ഇന്ത്യ ഒരു രാഷ്ട്രത്തിന്റെ പേരാണ്, അതൊരു മഹാദുരന്തത്തിന്റെ പേരാകാതിരിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്

മഞ്ചേശ്വരം: (www.kvartha.com 24.11.2018) പി ബി അബ്ദുര്‍ റസാഖിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന വടക്കിന്റെ മണ്ണിനെ പച്ചപുതപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് അത്യുജ്വല തുടക്കം. വൈകിട്ട് നാല് മണിക്ക് മഞ്ചേശ്വരം ഉദ്യാവറില്‍ നിന്ന് പ്രയാണമാരംഭിച്ച യുവജനയാത്ര പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു. ജാഥാ നായകനും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അടക്കമുള്ള നേതാക്കള്‍ പുലര്‍ച്ചെ തന്നെ കാസര്‍കോട്ടെത്തിയിരുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊതുസമ്മളനത്തില്‍ നേതാക്കള്‍ ആഞ്ഞടിച്ചു. ഒരുകാലത്ത് ഹിന്ദുവിന്റെയും മുസല്‍മാന്റെയും കൃസ്ത്യാനിയുടെയും തുടങ്ങി മറ്റനേകം മതസ്ഥരുടെ ഇന്ത്യയെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബിജെപിയുടെ വര്‍ഗീയ നിലപാടിനെ തുറന്നുകാട്ടുന്നതായിരുന്നു ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പ്രസംഗം. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വര്‍ഗീയ നിലപാടിനെ ജനങ്ങള്‍ വലിച്ചെറിയുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ പടുത്തുയര്‍ത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ഫിറോസ് പറഞ്ഞു.



ലോകപ്രശസ്ത തത്വചിന്തകനായ ജീന്‍ പോള്‍ സാര്‍തൃ ഫ്രാന്‍സിനെ കുറിച്ച് പറഞ്ഞൊരു വാചകമുണ്ട്. ''ഫ്രാന്‍സ് ഒരു രാഷ്ട്രത്തിന്റെ പേരായിരുന്നു. അതൊരു ദുരന്തത്തിന്റെ പേരാകാതിരിക്കാന്‍ നമുക്കൊന്നായി പ്രയത്‌നിക്കാം''. മോദിയുടെ ഇന്ത്യയ്ക്ക് ചേരുന്ന ഇതിലും നല്ല വാചകമുണ്ടോ എന്ന് എനിക്കറിയില്ല. ഇന്ത്യ ഒരു രാഷ്ട്രത്തിന്റെ പേരാണെങ്കില്‍ അതൊരു മഹാദുരന്തത്തിന്റെ പേരാകാതിരിക്കാനുള്ള പടപ്പുറപ്പാടാണ് മുസ്ലിം യൂത്ത് ലീഗിന്റെ യുവജനയാത്ര. പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന മന്ത്രിസഭയിലെ സ്വജനപക്ഷപാതത്തെയും ഫിറോസ് വിമര്‍ശിച്ചു. ആരോപണം നേരിടുന്ന മന്ത്രിമാരെ സംരക്ഷിക്കുന്ന നാണംകെട്ട നിലപാടാണ് കേരള മുഖ്യമന്ത്രി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതു മന്ത്രിമാരുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് യൂത്ത് ലീഗെന്നും വരുംനാളുകളില്‍ അതിന്റെ ഫലം കണ്ടുതുടങ്ങുമെന്നും ഫിറോസ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

പദയാത്രയുടെ ഉത്ഘാടകന്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, അബ്ദുസ്സമദ് സമദാനി, ഡോ. എം കെ മുനീര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍, കെ എം ഷാജി, സി കെ സുബൈര്‍ എന്നീ നേതാക്കന്മാരും പരിപാടിയില്‍ സംബന്ധിച്ചു.

'വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം' എന്ന പ്രമേയത്തിലാണ് യൂത്ത് ലീഗ് യുവജന യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ജാഥ ക്യാപ്റ്റന്‍. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സിറാജ് സേട്ട്, യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.

Keywords: Kerala, News, kasaragod, Muslim-youth-League, March, Politics, Firoz, Muslim-League, PK Firoz against Central-state govt. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?