ശബരിമലയിലെ പോലീസ് സ്ട്രാറ്റജി സമര്‍ത്ഥം, പൊലീസിന്റെ അടി വാങ്ങി മുതലെടുപ്പു നടത്താന്‍ ആര്‍ക്കും അവസരമില്ല

തിരുവനന്തപുരം: (www.kvartha.com 17.10.2018) ശബരിമല ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നവരെ പിടിച്ചു മാറ്റുകയും കേസെടുക്കുകയും ചെയ്യുന്നതിനപ്പുറം അമിത ബലപ്രയോഗത്തിനോ ലാത്തിച്ചാര്‍ജ് പോലെ ഏതെങ്കിലും തരത്തിലുള്ള നടപടിക്കോ ശ്രമിക്കരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉറച്ച നിലപാടാണിത്.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച സന്ദേശം പൊലീസ് സേനക്ക് നല്‍കുകയും ചെയ്തു. പൊലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും ഉണ്ടാക്കി മുതലെടുപ്പിനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം വിജയിക്കാതിരിക്കാനാണ് ഇത്. ഭക്തരെ സുരക്ഷിതമായി ക്ഷേത്രത്തില്‍ എത്തിക്കാന്‍ സഹായിക്കുക, എന്നാല്‍ ശാരീരികമായി തടയാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചുപോകാന്‍ ശ്രമിക്കുന്നവരുണ്ടെങ്കില്‍ ക്ഷേത്രത്തിലേത്തിച്ചേ തീരൂ എന്ന തരത്തില്‍ പൊലീസ് സംരക്ഷണം മാറാതിരിക്കുക, തടയുന്നവരെ കൂടുതല്‍ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യുകയും കേസെടുക്കുകയും ചെയ്യുക എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

പൊലീസ് വിശ്വാസികളെ അടിച്ചമര്‍ത്തി കോടതിവിധി നടപ്പാക്കി എന്ന് വരുത്തി വന്‍തോതില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമങ്ങളാണ് സംഘപരിവാറും പ്രവീണ്‍ തൊഗാഡിയയുടെ അന്താരാഷ്ട്ര ഹിന്ദുപരിഷത്തും നടത്തുന്നതെന്ന് പൊലീസിനും സിപിഎം നേതൃത്വത്തിനും തികഞ്ഞ ബോധ്യമുണ്ട്. അതിന് അവസരം കൊടുക്കാതിരിക്കുക എന്നതാണ് ശബരിമലയിലെ പൊലീസ് സ്ട്രാറ്റജിയുടെ മുഖ്യഭാഗം. മാധ്യമങ്ങളോട് അധികം സംസാരിക്കാനും ജില്ലാ പൊലീസ് മേധാവിക്കും മറ്റും അനുവാദമില്ല. അതുകൊണ്ടാണ് പത്തനംതിട്ട എസ്പി ചാനലുകളുടെ ചോദ്യത്തോട് ഒരേ മറുപടിതന്നെ ആവര്‍ത്തിച്ചത്. ആവശ്യത്തിനു പൊലീസുണ്ടെന്നും ഭക്തരുടെ അവകാശം മാനിക്കുമെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അവിടെയുള്ള ഓരോ പൊലീസുകാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു പ്രശ്നമുണ്ടാക്കാന്‍ പൊലീസില്‍ നിന്നു ശ്രമമുണ്ടായാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നുമാണ് ഡിജിപി അറിയിച്ചിരിക്കുന്നത് എന്നും അറിയുന്നു. ഈ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും സമര്‍ത്ഥമായ പൊലീസ് സ്ട്രാറ്റജിയായിരിക്കണം ശബരിമലയിലേത് എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ പൊതുവികാരം.

അതേസമയം, സമരപ്പന്തല്‍ പൊളിച്ചു നീക്കുകയും അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചെറുക്കുന്നവരെ ബലപ്രയോഗത്തിലൂടെത്തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതുപോലുള്ള നടപടികള്‍ ഒരു പ്രക്ഷോഭരംഗത്ത് ഒഴിവാക്കാനാകില്ലെന്നും പൊലീസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Sabarimala, Police, Sabarimala police strategy is well planned and clever
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?