സുനില്‍ പി ഇളയിടം മലയാളത്തിന് അഭിമതനാകുന്നത്

അസ്‌ലം മാവില

(www.kvartha.com 06.11.2018) വിജയന്‍ മാഷ് ആദ്യം പൊയ്‌പ്പോയി. പിന്നീട് അഴിക്കോട് മാഷും. കേരളത്തിന്റെ സാംസ്‌ക്കാരിക ഇടത്തിലെ രണ്ട് വലിയ കസേരകളാണ് അവരുടെ വേര്‍പാടോടു കൂടി ഒഴിഞ്ഞ് പോയത്. പല സന്ദര്‍ഭങ്ങളിലും അവരുടെ അഭാവം എല്ലാവരിലും വേപഥു ഉണ്ടാക്കിയിട്ടുണ്ട്. അത്രമാത്രം പ്രഭയായിരുന്നു ആ രണ്ടു വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടു മലയാളത്തിനുണ്ടായിരുന്നത്.

കൂട്ടത്തില്‍ അഴിക്കോടായിരുന്നു ഒരു പണത്തൂക്കം മുന്നില്‍. മാഷ് ഏത് വിഷയവും ഗാന്ധിയന്‍ വ്യൂ ഓഫ് പോയന്റില്‍ നിന്നു കൊണ്ടു അപഗ്രഥിച്ചു, സംസാരിച്ചു, സംവാദ മണ്ഡലം തുറന്നു. ആ ഒരു വിടവിലേക്ക് ഇനി ആര് എന്നത് വലിയ ചര്‍ച്ചയായിരുന്നു. മലയാളി മനസ്സില്‍ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ച ഒന്ന്. സക്കറിയ ഇടയ്ക്ക് മിന്നിയെങ്കിലും ഉള്‍വലിഞ്ഞു കളഞ്ഞു. പിന്നെ ആരെയും കണ്ടില്ല.


അത്തരമൊരു കാത്തിരിപ്പിലാണ് സുനില്‍ പി. ഇളയിടം ഒരോരം ചേര്‍ന്ന് നടന്നു വരുന്നത്. ഇടത്പക്ഷചിന്തയില്‍ അദ്ദേഹം വിഷയങ്ങള്‍ പറയാന്‍ തുടങ്ങി. മലയാള നവോത്ഥാന നായകരിലൊരാളായ ശ്രിനാരായണ ഗുരുവിനെ ചിലര്‍ ബോധപുര്‍വ്വം ബ്രാന്‍ഡ് ചെയ്ത് തനിക്കാക്കാന്‍ വ്യാപകമായി ശ്രമിക്കുന്നത് കണ്ടപ്പോഴാണ്  ഇനി മൗനമവലംബിക്കുന്നത് ശരിയല്ലെന്ന ദൃഢനിശ്ചയത്തില്‍ നിന്ന് സുനില്‍ പി. ഇളയിടം,  താന്‍ വ്യാപൃതനായ അക്കഡമിക് വ്യവഹാരങ്ങളെയല്‍പം മാറ്റി വെച്ച്, മൈക്കിനു മുന്നില്‍ തീരുമാനിച്ചുറച്ചു നിന്നത്. മലയാളത്തെ അഭിസംബോധന ചെയ്തത്. (അതദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.)

ഇന്ന് സുനില്‍ പി. ഇളയിടമാണ് മലയാളത്തിന്റെ ശബ്ദം. മതേതരത്വത്തിന്റെ മെഗാഫോണ്‍. സാംസ്‌കാരിക ച്യുതിയും സാമൂഹിക ജീര്‍ണ്ണതകളും മതേതരത്വത്തിന്നേറ്റ് കൊണ്ടിരിക്കുന്ന വെല്ലുവിളികളും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. അതാ ഭാഷണങ്ങളില്‍ വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. അളന്നു മുറിച്ച വാക്കുകളും സംശയത്തിനിടം നല്‍കാത്ത വിധത്തിലുള്ള അപഗ്രഥനങ്ങളും അസാമാന്യമായ ഓര്‍മ്മ ശക്തിയും വലിയ വായനയും അതിലും വലിയ നിരീക്ഷണ പാടവവും എല്ലാം ഏത് വീക്ഷണ വ്യത്യാസമുള്ളവരില്‍ പോലും സുനില്‍ പി. ഇളയിടം ഹൃദയം കവരും.

സമീപകാല രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക വിഷയങ്ങളിലും പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപ്പെട്ട രീതി തന്നെ മതി നമ്മുടെ സാംസ്‌ക്കാരിക മലയാളത്തിന്റെ ശബ്ദം ഇത് തന്നെ എന്ന് പറയാന്‍, മലയാളി സമൂഹം ഇതാണ് കേള്‍ക്കാനാഗ്രഹിച്ചതെന്ന് പറയാന്‍.

നാല് വര്‍ഷമേ ആയുള്ളൂ നാമദ്ദേഹത്തെ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. മതേതര മൂല്യങ്ങളെയും വ്യത്യസ്ത വായനകളേയും ഉള്‍ക്കൊള്ളുവാനുള്ള വലിയ മനസ്സ് അദ്ദേഹത്തിലുണ്ട് എന്നതാണ് വലിയ പ്രതീക്ഷ. അദ്ദേഹത്തിന് ഓരോ കാര്യത്തിലും സ്പുടം ചെയ്‌തെടുത്ത കാഴ്ചപ്പാടുണ്ട്. പക്ഷെ, അപരനെ കേള്‍ക്കാനും അവര്‍ക്കഭിപ്രായം പറയാനും കാണിക്കുന്ന സഹിഷ്ണുതയുടെ ശരീര ഭാഷ സുനില്‍ പി. ഇളയിടത്തിനുണ്ട്. അപരനെയും അരിക്‌വത്ക്കരിക്കപ്പെട്ടവനെയും അന്യനെന്ന് മുദ്രവെച്ചവനെയും അരികില്‍ ചേര്‍ക്കാനും അവരൊന്നും അവഗണിക്കപ്പെടേണ്ടവരല്ലെന്ന് പറയാനും അവരുടെ അഭിപ്രായങ്ങള്‍ തന്റെത് കൂടിയാണെന്നും താന്‍ പറഞ്ഞതിന്റെ പിന്നാലെ ചേര്‍ക്കപ്പെടേണ്ടവയാണെന്നും പറയാനും ഒരു മനുഷ്യന്‍   ഉണ്ടെന്നതുമാണ് സുനില്‍ പി. ഇളയിടത്തെ  ദശലക്ഷക്കണക്കിന് മലയാളികള്‍ കേള്‍ക്കാന്‍ പ്രധാന കാരണം. രണ്ടാം അഴിക്കോട് എന്ന് ആ മനുഷ്യന്‍ വിദൂരമല്ലാത്ത ഭാവിയില്‍ വിശേഷിപ്പിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

എഴുത്തുകാരന്‍, വിമര്‍ശകന്‍, അധ്യാപകന്‍, അക്കാഡമിഷ്യന്‍, ചിന്തകന്‍ ഇതൊക്കെയാണ് ഡോ. സുനില്‍ പി. ഇളയിടം. പക്ഷെ, മലയാളത്തിന് അതൊന്നുമല്ല  പറയാനുള്ളത് - അദ്ദേഹമാണ് മലയാള പ്രഭാഷണ വേദിയിലെ കനപ്പെട്ട ശബ്ദം, മതേതര ശബ്ദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavilae, Sunil P Ilayidam, Article about Sunil P Ilayidam by Aslam Mavil


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?