ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തിന് അന്തിമോപചാരം അര്‍പിക്കാനെത്തിയത് ആയിരങ്ങള്‍

തിരുവനന്തപുരം: (www.kvartha.com 02.10.2018) വയലിന്‍ നാദത്തില്‍ ഇന്ദ്രജാലം നിറച്ച ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു.

അന്തിമോപചാരം അര്‍പിക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമായി നിരവധിപ്പേരാണ് എത്തിയത്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

Violinist Balabhaskar's body to be kept at University College in Palayam, funeral on Wednesday, Thiruvananthapuram, News, Trending, Music Director, Singer, Dead Body, Cinema, Kerala

വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍. രണ്ടുദിവസമായി ആശുപത്രിയില്‍നിന്നു ശുഭസൂചനകള്‍ പുറത്തുവന്നിരുന്നതു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.56ന് മകള്‍ക്കൊപ്പം വിടപറഞ്ഞു.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ബാല ഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു.

മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി സപ്തംബര്‍ 23നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകര്‍ത്തു പുറത്തെടുത്ത തേജസ്വിനിയെ പോലീസ് വാഹനത്തില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വലിച്ചുകെട്ടിയ വില്ലും നിറച്ച ആവനാഴിയുമുള്ള യോദ്ധാവും സ്‌ക്രോളില്‍നിന്നു ബ്രിജ് വഴി ടെയില്‍ പീസിലേക്കു തന്ത്രികള്‍ വലിച്ചുകെട്ടിയ വയലിനും ബോയുമായി നിറങ്ങള്‍ വിതറുന്ന വിളക്കുകള്‍ക്കിടയില്‍ നില്‍ക്കുന്ന ബാലഭാസ്‌കറും ഒരുപോലെയാണ്. ചിന്റെസ്റ്റിലേക്കു (വയലിനില്‍ താടി ചേര്‍ത്തു വയ്ക്കുന്ന ഭാഗം) മുഖം ചേര്‍ത്താല്‍... ആ സംഗീത വില്ലൊന്നു തന്ത്രികളില്‍ തൊട്ടാല്‍... ബാലഭാസ്‌കറെന്ന കഴിഞ്ഞ പതിറ്റാണ്ടിന്റെ വയലിന്‍ ചക്രവര്‍ത്തി ശ്രോതാക്കളുടെ മനവും കാതും ജയിക്കുന്ന അശ്വമേധം പൂര്‍ത്തിയാക്കിയിരിക്കും, നിശ്ചയം.

ഗുരുവും വല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറാണു ബാലയ്ക്ക് ഈ സംഗീതവില്ലിന്റെ മാസ്മരിക ശക്തി പകര്‍ന്നു നല്‍കിയത്. പാരമ്പര്യം മുത്തച്ഛന്‍ നാഗസ്വര വിദ്വാന്‍ ഭാസ്‌കര പണിക്കരില്‍നിന്നു ലഭിച്ചു. സപ്തസ്വരങ്ങള്‍ വഴങ്ങിയ കാലം മുതല്‍ വയലിനോട് ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല ബാല. എങ്ങനെ ഇത്ര നന്നായി വയലിന്‍ വഴങ്ങുന്നുവെന്നു പലകുറി ആവര്‍ത്തിച്ച ചോദ്യത്തിന് 'എനിക്കു വയലിനെ പേടിയില്ലെന്ന' മറുപടിയാണ് എപ്പോഴും ബാല നല്‍കുക.

ബാലപാഠങ്ങള്‍ പദ്ധതികളായും പ്രാവീണ്യമായും പരമോന്നതിയായും പരിണമിപ്പിച്ച് ഒടുവില്‍ ബാലു നിത്യതയിലേക്ക് നീങ്ങുന്നു. ഹൃദയങ്ങളില്‍ വയലിന്‍ ബാക്കിയാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Violinist Balabhaskar's body to be kept at University College in Palayam, funeral on Wednesday, Thiruvananthapuram, News, Trending, Music Director, Singer, Dead Body, Cinema, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?