അധ്യാപകനെതിരെ മൊഴി നല്‍കി മറ്റൊരു വിദ്യാര്‍ത്ഥിനിയും; സ്‌കൂള്‍ പീഡനക്കേസില്‍ ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

മലപ്പുറം: (www.kvartha.com 28.11.2018) സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ മൊഴി നല്‍കി മറ്റൊരു വിദ്യാര്‍ത്ഥിനിയും രംഗത്ത്. ഇതോടെ മലപ്പുറം സ്‌കൂള്‍ പീഡനക്കേസില്‍ ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം എച്ച്എസ്എസിലെ ഉറുദു അധ്യാപകന്‍ എന്‍ കെ അഫ്‌സല്‍ റഹ് മാനെതിരെയാണ് ഒരു പെണ്‍കുട്ടികൂടി മൊഴി നല്‍കിയത്.

ഇയാള്‍ യൂത്ത് ലീഗ് നേതാവാണെന്നും കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ സജീവമാണെന്നും ആരോപണമുണ്ട്. ഇതിനിടെ ഒരു പെണ്‍കുട്ടിയ പരാതി പിന്‍വലിച്ചിരുന്നു. ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതെന്ന് പറയുന്നു. അഫ്‌സലിനെതിരെ പരാതി നല്‍കിയതിന് മറ്റൊരധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ കുട്ടികളില്‍ ഒരാളാണ് തനിക്ക് പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചത്.

സംരക്ഷിക്കാന്‍ ബാധ്യതയുള്ളയാള്‍ ദുരുദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് പോക്‌സോ നിയമത്തിലെ 9, 10 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്. കേസ് അട്ടിമറിനീക്കം പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നുണ്ട്.

സ്‌കൂള്‍ മാനേജരുടെ അടുത്ത ബന്ധുവായ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്ന് മൂന്ന് കുട്ടികളാണ് പരാതി നല്‍കിയത്. അഫ്‌സല്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന 19 വിദ്യാര്‍ഥിനികളുടെ പരാതി ശനിയാഴ്ച പ്രിന്‍സിപ്പല്‍ കൈമാറിയതിനെ തുടര്‍ന്നാണ് പോലീസ് നടപടിയാരംഭിച്ചത്. അന്നുതന്നെ ഒരു കുട്ടി മൊഴിനല്‍കിയതോടെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.

അതിനിടെ ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റ് നിയമവിരുദ്ധമായി പങ്കെടുത്ത് പിടിഎ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത് വലിയ വിവാദമായി. പ്രതിക്കനുകൂലമായി മൊഴി മാറ്റിപ്പറയാന്‍ സാഹചര്യമൊരുക്കുന്നതിനാണ് പ്രസിഡന്റ് യോഗത്തിനെത്തിയതെന്നാണ് ആരോപണം. പ്രതിഷേധിച്ചെത്തിയ കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡയറക്ടറെ ഫോണില്‍ വിളിച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പഞ്ചായത്ത് പ്രസിഡന്റ് പിടിഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ആറിന് സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ക്യാമ്പില്‍ മറ്റൊരു സ്‌കൂളില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി അഫ്‌സല്‍ റഹ് മാന്‍ ഉപദ്രവിച്ചെന്നാണ് പ്രധാന ആക്ഷേപം. ഈ കുട്ടി പരാതി നല്‍കിയില്ലെങ്കിലും സംഭവം അറിഞ്ഞതോടെ മറ്റ് വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തുകയായിരുന്നു.



Keywords: Kerala, Malappuram, News, Teacher, Molestation, Girl students, Complaint, School molestation: POCSO case registered against teacher 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?