അവള്‍ പ്രവാസിയാണ്... ഇത് നാട്ടുകാരുടെയും വീട്ടുകാരുടെയും പുച്ഛിച്ചുതള്ളലിലും പിടിച്ചുനിന്ന് ജീവിച്ചു കാണിച്ചു കൊടുത്ത യുവതിയുടെ കദന കഥ

കുക്കാനം റഹ് മാന്‍

(www.kvartha.com 06.11.2018) പ്രതിസന്ധികളെ തരണം ചെയ്യാനുളള ശക്തി സ്ത്രീകള്‍ക്കുണ്ട്. അടിച്ചമര്‍ത്തപ്പെടുമ്പോഴും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവര്‍ക്കാകും. പലപ്പോഴും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെയാണ് പാരയാകുന്നത്. പക്ഷേ അത് പുരുഷനുവേണ്ടി സ്ത്രീ ചെയ്യുന്ന പ്രവൃത്തിയായിരിക്കും. സ്ത്രീക്കെതിരെ പുരുഷന്‍ നടത്തുന്ന പീഡനങ്ങളേക്കാളേറെ സ്ത്രീക്കെതിരെ സ്ത്രീ നടത്തുന്ന മനസിക- ശാരീരികപീഡനങ്ങള്‍ അവരെ കുടുതല്‍ വിഷമവ്യത്തത്തിലാക്കും. തന്റെ ഭാഗം ശരിയാണെന്ന് സ്വയം ബോധ്യമുള്ള സ്ത്രീകള്‍ അവരുടെ നേരെ ഉയരുന്ന വെല്ലുവിളികളെ സധൈര്യം നേരിടും.

അരോചകമായ അപവാദങ്ങള്‍ പറഞ്ഞുപരത്തിയതും സ്വഭാവദുഷ്യങ്ങള്‍ ആരോപിച്ചതും മറ്റും അനുഭവിച്ചറിഞ്ഞ ഒരു സ്ത്രീയുടെ ഹൃദയവേദന അവള്‍ ഓര്‍ക്കുകയാണ്. അവളുടെ വിവാഹത്തിന് അല്‍പം പ്രണയവും കുട്ടുണ്ടായിരുന്നു. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരന്‍. അമ്മയുടെ ഏകമകന്‍. ഇതൊക്കെ കണ്ടിട്ടാവാം അവളില്‍ പ്രണയത്തിനപ്പുറം സ്വാര്‍ത്ഥതയും കുട്ടിനുണ്ടായത്. അവന്റെ അമ്മയെ സ്വാധീനിച്ചാല്‍ എല്ലാം നടക്കുമെന്നവള്‍ക്കറിയാം. വ്യക്തികളുടെ ദൗര്‍ബ്ബല്യങ്ങള്‍ കണ്ടറിയാനും, അതിലവരെ വീഴ്ത്താനും പ്രാവിണ്യം നേടിയ പെണ്‍കുട്ടിയാണ് അവളെന്ന് സംഭാഷണത്തില്‍ എനിക്ക് ബോധ്യമായി.
Article, Kookanam-Rahman, Woman, She is a Expatriate; Story by Kookkanam Rahman

അവള്‍ വിവാഹതയായി. സൗന്ദര്യ ബോധവും, ഫാഷന്‍ രീതികളും അഗ്രഹിക്കുന്നവളായിരുന്നു അവള്‍. സമൂഹത്തിലെ വ്യക്തികളുമായി ഇടപഴകാനും, സാധാരണയില്‍ കവിഞ്ഞരീതിയില്‍ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാനും കഴിവുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. അയാളെകുറിച്ചും, അമ്മയെക്കുറിച്ചും കൂടുതല്‍ പഠിക്കാതെയാണ് വിവാഹത്തിലേക്ക് കാലെടുത്തു വെച്ചത്. പല പെണ്‍കുട്ടികള്‍ക്കും സംഭവിക്കുന്ന ഒരു തെറ്റാണിത്. പുറംമോടിയില്‍ ആകൃഷ്ടരാവുകയും, ഏക മകനെന്നോ, മകളെന്നോ ഉള്ള കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കുകയും ചെയ്ത പല പെണ്‍കുട്ടികളും അപകടത്തില്‍ ചെന്നുചാടിയിട്ടുണ്ട്.

വിവാഹിതയായി ഏറെ നളുകള്‍ പിന്നിടും മുമ്പേ അവളുടെ മോഹങ്ങള്‍ ഒരോന്നായി വീണുടയാന്‍ തുടങ്ങി. അമ്മായി അമ്മയുടെ ഭഗത്തുനിന്നാണ് പ്രയാസം തോന്നുന്ന സമീപനങ്ങള്‍ ഉണ്ടായത്. തനിക്കു കിട്ടേണ്ട പരിഗണനയും സ്‌നേഹവും അവന്‍ പങ്കിടാന്‍ തുടങ്ങി എന്ന ചിന്ത അമ്മായി അമ്മയുടെ മനസില്‍ അഹങ്കരിച്ചു തുടങ്ങി. അതിനായി മകനെ സ്വന്തം വരുതിയില്‍ വരുത്താന്‍ അവളെ കുറ്റപ്പെടുത്താന്‍ ആരംഭിച്ചു. അമ്മ പറയുന്നത് എല്ലാം ശരിയായിരിക്കുമെന്ന് അവനും ധരിച്ചു.

അവള്‍ അകന്നബന്ധുക്കളായ ആണുങ്ങളുടെ കൂടെ ബൈക്കിലും മറ്റും യാത്ര ചെയ്യുന്നു എന്ന പ്രശ്‌നമാണ് അമ്മ അവന്റെ മുമ്പിലേക്കിട്ട ആദ്യ പരാതി. അവന്‍ അക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു തവണ അവന്റെ ശ്രദ്ധയിലും ഇക്കാര്യം പെട്ടു. രാത്രി അതേക്കുറിച്ച് പ്രശ്‌നമായി. പരസ്പരം വഴക്കും വക്കാണവുമായി. ഇനി ഇതാവര്‍ത്തിക്കില്ലായെന്ന അവളുടെ വാക്കുമൂലം ആ പ്രശ്‌നം അവസനിച്ചു. യഥാര്‍ത്ഥത്തില്‍ ആ യാത്രയിലോ, അല്ലാതെയോ അവളുടെ ഭാഗത്തുനിന്നോ, ബന്ധുക്കളായ പുരുഷന്മാരുടെ ഭാഗത്തു നിന്നോ യതൊരുവിധ തെറ്റായ സമീപനമുണ്ടായിട്ടില്ലാ എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും കുറ്റപ്പെടുത്തലുകളില്‍ സുഖം കണ്ടെത്തുന്നവര്‍ക്ക് ഇങ്ങനെയെക്കെ ചെയ്യണം.

ഏകമകന്‍ എന്ന പരിഗണന വെച്ച് അവന്റെ തെറ്റുകള്‍ക്കെല്ലാം അമ്മ കൂട്ടുനിന്നു. കുട്ടുകാരൊത്ത് മദ്യസേവ തുടങ്ങിയപ്പേള്‍, അവനെ പിന്തിരിപ്പിക്കാനുള്ള ശ്രമം അമ്മ നടത്തിയില്ല. ആ സ്വഭാവം കൂടിക്കുടി വന്നു. അവന്‍ എല്ലാ തൊഴിലുമറിയാം. ഡ്രൈവിംഗ്, പെയിന്റിംഗ് തുടങ്ങിയ പ്രവര്‍ത്തികളിലൂടെ ലഭ്യമാവുന്ന വരുമാനമാണ് കുടുംബത്തിന്റെ എക ആശ്രയം. ക്രമേണ അവന്റെ വരുമാനത്തിലും ഇടിവുണ്ടായി. തെറ്റായ കുട്ടുകെട്ടാണ് അതിനിടയാക്കിയത്.

അവള്‍ നല്ലൊരു തയ്യല്‍ക്കാരിയായിരുന്നു. എംബ്രോയ്ഡറി അറിയാമായിരുന്നു. ബ്യൂട്ടിഷനിലും പ്രാവിണ്യം നേടിയിട്ടുണ്ട്. ഇതൊക്കെ നടത്താവുന്ന ഒരു കേന്ദ്രം നാട്ടില്‍ അവള്‍ കണ്ടെത്തി. ജനസമ്പര്‍ക്കം ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് കാര്യമായി മനസ്സിലാക്കിയ വ്യക്തിത്വത്തിന്റെ ഉടമയായ അവള്‍ പ്രസ്തുത സംരംഭങ്ങളിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തി. ഭര്‍ത്താവിന്റെ സഹായമില്ലാതെ തന്നെ ജീവിക്കാനാകുമെന്ന് അവള്‍ തെളിയിച്ചു. അവളുടെ കഴിവില്‍ നന്മ കണ്ടേത്തേണ്ട ഭര്‍ത്താവും അമ്മയും അവളെ കുരുക്കാനാണ് ശ്രമിച്ചത്.

അവള്‍ക്ക് മാറാരോഗാമുണ്ടെന്ന് പ്രചരിപ്പിക്കലാണ് അടുത്ത മാര്‍ഗമായി അവര്‍ കണ്ടെത്തിയത്. അവളെ സമൂഹം സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ മര്‍ദനം നള്‍ക്കുനാള്‍ വര്‍ദ്ധിച്ചു. ശാരീരിക മാനസികപീഡനം കൊണ്ട് അവള്‍ പൊറുതിമുട്ടി. എന്നിട്ടും അവള്‍ പിടിച്ചു നിന്നു. പതിനാറുവര്‍ഷം അവള്‍ യാദനയും വേദനയും സഹിച്ചു കഴിച്ചുകൂട്ടി. എന്നിട്ടും അവള്‍ക്കും, അവളുടെ മകള്‍ക്കും മാത്രമല്ല ഭര്‍ത്താവിനും അയാളുടെ അമ്മയ്ക്കും താങ്ങായി അവള്‍ നിന്നു.

സ്വന്തം ഭര്‍ത്താവില്‍ നിന്നും, അമ്മായിഅമ്മയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അപവാദങ്ങളാല്‍ മനസ്സ് മുരടിച്ചുപോയി. മകള്‍ക്കുവേണ്ടി ജീവിക്കണം എന്ന ചിന്ത അവളെ മൂന്നോട്ടുനയിച്ചു. പലപ്പേഴും അപമാന ഭാരത്താല്‍ തലകുനിച്ചു നടക്കേണ്ടി വന്നു. ബന്ധു ജനങ്ങളാലും വെറുക്കപ്പെട്ടവളായി മാറി അവള്‍. അന്യപുരുഷന്മാരായിപോലും വഴിവിട്ടബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെട്ടാല്‍, ഇല്ലാക്കഥകള്‍ അങ്ങാടിപ്പാട്ടായാല്‍ ഒരു സ്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ?

അവള്‍ തളര്‍ന്നില്ല. ഇതിനൊക്കെ സ്‌നേഹവഴിയില്‍ പ്രതികാരം ചെയ്യണമെന്ന മോഹം അവള്‍ക്കുണ്ടായി. വളരെ സമര്‍ത്ഥമായി അടുത്തൊരു ബന്ധുവഴി ഗള്‍ഫിലേക്കോരു വിസ സംഘടിപ്പിച്ചു. എല്ലാവരോടും യാത്രപറഞ്ഞ് അവള്‍ അക്കരെയെത്തി. അവള്‍ പോയ പോലെ തിരിച്ചു വരുമെന്ന് പലരും കണക്കുകൂട്ടി. ഒരു പെണ്ണിന് എന്തുജോലി കിട്ടാന്‍? ഏതെങ്കിലും അറബിയുടെ വീട്ടു പണികിട്ടുമായിരിക്കും. നാട്ടില്‍ലഭിച്ചതിനേക്കാള്‍ കുടുതല്‍ പീഡനമായിരിക്കാം അവിടെകിട്ടുന്നത്. കുടുതല്‍പോയാല്‍ ഒരുവര്‍ഷംകൊണ്ട് തിരിച്ചു വരും.

നാട്ടുകാരുടെയും വീട്ടുകാരുടെയും കണക്കുകളൊക്കെ തെറ്റിച്ചു. ഒരു ടൈലറിംഗ് ഷോപ്പില്‍ ജോലിക്കുകയറിയ അവള്‍ കേവലം ഒരുവര്‍ഷം കൊണ്ട് സ്വന്തമായൊരു തയ്യല്‍ കടവെച്ചു. വെച്ചടി വെച്ചടി പുരോഗതിയായിരുന്നു. അവളുടെ സൗമ്യമായ പെരുമാറ്റവും തന്ത്രപൂര്‍വ്വമുള്ള ഇടപെടലും മൂലം അവള്‍ കസ്റ്റമേര്‍സിന്റെ സ്‌നേഹവും ആദരവും പിടിച്ചു പറ്റി. ഒന്നു രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ തയ്യല്‍ക്കട വികസിപ്പിച്ചു അതിനോടനുബന്ധിച്ച് ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി. എല്ലാം പുരോഗതിയിലേക്കു തന്നെ.

അവള്‍ നാട്ടിലെ ഭര്‍ത്താവിനും, അവളുടെ ബന്ധുക്കള്‍ക്കും ഇഷ്ടം പോലെ പണമയച്ചു കൊടുക്കാന്‍ തുടങ്ങി. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ നാട്ടിലേക്കുവന്നു. അവളെ ക്രുരമായി പൂച്ഛിച്ചവര്‍ക്കും, പീഡിപ്പിച്ചവര്‍ക്കും അവള്‍ ഇഷ്ടം പോലെ സമ്മാനപ്പൊതികള്‍ നല്‍കി സന്തോഷിപ്പിച്ചു നാട്ടിലെ പാവപ്പെട്ടവരുടെ വീടുകളില്‍ചെന്നു. അവര്‍ക്കും ആവശ്യമായ സാമ്പത്തികസഹായം നല്‍കാന്‍ താല്‍പര്യമെടുത്തു. മകളുടെ വിവാഹം അതിഗംഭീരമായി നടത്തി. മകള്‍ക്കും ഗള്‍ഫില്‍ ജോലി സംഘടിപ്പിച്ചുകൊടുത്തു. മര്‍ദിച്ചവശനാക്കിയ, മാനസികമായി തളര്‍ത്തിയ ഭര്‍ത്താവ് ഇപ്പോള്‍ അവളെ കണ്‍കണ്ട ദൈവമായി കാണാന്‍ തുടങ്ങി. ഇതൊരു മധുരപ്രതികാരമാണെന്നാണ് അവള്‍ പറയുന്നത്.

പത്ത് പന്ത്രണ്ട് വര്‍ഷമായി ഗള്‍ഫില്‍ ജീവിച്ചുവരുന്ന അവള്‍ ആറ് മാസം കൂടുമ്പോള്‍ നാട്ടില്‍വരും. മുമ്പ് അപമാനിച്ചവരുടെയും, ഇല്ലായ്മ പറഞ്ഞ് പരത്തിയവരുടെയും അടുത്ത് പോലും സ്‌നേഹസമ്മാനങ്ങള്‍ കൈമാറും. അന്ന് അവളെ കാണുമ്പോള്‍ തിരിഞ്ഞുനിന്നവരും, കുശുകുശുത്തവരും സ്‌നേഹാദരങ്ങളോടെയാണ് അവളെ സ്വീകരിക്കുന്നത്.

അന്ന് സാമ്പത്തിക പരാധീനത വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സാമ്പത്തിക സ്ഥിതിയുള്ള വ്യക്തികളോട് പണം വായ്പയായി ആവശ്യപ്പെട്ട് ചെന്നപ്പോള്‍ നിഷ്‌ക്കരുണം മടക്കി അയച്ചിട്ടുണ്ട്. അത്തരം വ്യക്തികളുടെ അടുത്തും അവള്‍ ചെല്ലുകയും സ്‌നേഹപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. നമ്മള്‍ ഈ സ്ത്രീയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. അവള്‍ വഴിപിഴച്ചു പോയവളല്ല. അങ്ങിനെയല്ല ഇപ്പോഴുണ്ടായ ഉയര്‍ച്ച കൈവന്നത്. സ്ഥിരോത്സാഹമാണ്. ആത്മവിശ്വാസമാണ്, ശുഭാപ്തി വിശ്വാസമാണ് അവളെ നയിച്ചത്. അവളെ കുറ്റപ്പെടുത്തിയവരോട് പ്രതികാരമല്ല അവള്‍ കാണിച്ചത്. സ്‌നേഹവും കൂറുമാണ്. അവള്‍ തളര്‍ന്നു വീണില്ല. നിരാശപ്പെട്ട് ജീവിതം ഹോമിക്കാന്‍ തയ്യാറായില്ല. പിടിച്ചുനിന്നു. തന്റേടത്തോടേ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Woman, She is a Expatriate; Story by Kookkanam Rahman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?