ മതേതര സംഗമം 29ന്; വിദ്വേഷത്തിന്റെ മതിലുകളല്ല വേണ്ടത്, സ്‌നേഹത്തിന്റെ പാലമാണെന്ന് വനിതാ നേതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 27.12.2018) ഐക്യ ജനാധിത്യ മുന്നണി വനിതാ ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ 29ന് ശനിയാഴ്ച മൂന്നു മണിക്ക് കാഞ്ഞങ്ങാട്ട് മതേതര വനിതാ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന സംഗമം ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്യും.

മൈക്രോ ഫിനാന്‍സ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്തയാള്‍ ചെയര്‍മാനും അയോധ്യാ കര്‍സേവകന്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയുടെയും കേരള സര്‍ക്കാരിന്റെ എല്ലാവകുപ്പുകളുടെയും ഇടപെടലുകളിലൂടെയും പുതുവര്‍ഷ ദിനത്തില്‍ കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ സംഘടിപ്പിക്കുന്ന വര്‍ഗീയ - വനിതാ മതില്‍ നിര്‍മ്മാണത്തിനായി വനിതാ ക്ഷേമ വകുപ്പിന്റെ 50 കോടി രൂപ ചിലവഴിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മതിലുകള്‍ പൊളിയുന്ന കാലത്താണ് സര്‍ക്കാര്‍ ചിലവില്‍ മതില്‍ നിര്‍മ്മിക്കുന്നത്. 1961 ല്‍ നിര്‍മ്മിച്ച ബര്‍ലിന്‍ മതില്‍ 1991 ല്‍ തകര്‍ന്നത് ബലക്ഷയം കൊണ്ടായിരുന്നില്ല. വിഭജനത്തിന്റെ അടയാളമായിരുന്ന മതിലിനെതിരെ ജനരോഷമുയര്‍ന്നതുകൊണ്ടാണ്. ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം തൊഴില്‍ നിഷേധത്തിന്റെയും ആനുകൂല്യ നിഷേധത്തിന്റെയും
പേരില്‍ ഭീഷണിപ്പെടുത്തിയാണ് വര്‍ഗീയ മതിലില്‍ അണിചേര്‍ക്കുന്നത്. പുതുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ പാവങ്ങളുടെ ക്ഷേമ പെന്‍ഷനില്‍നിന്നും 100 രൂപ പിടിച്ച് മതില്‍ നിര്‍മ്മാണത്തിനായി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത വാര്‍ത്ത മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ വിതരണ ചുമതലയുള്ള സഹകരണ ബാങ്ക് ജീവനക്കാരെ ഉപയോഗിച്ചും പല മേഖലകളിലും വിധവകളുടേയും വയോധികരുടേയും അംഗപരിമിതരുടേയുമെല്ലാം ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത് വര്‍ഗീയ മതിലുണ്ടാക്കേണ്ട എന്തു സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ഭാരവാഹികള്‍ ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളും മതിലില്‍ അണിചേരുന്നതിനായി ട്രാന്‍സ്ഫര്‍ ഭീഷണിയുടെ പേരില്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. സ്വാതന്ത്ര്യാനന്തരം സി.പി.എം നടത്തുന്ന വലിയ തമാശയാണ് വനിതാ മതില്‍. നവോത്ഥാനമൂല്യങ്ങളെ പിച്ചിച്ചീന്തിയാണ് സര്‍ക്കാരും സി.പി.എമ്മും വനിതാ മതിലിനായി അണിനിരക്കുന്നത്. സവര്‍ണ-അവര്‍ണ വിടവ് വര്‍ദ്ധിപ്പിക്കാനും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനും ഉതകുന്നതാണ് വനിതാ മതില്‍. സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചതുപോലെ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് സി.പി.എം മതില്‍ കെട്ടുന്നത്.

ജാതി വിവേചനം തടയുന്നതിനും ലിംഗ സമത്വം നടപ്പാക്കുന്നതിനും വേണ്ടിയുള്ളതല്ല വനിതാ മതിലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. പി കെ ശശി എം എല്‍ എ ഡി വൈ എഫ് ഐ വനിതാ നേതാവിനെ പീഡിപ്പിച്ചതില്‍ കേസെടുത്ത് അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് സാറാ ജോസഫും വനിതാ മതിലില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു. സര്‍ക്കാരുമായി എല്ലാ കാര്യത്തിലും യോജിച്ചു പ്രവര്‍ത്തിച്ചിരുന്ന മഞ്ജു വാര്യര്‍ മതിലില്‍ പങ്കെടുക്കാത്തതിന് മന്ത്രിമാരടക്കമുള്ള സി പി എം നേതാക്കളുടെ പുലഭ്യം പറച്ചില്‍ കേരളം കേട്ടുകൊണ്ടിരിക്കുകയാണ്.

ജാതിയുടെയും മതത്തിന്റെയും ഉച്ചനീചത്വങ്ങളുടെയും വേലിക്കെട്ടുകളും മതില്‍ക്കെട്ടുകളും പൊളിച്ചുനീക്കി നവോത്ഥാനത്തിന്റെ പാത തുറന്നപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഏത് മൂല്യം സംരക്ഷിക്കപ്പെടാനാണ് വനിതാ മതില്‍ എന്നു മനസ്സിലാകുന്നില്ല. പുരുഷനും സ്ത്രീയും തമ്മിലുള്ളസമത്വം നിലവില്‍ വരണമെങ്കില്‍ ഈ ആശയം ആദ്യമേ തന്നെ ഭൂരിപക്ഷം ജനങ്ങളുടെ ബുദ്ധിയെ കീഴടക്കണം. നവോത്ഥാനമൂല്യങ്ങള്‍ ഭൂരിപക്ഷത്തിന്റെ ബുദ്ധിയെ ഗ്രസിക്കുമ്പോഴാണ് സാമൂഹ്യമാറ്റം സാധ്യമാകുക എന്ന തത്വചിന്തകരുടെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി എം.എല്‍.എമാര്‍ വരെ വനിതാ പ്രവര്‍ത്തകരെ പീഡിപ്പിച്ച കേസുകളില്‍ പ്രതികളായിരിക്കെ എങ്ങനെയാണ് സിപിഎം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയെന്നും നേതാക്കള്‍ ചോദിച്ചു.

ഈ മതില്‍ നിര്‍മ്മാണത്തിലൂടെ എങ്ങനെയാണ് സാമൂഹ്യപരിഷ്‌കരണം, നവോത്ഥാനം, സ്ത്രീ- പുരുഷ സമത്വം എന്നിവ കൈവരിക്കുക. വിദ്വേഷത്തിന്റെ മതിലുകള്‍ നിര്‍മ്മിക്കാനല്ല സ്നേഹത്തിന്റെ പാലം നിര്‍മ്മിക്കാനാണ് മതേതര വനിതാസംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞ. ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ സംഘടനാനേതാക്കള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ മതേതരത വനിതാ സംഗമത്തിന്  നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി. നസീമ ടീച്ചര്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗീതാ  കൃഷ്ണന്‍, ധന്യ സുരേഷ്, സീനത്ത് സതീശന്‍, ലക്ഷ്മി തമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, UDF, UDF's meet against CPM Vanitha Mathil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?