വില നിലംതൊട്ടു, ജീവിതം താളംതെറ്റി, റബ്ബര്‍ കര്‍ഷകര്‍ റബ്ബറിനോട് വിടപറയുന്നു

പത്തനംതിട്ട: (www.kvartha.com 02.112018) വില തകര്‍ച്ചയും കുമിള്‍ രോഗങ്ങളും കാരണം കര്‍ഷകര്‍ റബ്ബറിനോട് വിട പറയുന്നു. വിലയിടിവ് മലയോരത്തെ സാമ്പത്തിക സ്ഥിതിയെ തന്നെ താളംതെറ്റിക്കുകയാണ്. വിപണി വിലയേക്കാള്‍ ഉത്പാദന ചെലവ് വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ റബ്ബര്‍ കൃഷിയില്‍ നിന്ന് പലര്‍ക്കും ചുവടുമാറ്റേണ്ടി വരുകയാണ്.

കഴിഞ്ഞ വര്‍ഷം റബ്ബര്‍ മരത്തിന്റെ മുഴുവന്‍ കൊമ്പുകളും ചിലര്‍ മുറിച്ചു മാറ്റി. ആ മരങ്ങളില്‍ കുരുമുളക് വള്ളികള്‍ വെച്ചു പിടിപ്പിച്ചു. മലയോരത്തെ മിക്ക കര്‍ഷകരും റബ്ബര്‍ കൃഷിയോട് വിടപറയാനൊരുങ്ങുകയാണ്. കനത്ത മഴയും വിലയിടിവും കാരണം ചെറുകിടതോട്ടങ്ങളില്‍ ടാപ്പിങ് നിലച്ചിട്ട് മാസങ്ങളായി.

Natural rubber price falls steeply, Pathanamthitta, News, Business, Farmers, Price, Kerala.

ടാപ്പിങ് തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും പലതോട്ടങ്ങളിലും കാട് പോലും വെട്ടിത്തെളിക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്. റബ്ബറിന് വിലകുറയുമ്പോഴും ഉത്പാദന ചെലവ് കൂടുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ്. ആസിഡ് അടക്കമുള്ള ഷീറ്റ് ഉത്പാദനത്തിനാവശ്യമായ സാധനങ്ങളുടെ വിലയും കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമധികമാണ്.

മിക്ക ചെറുകിടതോട്ടങ്ങളിലും കര്‍ഷകന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ പകുതിയിലധികവും ടാപ്പിങ് കൂലിയടക്കമുള്ള ചെലവുകള്‍ക്കായി നീക്കി വെക്കേണ്ടി വരുന്നു. ഒട്ടുപാല്‍, ചിരട്ടപ്പാല്‍ എന്നിവയുടെ വിലക്കുറവും കര്‍ഷക കുടുംബങ്ങളുടെ കണക്കുകൂട്ടലുകളെ തകിടം മറച്ചിട്ടുണ്ട്. റബ്ബര്‍ മരങ്ങള്‍ക്കുപയോഗിക്കുന്ന രാസവളങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. മഴക്കാലത്ത് ടാപ്പിങ് നടത്താനായി മരങ്ങള്‍ക്ക് മഴക്കുടകള്‍ ഇട്ടവര്‍പോലും വിലയില്ലാത്തതിനാല്‍ പണിയെടുപ്പിക്കുന്നില്ല.

കഴിഞ്ഞ ആറു മാസത്തിനിടെ നാമമാത്രമായ ദിവസങ്ങളില്‍ മാത്രമാണ് ടാപ്പിങ് നടത്തിയതെന്ന് റബ്ബര്‍ കര്‍ഷകര്‍ പറയുന്നു. ടാപ്പിങ് കൂലി നല്‍കാനുള്ള വരുമാനം കിട്ടാത്തതിനാല്‍ പലരും സ്വയം ടാപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിനും കഴിയാത്തവര്‍ മരങ്ങള്‍ പാട്ടവ്യവസ്ഥയില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന സ്ഥിതിയാണ്.

ഇത്തരത്തില്‍ പാട്ടവ്യവസ്ഥയില്‍ മരങ്ങളെടുക്കുന്നവര്‍ കൂടുതല്‍ പാല്‍ ലഭിക്കാനായി മരത്തില്‍ പല രാസവസ്തുക്കളും പ്രയോഗിക്കുന്നതായി പരാതിയുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞാല്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മരങ്ങളില്‍ നിന്ന് പിന്നീട് ആദായം ലഭിക്കുന്നില്ലെന്നും ഇത്തരം മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.

റബ്ബറിന് കൂടുതല്‍ വില ലഭിക്കുന്നതും ഉത്പാദനം നടക്കുന്നതും ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ പ്രളയമെടുത്ത ഈ സീസണ്‍ മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഇതു കൂടാതെ റബ്ബര്‍ ഷീറ്റിനോടുള്ള തരംതിരിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഗുണമേന്മയുള്ള ഫസ്റ്റ് ഗ്രേഡ് ഷീറ്റുകള്‍ക്കാണ് വിലയും ആവശ്യക്കാരും.

മഴയും ഉത്പാദന സാമഗ്രികളുടെ വിലവര്‍ധനയും മൂലം ഷീറ്റുകള്‍ ഫസ്റ്റ് ഗ്രേഡ് ആക്കാന്‍ കര്‍ഷകര്‍ക്കും കഴിയുന്നില്ല. മരങ്ങളുടെ അകാല ഇല കൊഴിച്ചിലാണ് റബ്ബര്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നത്. കൂമ്പു ചീയല്‍, കുമിള്‍രോഗങ്ങള്‍ എന്നിവയും കര്‍ഷകരെ വലയ്ക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് കൃത്യമായി തുക ലഭിക്കുന്നില്ല.

റബ്ബര്‍ വില 150ല്‍ കുറയാതെ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ വില സ്ഥിരതാ ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ അഞ്ചും ആറും മാസം കൂടുമ്പോള്‍ ഒരു മാസത്തിലെ ബില്‍ തുക മാത്രമാണ് ലഭിക്കുന്നത്. താങ്ങുവില 200 എങ്കിലും ആക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് 150 രൂപ പോലും ലഭിക്കുന്നില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ഗ്രേഡ് റബ്ബറിന് മാത്രമേ വില സ്ഥിരതാ ഫണ്ട് ലഭിക്കുന്നുള്ളൂവെന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. റബ്ബര്‍ വില 250 രൂപ വരെ ഉയര്‍ന്ന കാലമുണ്ടായിരുന്നു. ഈ വില ചെറിയ ഏറ്റക്കുറച്ചിലോടെ നിലനില്‍ക്കുമെന്നായിരുന്നു മലയോര മേഖലയിലെ കര്‍ഷകരുടെ പ്രതീക്ഷ. ഇതേതുടര്‍ന്ന് മറ്റ് കൃഷികള്‍ ഒഴിവാക്കിയാണ് അവിടെ റബ്ബര്‍കൃഷി ചെയ്യാന്‍ പലരും മുന്നോട്ടു വന്നത്. എന്നാല്‍ ഏതാനും വര്‍ഷം കൊണ്ട് വില 120 രൂപയായി.

ഈ വിലത്തകര്‍ച്ചയുടെ അനന്തരഫലമാണ് ഇപ്പോഴും റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ കര്‍ഷകര്‍ റബ്ബര്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുകയും വരും തലമുറയ്ക്ക് റബ്ബര്‍ കേരളത്തില്‍ കണികാണാന്‍ പോലും ഇല്ലാത്ത അവസ്ഥയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Natural rubber price falls steeply, Pathanamthitta, News, Business, Farmers, Price, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?