ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട അംഗീകരിക്കില്ല': 'കിത്താബ്' നാടകത്തിനെതിരെ ഉണ്ണി ആര്‍
കോഴിക്കോട് (www.evisionnews.co): കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കുകയും ചെയ്ത 'കിത്താബ്' നാടകത്തിനെതിരെ കഥാകൃത്ത് ഉണ്ണി ആര്‍. അനുമതിയില്ലാതെയാണ് 'വാങ്ക്' എന്ന എന്റെ കഥ സംവിധായകന്‍ നാടകത്തിനായി എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുതെന്ന് ഞാന്‍ ഡി.പി.ഐ ക്കു പരാതി നല്‍കിയിട്ടുണ്ടെന്നു ഉണ്ണി ആര്‍ സുപ്രഭാതത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വടകരയില്‍ നടന്ന കോഴിക്കോട് ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവത്തില്‍ മേന്മുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം വിവാദമായിരുന്നു. നാടകത്തിനെതിരെ മുസ്ലിം വര്‍ഗീയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കലോത്സവത്തില്‍ ആസൂത്രിതമായി ഇസ്ലാം വിരുദ്ധത പ്രമേയമാക്കി നാടകം അവതരിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞദിവസം എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
താന്‍ ഇസ്ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോകമെമ്പാടും ഒരു ഇസ്ലാമിക വിരുദ്ധ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുതെന്നും ഉണ്ണി ആര്‍ പറഞ്ഞു. കഥ പറയുന്ന രാഷ്ട്രീയമല്ല നാടകം പറയുന്നതെന്നും എന്റെ കഥയെ ആര്‍ക്കും എടുത്തു എന്തും ചെയ്യാം എന്നത് സമ്മതിച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ളാം മതത്തിന് എതിരെ നിലനില്‍ക്കുന്ന ഈ രാഷ്ട്രീയ സാഹചര്യത്തില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്‌ളാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ലെന്നുമാണ് ഉണ്ണി ആര്‍ പറയുന്നത്.
Powered by Info News For You

Comments
Post a Comment