ബാറ്റ്‌സ്മാനു ക്രീസില്‍ വട്ടം കറങ്ങാം, ബോളര്‍ക്കോ? തന്റെ പന്തിനു നിയമ സാധുത നല്‍കണമെന്ന ആവശ്യവുമായി ബി സി സി ഐയെ സമീപിച്ച് യുവതാരം ശിവ സിങ്

മുംബൈ: (www.kvartha.com 12.11.2018) ബാറ്റ്‌സ്മാനു ക്രീസില്‍ വട്ടം കറങ്ങാം, ബോളര്‍ക്കോ? തന്റെ പന്തിനു നിയമ സാധുത നല്‍കണമെന്ന ആവശ്യവുമായി ബി സി സി ഐയെ സമീപിച്ച് യുവതാരം ശിവ സിങ്. 360 ഡിഗ്രിയില്‍ വട്ടം കറങ്ങി ബോള്‍ ചെയ്ത യുവതാരത്തിന്റെ പന്ത് 'ഡെഡ് ബോള്‍' ആണെന്നു വിധിച്ച അംപയറുടെ തീരുമാനത്തിനെതിരെയാണ് താരം ബി സി സി ഐയെ സമീപിച്ചത്.

അണ്ടര്‍ 23 സംസ്ഥാന ടീമുകള്‍ക്കായി നടത്തപ്പെടുന്ന ചതുര്‍ദിന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സി.കെ. നായിഡു ട്രോഫിക്കിടെയാണ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ട സംഭവം അരങ്ങേറിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബംഗാള്‍ ബാറ്റു ചെയ്യുമ്പോഴാണ് 360 ഡിഗ്രി തിരിഞ്ഞുള്ള ബോളിങ് ആക്ഷനുമായി ശിവ സിങ് അവതരിച്ചത്.

Shiva Singh's 360-degree delivery falls foul of umpires, Mumbai, News, Cricket, Sports, BCCI, National.

ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ശിവ സിങ്. ബോളിങ്ങിനു മുന്നോടിയായുള്ള റണ്ണപ്പിനുശേഷം 360 ഡിഗ്രിയില്‍ വട്ടം കറങ്ങിയ ശേഷമാണ് ശിവ സിങ് പന്ത് റിലീസ് ചെയ്തത്. ആ പന്തു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും അംപയറായിരുന്ന വിനോദ് ശേഷന്‍ അതു 'ഡെഡ് ബോള്‍' ആയി വിധിക്കുകയായിരുന്നു.

ഇതോടെ അമ്പരന്നു പോയ ശിവ സിങ് അംപയറിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അയഞ്ഞില്ല. ഉത്തര്‍ പ്രദേശ് നായകന്‍ ശിവം ചൗധരി നേരിട്ടു വന്നിട്ടും സംസാരിച്ചെങ്കിലും സഹ അംപയര്‍ രവിശങ്കറുമായി സംസാരിച്ച് അതു ഡെഡ് ബോളാണെന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ബാറ്റ്‌സ്മാനെയോ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന താരത്തെയോ മനഃപൂര്‍വം കബളിപ്പിക്കാനുള്ള ശ്രമം ബോളര്‍ നടത്തുന്ന സാഹചര്യത്തില്‍ പന്ത് 'ഡെഡ് ബോള്‍' ആയി വിധിക്കാമെന്ന ഐസിസി നിയമത്തിന്റെ ചുവടുപിടിച്ചാണ് ശേഷന്‍ ശിവ സിങ്ങിന്റെ 360 ഡിഗ്രി ബോള്‍ ഡെഡ് ബോള്‍ ആണെന്നു കണ്ടെത്തിയത്.

എന്നാല്‍, ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന് 360 ഡിഗ്രിയില്‍ തിരിയുകയോ ചെരിയുകയോ കിടക്കുകയോ ചെയ്യാമെന്നിരിക്കെ ബോളറെ മാത്രം ഇത്തരത്തില്‍ നിയന്ത്രിക്കുന്നതിന്റെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്‌സ് ഇത്തരം കളിയുടെ പേരില്‍ മിസ്റ്റര്‍ 360 എന്നാണ് അറിയപ്പെടുന്നതുപോലും.

ഇത്തരത്തില്‍ 'അസ്വാഭാവിക'മായി പെരുമാറുന്ന ബാറ്റ്‌സ്മാനോട് വിശദീകരണം ചോദിക്കാന്‍ പോലും അംപയര്‍മാര്‍ക്കു വകുപ്പില്ല. ഈ സാഹചര്യത്തില്‍, അംപയറുടെ തീരുമാനം, ക്രിക്കറ്റ് ബാറ്റ്‌സ്മാന്റെ മാത്രം കളിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ഇന്ത്യന്‍ താരം ബല്‍വീന്ദര്‍ സിങ് സന്ധു ഉള്‍പ്പെടെയുള്ളവര്‍ ശിവ സിങ്ങിനെ അനുകൂലിച്ചും അംപയറെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം, ശിവയുടെ പന്ത് അംപയര്‍ ഡെഡ് ബോള്‍ ആയി വിധിച്ചതില്‍ തെറ്റില്ലെന്നാണ് ഐസിസിയുടെ എലൈറ്റ് പാനലില്‍ അംഗമായ അംപയര്‍ സൈമണ്‍ ടോഫലിന്റെ നിരീക്ഷണം. ബാറ്റ്‌സ്മാന്‍ ക്രീസില്‍ തിരിഞ്ഞുനിന്നു കളിക്കാന്‍ ശ്രമിക്കുമ്പോഴും ഉദ്ദേശ്യം ഷോട്ട് ഉതിര്‍ക്കുക മാത്രമാണ്. എന്നാല്‍, റണ്ണപ്പിനിടെ വട്ടം കറങ്ങുന്ന ബോളര്‍ ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ അംപയര്‍മാരുടെ തീരുമാനമാണ് അന്തിമമെന്നാണ് ക്രിക്കറ്റ് നിയമങ്ങളുടെ ഉപജ്ഞാതാക്കളായ എംസിസിയുടെ നിലപാട്.

ശിവയുടെ 360 ഡിഗ്രി തിരിഞ്ഞുള്ള ബോളിങ് വിവാദമായെങ്കിലും താരം നാലു വിക്കറ്റ് പിഴുത മത്സരത്തില്‍ ഉത്തര്‍ പ്രദേശ് മൂന്നു ദിവസം കൊണ്ട് ഇന്നിങ്‌സ് വിജയം സ്വന്തമാക്കി. അതേസമയം ബിസിസിഐ തന്റെ ആക്ഷന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശിവ സിങ് എഎന്‍ഐയോടു പ്രതികരിച്ചു.

'എന്റെ ബോളിങ് ആക്ഷന്‍ ബിസിസിഐ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരത്തില്‍ ബോളര്‍മാര്‍ക്കു മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു ശരിയല്ല. നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചല്ലാതെ ബാറ്റ് ചെയ്യുന്ന എത്രയോ താരങ്ങളുണ്ട്. അവരെക്കുറിച്ച് എന്താണു പറയാനുള്ളത്? എന്റെ ആക്ഷനില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ഇപ്പോഴും നിലപാട്.

മുന്‍പ് പല പ്രാദേശിക മത്സരങ്ങളിലും ഈ ആക്ഷന്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നും അംപയര്‍മാര്‍ ഡെഡ് ബോള്‍ വിളിച്ചിട്ടില്ല. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഇതേ ആക്ഷന്‍ ഉപയോഗിച്ചപ്പോഴും യാതൊരു പ്രശ്‌നവുമില്ലായിരുന്നു' എന്നും ശിവ സിങ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shiva Singh's 360-degree delivery falls foul of umpires, Mumbai, News, Cricket, Sports, BCCI, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?