കടയുടമയുടെ പേരുപറഞ്ഞ് ജീവനക്കാരില്‍ നിന്നു പണം തട്ടുന്ന വിരുതന്‍ നാട്ടില്‍ വിലസുന്നു

പാലാ: (www.kvartha.com 30.11.2018) കടയുടമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കടകളിലെ ജീവനക്കാരില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ വീണ്ടും പാലായിലും, ഈരാറ്റുപേട്ടയിലും വിലസുന്നു. കഴിഞ്ഞദിവസം പാലായിലെ ഒരു കടയില്‍ നിന്നും 2800 രൂപയും ഒരാഴ്ച മുമ്പ് ഈരാറ്റുപേട്ട അരുവിത്തുറയിലെ ഒരു കടയില്‍ നിന്നും 2650 രൂപയും ഇത്തരത്തില്‍ തട്ടിയെടുത്തു. രണ്ട് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ പാലായിലെ വിവിധ കടകളില്‍ നിന്നായി പതിനായിരങ്ങള്‍ തട്ടിയെടുത്തിരുന്നു. അന്ന് ചില കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് ഇത്തവണയും തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നതായി പാലാ പോലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ പാലാ തെക്കേക്കര നഗരസഭാ കോംപ്ലക്‌സിലെ ജീവനം ആയൂര്‍വേദിക് ക്ലിനിക്കില്‍ എത്തിയ യുവാവ് കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് 7800 രൂപാ ചോദിച്ചു. ഈ സമയം കടയുടമ ചുമപ്പുങ്കല്‍ അലക്‌സ് അവിടെ ഉണ്ടായിരുന്നില്ല. പണം കൊടുക്കാന്‍ ജീവനക്കാരി ഒന്നു മടിച്ചപ്പോള്‍ വന്ന യുവാവ് അലക്‌സിനെ 'ഫോണ്‍ വിളിക്കുന്നതായി' നടിച്ചു. ഇതു കേട്ടതോടെ ജീവനക്കാരി കടയില്‍ ഉണ്ടായിരുന്ന 2800 രൂപാ കൊടുത്തു. ബാക്കി തുക കൂടി യുവാവ് ആവശ്യപ്പെട്ടതോടെ യുവതി അലക്‌സിനെ വിളിക്കാനൊരുങ്ങി. ഇതോടെ തിരക്കിട്ട് പുറത്തേക്കിറങ്ങിയ ഇയാള്‍ ഒരു ഓട്ടോയില്‍ കയറി കടന്നുകളയുകയായിരുന്നു. ജീവനക്കാരി അലക്‌സിനെ വിളിച്ചപ്പോള്‍ ഇക്കാര്യമൊന്നും അലക്‌സ് അറിഞ്ഞിരുന്നേയില്ലെന്ന് വ്യക്തമായി. പാന്റും നീല ഷര്‍ട്ടും കൈച്ചെയിനുമൊക്കെ ധരിച്ചെത്തിയ സുമുഖനായ യുവാവാണ് തട്ടിപ്പ് നടത്തിയത്.

ഒരാഴ്ച മുമ്പ് ഈരാറ്റുപേട്ട ആലപ്പാട്ട് ഗോള്‍ഡ് കവറിംഗ് സ്ഥാപനത്തിലും ഇതേ രീതിയില്‍ തട്ടിപ്പ് നടന്നു. കടയുടമ ജോര്‍ജ് ഉച്ചയൂണിന് വീട്ടിലേക്കു പോയ ഉടന്‍ കടയിലെത്തിയ യുവാവ് ജോര്‍ജ് പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കടയിലുണ്ടായിരുന്ന ജോര്‍ജിന്റെ ഭാര്യ സജയില്‍ നിന്നും 2650 രൂപാ തട്ടിയെടുത്തു. അവിടെയും 7500 രൂപയാണ് ചോദിച്ചത്. ജോര്‍ജിനെ ഫോണില്‍ വിളിക്കുന്നതായി നടിക്കുകയും ചെയ്തു.

പാലായിലെ ആയൂര്‍വ്വേദ മരുന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ തട്ടിപ്പുകാരന്റെ മുഖം പതിഞ്ഞിട്ടുണ്ട്. ഈ ചിത്രം സഹിതം കടയുടമ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് പാലായില്‍ കടകളില്‍ തുടരെ തട്ടിപ്പ് നടത്തിയ വിരുതനാണ് ഇത്തവണയും രംഗത്തിറങ്ങിയതെന്ന് പോലിസ് കരുതുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ ഈ യുവാവിനെ തേടിപ്പിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.



Keywords: Kerala, News, Kottayam, Cheating, Case, Police, shop, Cash, Cheating case in Pala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?