16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

കാസര്‍കോട് (www.evisionnews.co): പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ കോടതി 20വര്‍ഷം കഠിന തടവിനും ലക്ഷം രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. കേസിലെ ഒന്നാംപ്രതി വിധി കേട്ടിട്ടും കൂസലില്ലാതെ നിന്നപ്പോള്‍ രണ്ടാംപ്രതി വിതുമ്പിക്കരഞ്ഞു. ഓട്ടോ ഡ്രൈവര്‍ ബദിയടുക്ക ബാറടുക്കയിലെ എ. ഇബ്രാഹിം ഖലീല്‍ (30), സുഹൃത്ത് ബീജന്തടുക്കയിലെ ബി.എ ഖാലിദ് (30) എന്നിവരെയാണ് 20 വര്‍ഷം വീതം കഠിന തടവിന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇബ്രാഹിം ഖലീലിന് തട്ടിക്കൊണ്ടുപോകലിന് അഞ്ചു വര്‍ഷം തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

2013 ജൂലൈ 15ന് രാവിലെ 8.30മണിയോടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇബ്രാഹിം ഖലീല്‍ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും ബീജന്തടുക്കയിലെ ആളൊഴിഞ്ഞ വീട്ടില്‍വെച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇബ്രാഹിം ഖലീല്‍ സുഹൃത്ത് ഖാലിദിനെ ഫോണില്‍ വിളിച്ചുവരുത്തി. ഇതോടെ ഖാലിദും ഇവിടെയെത്തി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടിയെ വൈകിട്ട് മറ്റൊരു ഓട്ടോയില്‍ കയറ്റി വീട്ടില്‍ വിടുകയായിരുന്നു. കാസര്‍കോട് സി.ഐമാരായിരുന്ന സി.കെ സുനില്‍ കുമാര്‍, പ്രേംസദന്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍ സി.ഐ ഡോ. ബാലകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ എന്നിവര്‍ ഹാജരായി. ബുധനാഴ്ച വൈകിട്ടാണ് ശിക്ഷപ്രഖ്യാപിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് ഇബ്രാഹിം ഖലീല്‍ വിധി പ്രസ്താവം കേട്ടത്. എന്നാല്‍ രണ്ടാം പ്രതി ഖാലീദ് വിധി കേട്ടയുടന്‍ തന്നെ വിതുമ്പിക്കരഞ്ഞു. തന്റെ ഒരു സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചെന്നും മറ്റൊരു സഹോദരന്‍ മാരകരോഗം ബാധിച്ച് കിടപ്പിലായെന്നും ഇതിന്റെ ആഘാതത്തില്‍ പിതാവ് മരണപ്പെട്ടുവെന്നും ഖാലിദ് കോടതിയെ ധരിപ്പിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യാതൊരു ദയയുമില്ലാതെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും പരമാവധി ശിക്ഷനല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇതോടെ പീഡനക്കേസില്‍ ഡല്‍ഹി നിര്‍ഭയ കേസിന് ശേഷം ഭേദഗതി ചെയ്ത കടുത്ത ശിക്ഷ കേരളത്തില്‍ ആദ്യമായി പ്രഖ്യാപിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?