കന്യാകുമാരി ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം; തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഏഴു ബസുകള്‍ അക്രമികള്‍ തകര്‍ത്തു

കന്യാകുമാരി: (www.kvartha.com 23.11.2018) ശബരിമല സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ എസ്.പി യതീഷ് ചന്ദ്ര അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കന്യാകുമാരി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. കല്ലേറില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഏഴു ബസുകളാണ് തകര്‍ത്തത്.

ബുധനാഴ്ചയാണ് പൊന്‍രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശനത്തിനെത്തിയത്. ശബരിമലയില്‍ പ്രതിഷേധിച്ച ബി ജെ പി നേതാക്കളെ ഒന്നിനുപിറകെ ഒന്നായി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം. ഇതിനിടെ നിലയ്ക്കലില്‍ വെച്ച് സ്വകാര്യ വാഹനം കടത്തിവിടണമെന്നാവശ്യപ്പെട്ടാണ് എസ് പി യതീഷ് ചന്ദ്രയുമായി വാക്കുതര്‍ക്കം ഉണ്ടായത്.

BJP harthal; Seven buses destroyed in Tamilnadu, Sabarimala Temple, News, Protesters, Politics, BJP, Harthal, Religion, Bus Collision, National

സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടില്ലെന്നും കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യണമെന്നുമായിരുന്നു എസ് പിയുടെ ആവശ്യം. ഇതിനെ എതിര്‍ത്തപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാലുള്ള അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്നും എസ് പി ചോദിച്ചു. എന്നാല്‍ തനിക്ക് അതിന് അധികാരമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയും എസ് പിയും തമ്മിലുള്ള വാഗ് വാദം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വലിയ പ്രതിഷേധം ഉണ്ടായത്. ഇതേതുടര്‍ന്നാണ് തമിഴ് നാട്ടിലും കന്യാകുമാരി ജില്ലയിലും ബി ജെ പി വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലിനിടെ മാര്‍ത്താണ്ഡം, ഇരവിപുത്തൂര്‍ക്കട, കരിങ്കല്‍ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ സര്‍വീസ് നിറുത്തിവച്ചെങ്കിലും പതിനൊന്നുമണിയോടെ പോലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ ശ്രമം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഹര്‍ത്താലായതിനാല്‍ അക്രമത്തിനുള്ള സാധ്യത കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി തമിഴ്‌നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ വ്യാഴാഴ്ച രാത്രി തന്നെ നിറുത്തിയിരുന്നു. കെ. എസ്.ആര്‍.ടി.സി കളിയിക്കാവിളവരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. തമിഴ്‌നാട്, കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഹര്‍ത്താലില്‍ അന്തര്‍സംസ്ഥാന ഗതാഗതം നിലച്ചു.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കന്യാകുമാരി, നാഗര്‍കോവില്‍ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. അത്യാവശ്യ സര്‍വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. കാര്‍ത്തിക പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മിക്കതിനും അവധിയായിരുന്നെങ്കിലും കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം ഹര്‍ത്താലില്‍ തടസപ്പെട്ടിട്ടുണ്ട്.

പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് തിങ്കള്‍ച്ചന്ത, തിരുവട്ടാര്‍, തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട്, നാഗര്‍കോവില്‍, പദ്മനാഭപുരം, കുഴിത്തുറ എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ രാവിലെ പ്രകടനം നടത്തി. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനുള്ള ശ്രമങ്ങളും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കി.

പ്രശ്‌നബാധിത സ്ഥലങ്ങളിലും പ്രധാന സ്ഥലങ്ങളിലും പോലീസ് പിക്കറ്റ് ക്രമീകരിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തി. പനച്ചമൂട്, മണിവിള, ചെറിയ കൊല്ല, തോലടി, കുന്നത്തുകാല്‍, കളിയിക്കാവിള, ഊരമ്പ് എന്നിവിടങ്ങളിലാണ് പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയത്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP harthal; Seven buses destroyed in Tamilnadu, Sabarimala Temple, News, Protesters, Politics, BJP, Harthal, Religion, Bus Collision, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?