സി കെ ജാനു എന്‍ ഡി എ വിട്ട പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ സുനില്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്:

ഒറ്റവാചകത്തില്‍ വിലയിരുത്തിക്കളയരുത് ഈ ജാനുവിനെ

തിരുവനന്തപുരം: (www.kvartha.com 16.10.2018) ആദിവാസി നേതാവായ സി കെ ജാനു തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയാണ് നേതൃനിരയിലെത്തിയത്. ഒരുപാട് സമരങ്ങള്‍ നടത്തിയാണ് അവര്‍ ഇന്ന് ആദിവാസികള്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും നേടി എടുത്തത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പലതരം വാഗ്ദാനങ്ങള്‍ നല്‍കി എന്‍ ഡി എ സി കെ ജാനുവിനെ അവരിലേക്ക് അടുപ്പിച്ചു.

എന്നാല്‍ വര്‍ഷങ്ങളായിട്ടും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതൊന്നും നല്‍കാന്‍ എന്‍ ഡി എ തയ്യാറല്ലെന്ന് കണ്ട് ഇപ്പോള്‍ ജാനു എന്‍ ഡി വിട്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ സി കെ ജാനുവിനെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ സുനില്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാണ്.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം;

സി കെ ജാനു എന്‍ ഡി എയിലേക്ക് പോകുമ്പോള്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്ന ഒരാളാണ് ഞാന്‍. കാരണം മറ്റൊന്നുമല്ല, 'സംഘപരിവാര്‍ പാളയത്തില്‍ ജാനുവും' എന്ന് അത്ര ലളിതമായി വ്യാഖ്യാനിച്ച് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ജാനു എന്ന ആദിവാസി സ്ത്രീയുടെ ജീവിതവും സമരവും എന്നതുകൊണ്ടുതന്നെ. ഒരു പക്ഷെ ജാനു ഇത്രയും മാധ്യമ ശ്രദ്ധയിലെത്തുന്നതിന് മുമ്പ്, മുത്തങ്ങക്കും കുടില്‍ കെട്ടല്‍ സമരത്തിനും മുമ്പ് വിശദമായി സംസാരിക്കുകയും ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

അന്ന് മാധ്യമം വാരാന്ത്യത്തിന് അത് കൊടുത്തപ്പോള്‍ പ്രമുഖ ജേണലിസ്റ്റും എഴുത്തുകാരനും ഒക്കെ ആയ ഒരാള്‍ എന്നോട് ആവശ്യപ്പെട്ടത് ഇത് ജാനുവിന്റെ ഭാഷയിലാക്കി മാറ്റണം എന്നായിരുന്നു. അത് അക്കാലത്തെ ഒരു പൊളിറ്റിക്കല്‍ സെന്‍സിബിലിറ്റി പ്രശ്‌നമായിരുന്നു.

Don't evaluate C K Janu with a single word, NDA, CPM, UDF, Politics, News, Trending, BJP, Media, Facebook, Post, Kerala

അന്ന് അദ്ദേഹത്തെ അത് ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ സുഹൃത്തായ എം വി കരുണാകരന്‍ പ്രവര്‍ത്തിച്ചിരുന്ന ഗദ്ദിക എന്ന മാസികയില്‍ അത് പ്രസിദ്ധീകരിച്ചു. പക്ഷെ 1990കളില്‍ തന്നെ ഭൂപ്രശ്‌നത്തെക്കുറിച്ചും ആദിവാസികളും പൊതു സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചും കെ ജെ ബേബിയുടെ മാവേലിമന്റം എന്ന നോവലിനെക്കുറിച്ചും എല്ലാം തന്റെ നിലപാടുകളും അഭിപ്രായങ്ങളും നല്ല ഭാഷയില്‍ (മലയാളത്തില്‍) പറഞ്ഞിരുന്നു. ജാനുവൊക്കെ ഇങ്ങനെ സംസാരിക്കുമോ എന്നതായിരിക്കണം മുകളില്‍ പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുക.

പിന്നെയും പല തവണ ജാനുവുമായി സംസാരിക്കാനും അവരുടെ പ്രവര്‍ത്തനത്തെ വലിയ താത്പര്യത്തോടെ നോക്കിക്കാണാനും കഴിഞ്ഞിട്ടുണ്ട്. കുടില്‍കെട്ടല്‍ സമരവും മുത്തങ്ങയും എല്ലാം ആദിവാസി സമരം എന്നതിനപ്പുറം കേരളത്തില്‍ ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയം എന്ന നിലയില്‍ കണ്ടിട്ടും എഴുതിയിട്ടുമുണ്ട്. ഇത്രയൊക്കെ പ്രതീക്ഷകളുണ്ടായിരുന്നതുകൊണ്ടാകും ജാനുവിന്റെ ബിജെപി ബാന്ധവം നിരാശപ്പെടുത്തിയത്.

കീഴ്ത്തട്ടില്‍ നിന്ന് പല തടസങ്ങളോടും പോരാടിയാണ് ജാനു എന്ന നേതാവ് രൂപപ്പെട്ടത്. അവരുടെ സമരങ്ങളും സംഘടനകളും പരാജയപ്പെട്ടിരിക്കാം. രാഷ്ട്രീയ മഹാസഭയും ഗോത്ര മഹാസഭയും ശിഥിലമായി. നിരാശയില്‍ അവസാനിച്ചു.

അപ്പോഴും ഒരു വലിയ പ്രതിനിധാനമായി ജാനു ബാക്കിയുണ്ടായിരുന്നു. അതുകൂടി ഇല്ലാതാക്കുകയാണ് ബിജെപി ബന്ധത്തിലൂടെ ജാനു ചെയ്തത്. എന്നാല്‍ ബിജെപിയിലെത്തുന്നതിനു മുമ്പ് ജാനുവിന് ചേരാന്‍ കഴിയുന്ന ഒരു മുന്നണി കേരളത്തിലുണ്ടായിരുന്നില്ല എന്നത് കൂടി നാം കാണണം. മുത്തങ്ങയിലെ പോലീസ് അതിക്രമത്തില്‍ പോലീസുകാരുടെ അടികൊണ്ട മുഖവുമായി ഇടത്തേക്കും വലത്തേക്കും പലവട്ടം നോക്കിയിട്ടും ആരും തിരിഞ്ഞുനോക്കാത്ത ആദിവാസി ജീവിതമായിത്തന്നെ അവര്‍ അവശേഷിച്ചു.

അവരുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ ശ്രമങ്ങള്‍ എവിടെയും എത്തിയില്ല. ഇവിടേക്കാണ് സംഘപരിവാര്‍ രാഷ്ട്രീയം ജാനുവിന് കൈ കൊടുത്തത്. പക്ഷെ അധികം വൈകാതെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചതികളും വാഗ്ദാന ലംഘനങ്ങളും അവഗണനകളും അവര്‍ കണ്ടറിഞ്ഞു. അവരുടെ ഭാഗ്യാന്വേഷണങ്ങളും എങ്ങുമെത്തിയില്ല. അവര്‍ ബിജെപിയുമായുള്ള ബാന്ധവം ഉപേക്ഷിച്ചു.

അപ്പോഴും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ രാഷ്ട്രീയം ഏറ്റവും വലിയ വര്‍ഗീയ ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരായ വ്യക്തമായ നിലപാട് എടുത്തുകൊണ്ടാണ് എന്നത് മറന്നുകൂടാ. എന്‍ ഡി എ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങള്‍ നല്‍കിയില്ല എന്ന് ഞാനു പറഞ്ഞത് വലിയൊരു കുറ്റകൃത്യമായി കാണേണ്ടതുണ്ടോ? ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളെ സ്വയംഭരണ മേഖലകളായി പ്രഖ്യാപിക്കുമെന്ന വാക്ക് പാലിച്ചില്ല എന്ന് അവര്‍ പറഞ്ഞത് കാര്യമായി ആരും കേട്ടതുമില്ല.

മുഖ്യധാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഒരു ആദിവാസി സ്ത്രീയും അവരുടെ പാര്‍ട്ടിയും സ്ഥാനങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് തെറ്റാണോ? സാമ്പത്തിക സംവരണത്തിന് വേണ്ടി ദീര്‍ഘകാലമായി എന്‍ എസ് എസിനൊപ്പം വാദിക്കുകയും സവര്‍ണ മാടമ്പിയായി തുടരുകയും ചെയ്യുന്ന ആര്‍ ബാലകൃഷ്ണപിള്ളക്ക് മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും അയാളേക്കാള്‍ ഹീനമായ രാഷ്ട്രീയ പൊതു ജീവിതം കൊണ്ടുനടക്കുന്ന മകന് എംഎല്‍എ സ്ഥാനവും നല്‍കി മുന്നണിയിലെത്തിച്ചത് ഇടതുപക്ഷ മുന്നണിയായിരുന്നു.

കെ എം മാണിയെന്ന ഏറ്റവും വലിയ മത പ്രമാണി രാഷ്ട്രീയത്തിന്റെ വക്താവിനെ ഇപ്പോള്‍ പോലും മുന്നണിയിലെത്തിക്കാന്‍ ഇടതും വലതും മുന്നണികള്‍ നടത്തുന്ന വടംവലികള്‍ കണ്ടുകഴിഞ്ഞു. കെ കരുണാകരനും പി ജെ ജോസഫിനും പി സി ജോര്‍ജിനും പി കെ കുഞ്ഞാലിക്കുട്ടിക്കും എവിടെയും അയിത്തമുണ്ടായില്ല. ആര്‍ എസ് എസ് ബിജെപി ക്യാംപില്‍ നിന്ന് അവരുടെ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ചോരപ്പാടുകള്‍ മായുന്നതിന് മുമ്പ് ഒ കെ വാസു മാസ്റ്ററെയും അശോകനെയും പോലുള്ളവരെ സിപിഎമ്മിലെത്തിച്ചതും നമ്മള്‍ കണ്ടു.

പാര്‍ട്ടി പിളര്‍ന്ന് സി എം പിയുമായി യു ഡി എഫിലേക്ക് പോയ എം വി രാഘവനെയും അയാളുടെ മെല്ലിച്ച പാര്‍ട്ടിയെയും സി പി എമ്മിനൊപ്പമെത്തിക്കാന്‍ മകന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതും കണ്ടു. കുവൈറ്റ് ചാണ്ടി മുതല്‍ പിവി അന്‍വര്‍ വരെയുള്ളവര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലെത്തിയവരാണ്. കെ രാമന്‍ പിള്ളയെന്ന ബി ജെ പിക്കാരനെക്കൊണ്ട് ഭാരതീയ ജനപക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി ഇടതുപക്ഷത്തെത്തിക്കാനും ശ്രമിച്ചു. വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് അവശിഷ്ടം ഇടത്തേക്കും വലത്തേക്കും മാറിമാറിക്കളിച്ചതും ആദര്‍ശ വ്യഗ്രത കൊണ്ടായിരുന്നില്ല.

അപ്പോള്‍ പൊതു രാഷ്ട്രീയത്തിലേക്ക്, മുഖ്യധാരയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ജാനുവും സ്ഥാനങ്ങള്‍ ചോദിക്കുന്നതിലും അത് ലഭിക്കാതെ വരുമ്പോള്‍ മുന്നണി വിടുന്നതിലും നീതികേടൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോള്‍ എല്‍ ഡി എഫിലോ യു ഡി എഫിലോ ചേരാന്‍ തയ്യാറാണെന്ന് പറയുന്നതിലും തകരാറൊന്നും കാണുന്നില്ല. പക്ഷെ ജാനുവിന്റെയും ആദിവാസി രാഷ്ട്രീയത്തിന്റെയും മുന്നോട്ടുള്ള വഴി അതാണെന്ന് കരുതുന്നില്ല.

എന്‍ ഡി എയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ ഒട്ടും സുഖകരമായ അനുഭവമാകില്ല രണ്ട് മുന്നണികളില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നത്. മറ്റൊരു രാഷ്ട്രീയ മാര്‍ഗം തെരഞ്ഞെടുക്കുക എന്നാല്‍ രാഷ്ട്രീയമായ റിസ്‌കുകളും അനിശ്ചിതത്വവും വീണ്ടും അഭിമുഖീകരിക്കുക എന്നതാകും. അതിന് തയ്യാറാണോ എന്ന് തീരുമാനിക്കേണ്ടത് ജാനുവും ഒപ്പം നില്‍ക്കുന്നവരുമാണ്.

ആന്ധ്രയെയും ഇന്ത്യയിലെ വിപ്ലവ പ്രതീക്ഷകളുള്ള മനുഷ്യരെയും ഇളക്കിമറിച്ച ഗദ്ദര്‍ എന്ന വിപ്ലവ ഗായകന്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും സന്ദര്‍ശിച്ച് പിന്തുണ നല്‍കിയാല്‍ തെലുങ്കാനയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് പറയുന്ന കാലത്താണ് ജാനു വാഗ്ദാന ലംഘനങ്ങളുടെ പേരില്‍ ബിജെപി എന്ന ഫാസിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത് എന്നുകൂടി കാണണം.

അതുപോലും അത്ര ചെറിയ കാര്യമല്ല എന്നാണ് കരുതുന്നത്. ആവര്‍ത്തിക്കട്ടെ ജാനു ഏത് മുന്നണിയില്‍ പോയാലും ഉപേക്ഷിച്ചാലും അവരുടെ ജീവിതത്തെ, സമരങ്ങളെ, പ്രതിനിധാനത്തെ മായ്ച്ചുകളായാനാവില്ല. അത്ര മാത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Don't evaluate C K Janu with a single  word, NDA, CPM, UDF, Politics, News, Trending, BJP, Media, Facebook, Post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?