രാജ്യത്തെ പൗരന്‍മാര്‍ നിരീക്ഷണത്തില്‍; ഏത് കംപ്യൂട്ടറിലും മൊബൈലിലും നുഴഞ്ഞു കയറാന്‍ സിബിഐ ഉള്‍പ്പെടെ 10 ഏജന്‍സികള്‍ക്ക് അധികാരം

ന്യൂഡല്‍ഹി: (www.kvartha.com 21.12.2018) രാജ്യത്തെ ഏതു കംപ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. എന്‍ഐഎ, സിബിഐ, ഐബി തുടങ്ങി 10 ഏജന്‍സികള്‍ക്കാണ് ഡേറ്റ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറക്കിയത്. അതേസമയം, ഇക്കാര്യം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

രഹസ്യാന്വേഷണ ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീര്‍, വടക്കു-കിഴക്കന്‍ മേഖല, അസം), ഡെല്‍ഹി പോലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കാണ് ഈ അധികാരം നല്‍കിയത്.

10 central agencies can now snoop on "any" computer they want, New Delhi, News, Politics, Technology, Probe, CBI, Lok Sabha, Protesters, Controversy, Criticism, National.

ഐടി ആക്ട് 2000ന്റെ കീഴില്‍ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജന്‍സികള്‍ക്കു വിപുലമായ അധികാരം നല്‍കിയത്. കംപ്യൂട്ടറുകളില്‍നിന്നുള്ള വിവരങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ ഉത്തരവ്. നേരത്തെ ആഭ്യന്തര സെക്രട്ടറിയുടെ അനുവാദം വാങ്ങി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വ്യക്തികളുടെ ടെലിഫോണ്‍ കോള്‍ നിരീക്ഷിക്കാന്‍ അധികാരം കൊടുത്തിരുന്നു. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനായി 2011ലും ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു.

ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജന്‍സികള്‍ക്കു ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്. മുന്‍പ് മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ഡേറ്റ പരിശോധിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ശേഖരിച്ചുവച്ചതും നിര്‍മിച്ചതുമായ ഏതു വിവരവും ഈ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇതോടെ, ഫോണ്‍ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം. രഹസ്യാന്വേഷണ വിഭാഗത്തിനു ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഇതുവരെ നല്‍കിയിട്ടില്ലായിരുന്നു.

അവര്‍ സംസ്ഥാന പോലീസ് സേനയുമായി ചേര്‍ന്നാണു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഇതില്‍ മാറ്റം വന്നുവെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ ഏഴുവര്‍ഷം വരെ തടവോ പിഴയോ ലഭിക്കും. അതേസമയം രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്ന വിധത്തില്‍ പുറത്തിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം പുകയുന്നു.

നിലവില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരാളുടെ കംപ്യൂട്ടര്‍ രേഖകള്‍ പരിശോധിക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ ഇനി മുതല്‍ കോടതിയുടെ അനുമതിയില്ലാതെ തന്നെ ആരുടെയും കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാനും വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയും.

ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനുമതിയില്ലാതെ ആരുടെയും കംപ്യൂട്ടറിലേക്ക് നുഴഞ്ഞുകയറാമെന്നത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാമെന്നതും തള്ളിക്കളയാനാവില്ല. ഐ.ടി നിയമത്തിലെ 69(1) വകുപ്പ് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്ന വാദവും ഉയരുന്നുണ്ട്.

അതേസമയം, ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിഷയം പാര്‍ലമെന്റില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരെ ക്രിമിനലുകളെപ്പോലെ കരുതുന്നത് എന്തിനാണെന്നായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 10 central agencies can now snoop on "any" computer they want, New Delhi, News, Politics, Technology, Probe, CBI, Lok Sabha, Protesters, Controversy, Criticism, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?