സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യമൊരുക്കും, എല്ലാ മെഡിക്കല്‍ കോളജുകളിലും അവയവ മാറ്റ ശസ്ത്രക്രിയ: മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 25.11.2018) കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളേയും അവയവ മാറ്റ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിന് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹൃദയം, കരള്‍ എന്നിവ മാറ്റി വയ്ക്കുന്നതിനും ആധുനികമായ ഹൃദയ ശസ്ത്രക്രിയകള്‍ക്കും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലയിടത്ത് ഹൃദയം മാറ്റിവയ്ക്കല്‍ തന്നെ നടന്നു കഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കലും കരള്‍ മാറ്റിവയ്ക്കലും നടക്കുന്നുണ്ട്. ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടക്കുന്ന സൗകര്യങ്ങളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒരുങ്ങുന്നത്. കാന്‍സര്‍ രോഗങ്ങള്‍ക്കും ഫലപ്രദമായ മികച്ച ചികിത്സ സൗകര്യങ്ങളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ തയ്യാറാകുന്നത്. നിലവില്‍ തിരുവനന്തപുരം ആര്‍സിസി യിലും മലബാര്‍ കാന്‍സര്‍ സെന്ററിലുമാണ് മികച്ച കാന്‍സര്‍ ചികിത്സ സംസ്ഥാനത്ത് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ ആതുരശുശ്രുഷ രംഗം വലിയ മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ  ഏതൊരു സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയോടും കിടപിടക്കുന്ന രീതിയിലാണ് മെഡിക്കല്‍ കോളജുകള്‍ സജ്ജമാക്കുന്നത്. അത്തരം എല്ലാ ആധുനിക  സൗകര്യങ്ങളും വ്യത്യസ്തമായ ഡിപ്പാര്‍ട്ട്മെന്റുകളും അടങ്ങിയതുമാകും നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍കോളജുകള്‍.

ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗി സൗഹൃദമാക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ആശുപത്രികളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്ടറെ കണ്ടു മടങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ ഇതോടെ ലളിതമായി. ഏതു ഡോക്ടറെ ഏതു സമയത്തു കാണാമെന്ന് രോഗിക്ക് മുന്‍ കൂട്ടി അറിയാന്‍ കഴിയും.

ജില്ലാ ആശുപത്രികള്‍ കാത്ത് ലാബ് സൗകര്യങ്ങളോടെ മികച്ച കേന്ദ്രങ്ങളായി മാറുകയാണ്. 28 താലൂക്ക് ആശുപത്രികള്‍ രോഗി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ജനങ്ങള്‍ പെട്ടന്ന് എത്തിച്ചേരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുകയാണ്. 155 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി കഴിഞ്ഞു. ഇനി 503 കേന്ദ്രങ്ങളെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തും. ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമൃതം ആരോഗ്യം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഇവ പരിശോധിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പാക്കിയത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ആരോഗ്യമേഖലയില്‍ 830 തസ്തികകള്‍ പുതിയതായി അനുവദിച്ചു.  ഇത് സംസ്ഥാന ചരിത്രത്തില്‍ റിക്കാര്‍ഡ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Pinarayi-Vijayan, Will facilitate Super specialty service in Govt. medical colleges: says CM
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?