പെര്‍ത്ത് ടെസ്റ്റില്‍ ഓസിസിനെതിരെ 287 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് മറുപടി ബാറ്റിംഗില്‍ തകര്‍ച്ച

പെര്‍ത്ത്: (www.kvartha.com 17.12.2018) ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്കു രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (പൂജ്യം), വിശ്വസ്തനായ ചേതേശ്വര്‍ പൂജാര (നാല്) എന്നിവരാണ് പുറത്തായത്.

നാലാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ രണ്ടു വിക്കറ്റിന് 15 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ മുരളി വിജയ് 16 റണ്‍സോടെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലി 10 റണ്‍സെടുത്തും ക്രീസിലുണ്ട്. നാലാം ദിനത്തിലെ അവസാന സെഷനും അഞ്ചാം ദിനം പൂര്‍ണമായും കളി ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 272 റണ്‍സ് കൂടി വേണം. കയ്യിലുള്ളത് എട്ടു വിക്കറ്റും.

 India vs Australia Live Score, 2nd Test Day 4: Virat Kohli, Murali Vijay Steady India After Early Losses, Cricket, Sports, Virat Kohli, Australia, World.

എത്ര കിട്ടിയാലു പഠിക്കില്ല എന്ന പ്രഖ്യാപനത്തോടെയാണ് പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ച് ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍നിന്ന് അര്‍ധമനസ്സോടെ ബാറ്റുവലിച്ച രാഹുല്‍ വിക്കറ്റ് ബലികഴിച്ച് മടങ്ങുമ്പോള്‍ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നില്ല. നാലാം ഇന്നിങ്‌സില്‍ 287 റണ്‍സ് നേടി മത്സരം സ്വന്തമാക്കാന്‍ മികച്ച തുടക്കം വേണ്ടിയിരുന്ന ഇന്ത്യയ്ക്ക്, രാഹുലിന്റെ ഉത്തരവാദിത്തരഹിതമായ 'പ്രകടനം' സമ്മാനിച്ചത് മോശം തുടക്കം.

തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാരയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷയത്രയും. ഹെയ്‌സല്‍വുഡിനെ ബൗണ്ടറിയടിച്ച് പൂജാര മികച്ച തുടക്കമിടുകയും ചെയ്തു. എന്നാല്‍, ഇന്ത്യയുടെ ആ മില്യന്‍ ഡോളര്‍ വിക്കറ്റ് ഒടുവില്‍ ഹെയ്‌സല്‍വുഡ് തന്നെ പോക്കറ്റിലാക്കി. 11 പന്തില്‍ നാലു റണ്‍സെടുത്ത പൂജാരയെ ഹെയ്‌സല്‍വുഡ് ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചു. ശേഷിക്കുന്ന താരങ്ങളില്‍നിന്ന് അമാനുഷ പ്രകടനങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഈ മല്‍സരത്തില്‍ ഇന്ത്യയുടെ വിധി വ്യക്തം. രണ്ടാം ടെസ്റ്റില്‍ തോല്‍വി.

നേരത്തെ, ഉച്ചഭക്ഷണത്തിനുശേഷം വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ ഓസീസിനെ 243 റണ്‍സിന് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയില്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഓസ്‌ട്രേലിയയ്ക്ക് 53 റണ്‍സിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകള്‍ നഷ്ടമായത്. 207 റണ്‍സിനിടെ ഒന്‍പതു വിക്കറ്റ് നഷ്ടമാക്കിയ ഓസീസിന് 10-ാം വിക്കറ്റില്‍ ഹെയ്‌സല്‍വുഡ് - മിച്ചല്‍ സ്റ്റാര്‍ക്ക് സഖ്യം കൂട്ടിച്ചേര്‍ത്ത 36 റണ്‍സാണ് മികച്ച ലീഡ് സമ്മാനിച്ചത്. ആറാം വിക്കറ്റില്‍ ഖവാജ- പെയ്ന്‍ സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെയാണ് ഓസീസ് തകര്‍ന്നടിഞ്ഞതെന്നും ശ്രദ്ധേയം.

കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ പേസ് ബോളര്‍ മുഹമ്മദ് ഷമിയാണ് ഉച്ചഭക്ഷണത്തിനു പിന്നാലെ ഓസീസ് നിരയില്‍ അപ്രതീക്ഷിത നാശം വിതച്ചത്. ഷമി 24 ഓവറില്‍ 56 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശര്‍മ ഒന്നും വിക്കറ്റ് സ്വന്തമാക്കി. ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ ടിം പെയ്‌നെ പുറത്താക്കിയാണ് ഷമിയുടെ 'അഴിഞ്ഞാട്ടം' ആരംഭിച്ചത്.

116 പന്തില്‍ നാലു ബൗണ്ടറി സഹിതം 37 റണ്‍സെടുത്ത പെയ്‌നെ വിരാട് കോഹ്ലി ക്യാച്ചെടുത്തു പുറത്താക്കി. മത്സരത്തിലുടനീളം പെയ്‌നുമായി കോര്‍ത്ത കോഹ്ലിക്ക് മധുര പ്രതികാരം. തലേന്ന് ഷമിയുടെ പന്തില്‍ വിരലിനു പരിക്കേറ്റ് തിരികെപ്പോയ ആരോണ്‍ ഫിഞ്ചിന്റെ ഊഴമായിരുന്നു അടുത്തത്. തൊട്ടടുത്ത പന്തില്‍ ഫിഞ്ചിനെ ഷമി ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തലേന്നത്തെ അതേ സ്‌കോറില്‍ ഫിഞ്ചിനു മടക്കം.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കണ്ടെത്തിയ ഷമി ഓസീസിനെ കനത്ത നാശത്തിലേക്കു തള്ളിവിട്ടു. നങ്കൂരമിട്ട് ഇന്ത്യന്‍ ബോളിങ്ങിനെ വെല്ലുവിളിച്ച ഉസ്മാന്‍ ഖവാജയെ പുറത്താക്കി ഷമി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 213 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 72 റണ്‍െസടുത്ത ഖവാജയെയും ഷമിയുടെ പന്തില്‍ പന്ത് ക്യാച്ചെടുത്തു മടക്കി.

പരമ്പരയില്‍ ഉടനീളം ഭേദപ്പെട്ട പ്രതിരോധം കാഴ്ചവച്ചിട്ടുള്ള പാറ്റ് കമ്മിന്‍സിനെ നിലയുറപ്പിക്കും മുന്‍പ് ബുമ്ര മടക്കിയതോടെ ഓസീസിന്റെ പിടിവിട്ടു. ആറു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത കമ്മിന്‍സ് ബുമ്രയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ബൗണ്ടറിയടിച്ച് തുടക്കമിട്ട നേഥന്‍ ലയണിനെ വിഹാരിയുടെ കൈകളിലെത്തിച്ച് ഷമി വീണ്ടും ആഞ്ഞടിച്ചു. 10 പന്തില്‍ അഞ്ചു റണ്‍സുമായി ലയോണും കൂടാരം കയറി.

10-ാം വിക്കറ്റില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയ ഹെയ്‌സല്‍വുഡ്- സ്റ്റാര്‍ക്ക് സഖ്യം ഓസീസിന് മികച്ച സ്‌കോര്‍ ഉറപ്പാക്കി. 29 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 14 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ പുറത്താക്കി ബുമ്രയാണ് ഓസീസ് ഇന്നിങ്‌സിന് വിരാമമിട്ടത്. ഹെയ്‌സല്‍വുഡ് 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 17 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ, നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിനെ തുടക്കത്തില്‍ത്തന്നെ ഇഷാന്ത് വിറപ്പിച്ചെങ്കിലും ആദ്യ ഓവറുകളില്‍ത്തന്നെ രണ്ടു ക്യാച്ചുകള്‍ നഷ്ടമാക്കിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. മൂന്നാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ ഉസ്മാന്‍ ഖവാജയാണ് ഓസീസിനെ താങ്ങിനിര്‍ത്തിയത്.

മാര്‍ക്കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (അഞ്ച്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (13), ട്രാവിസ് ഹെഡ് (19) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ ഓസീസ് താരങ്ങള്‍. ഹാരിസിനെ ബുമ്രയും ഹാന്‍ഡ്‌സ്‌കോംബിനെ ഇഷാന്ത് ശര്‍മയും മാര്‍ഷ്, ഹെഡ് എന്നിവരെ മുഹമ്മദ് ഷമിയുമാണ് പുറത്താക്കിയത്.

Keywords: India vs Australia Live Score, 2nd Test Day 4: Virat Kohli, Murali Vijay Steady India After Early Losses, Cricket, Sports, Virat Kohli, Australia, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?