കെ ടി ജലീല്‍ മിക്കവാറും മാറി നില്‍ക്കേണ്ടി വരുമോ? ആരോപണത്തിനു പിന്നില്‍ ലീഗിന്റെ പകയും

തിരുവനന്തപുരം: (www.kvartha.com 03.11.2018) ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജിക്ക് സര്‍ക്കാരില്‍ സമ്മര്‍ദം. മിക്കവാറും മന്ത്രി മാറി നില്‍ക്കേണ്ടി വരും എന്നാണ് സൂചന. ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറായി ബന്ധുവിനെ നിയമിച്ച സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം ഭാഗികമായി ശരിവയ്ക്കുന്ന ഫേസ്ബുക് പോസ്റ്റ് മന്ത്രിതന്നെ പോസ്റ്റ് ചെയ്ത സാഹചര്യത്തില്‍ രാജിയല്ലാതെ വേറെ വഴിയില്ലെന്നാണത്രേ പൊതുവികാരം.

യൂത്ത് ലീഗ് ആരോപണം ലീഗ് നേരിട്ടും പ്രതിപക്ഷവും ബിജെപിയും ഏറ്റെടുത്ത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ നിന്നുകൊടുക്കുന്നതില്‍ മുഖ്യമന്ത്രിക്കും താല്‍പര്യമില്ലെന്നാണ് സൂചന. 26നു നിയമസഭാ സമ്മേളനം ചേരാനിരിക്കെ അതിനു മുമ്പ് പ്രശ്‌നപരിഹാരത്തിനാണ് ശ്രമം. അതിനു മുന്നോടിയായി മന്ത്രിയുടെ ബന്ധുവിനെ ഉടനേതന്നെ ആ സ്ഥാനത്തു നിന്ന് മാറ്റിയേക്കും.

Muslim League Targeting K T Jaleel as their political enemy, Thiruvananthapuram, News, Politics, Religion, LDF, Controversy, Facebook, post, Resignation, Kerala.

അതുകൊണ്ടുമാത്രം വിവാദം അവസാനിക്കാനിടയില്ല. മന്ത്രി രാജിവയ്ക്കുക മാത്രമേയുള്ളൂ പോംവഴി എന്ന മട്ടിലാണ് പ്രതിപക്ഷ നേതാക്കളുടെ സ്വരം. അതേസമയം, മുന്‍ യൂത്ത് ലീഗ് നേതാവും പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റുപ്പുറത്ത് പരാജയപ്പെടുത്തിയ ആളുമായ ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കിട്ടിയ അവസരം എന്ന നിലയിലാണ് ലീഗ് ഈ വിഷയത്തെ കാണുന്നത്.

അതുകൊണ്ടുതന്നെ സിപിഎമ്മും മുഖ്യമന്ത്രിയും ഒറ്റയടിക്കൊരു തീരുമാനമെടുക്കാനും മടിക്കുന്നുണ്ട്. ഇ പി ജയരാജന്റെ കാര്യത്തിലെപ്പോലെ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ മന്ത്രി മാറി നിന്ന് അന്വേഷണം നേരിടുകയും ചെയ്യുക എന്നൊരു ആലോചനയുണ്ട്. സാമ്പത്തിക അഴിമതി യൂത്ത് ലീഗും ആരോപിച്ചിട്ടില്ല.

സ്വജനപക്ഷപാതമാണ് ആരോപണം. അത് നിലില്‍ക്കില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ തിരിച്ചു വരാം എന്നാണ് ഇപ്പോള്‍ മന്ത്രി മാറി നില്‍ക്കണം എന്നു ചിന്തിക്കുന്ന ഇടതു നേതാക്കളുടെ നിലപാട് എന്നാണു വിവരം. മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് മന്ത്രി കെ ടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉന്നയിച്ചത്.

ജലീലിന്റെ മറുപടി ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു:

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി


എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കള്‍ക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ മറ്റേതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയവും നിലവില്‍ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വേണ്ടിയാണ് 2016 സെപ്തംബര്‍ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ കോര്‍പ്പറേഷന്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് എം ബി എ അല്ലെങ്കില്‍ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവര്‍ഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 26.10.2016 ന് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നു പേര്‍ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാല്‍ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോര്‍പ്പറേഷന് ആവശ്യമായി വന്നതിനാല്‍ നേരത്തെ നല്‍കിയ ഏഴു അപേക്ഷകള്‍ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരില്‍ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

കഥാപുരുഷനായ അദീപ് നിലവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ഓഫീസില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷനിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഇന്റര്‍വ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോര്‍പ്പറേഷന് ധനകാര്യ സ്ഥാപനങ്ങളില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തല്‍ക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നുള്ള NOC ഉള്‍പ്പടെ അനുബന്ധമായി ചേര്‍ത്ത് അപേക്ഷ നല്‍കുന്നത്.

പ്രസ്തുത അപേക്ഷ എം.ഡി 11.9.2018 ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തയച്ചു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂള്‍ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജര്‍ എന്ന തസ്തികയില്‍ ലഭ്യമാകുന്ന അതേ ശമ്പളവും അലവന്‍സും അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കി ഉത്തരവാവുകയും ചെയ്തു. മേല്‍ നിയമപ്രകാരം സര്‍ക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ അധികാരമുണ്ട് താനും.

നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാള്‍ക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തില്‍ ഞാന്‍ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സില്‍ബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു.

വാര്‍ത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലന്‍സ് കോടതിയില്‍ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേര്‍ത്തൊന്ന് പറഞ്ഞാല്‍ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗില്‍ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്.

അതില്‍ ഒരാളാണ് എന്റെ അനുജ സഹോദരന്‍ ഫിറോസ്. ജലീല്‍ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗില്‍ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ ഫിറോസിന് നന്ന്. അപവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും അല്‍പായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muslim League Targeting K T Jaleel as their political enemy, Thiruvananthapuram, News, Politics, Religion, LDF, Controversy, Facebook, post, Resignation, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?