മധൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ തലക്കടിച്ചുകൊന്ന കേസ്; മുഖ്യ പ്രതി മുങ്ങി
കാസര്‍കോട്: സ്വര്‍ണ്ണ വ്യാപാരിയെ വിളിച്ചുകൊണ്ടുപോയി കണ്ണില്‍ മുളകു പൊടി വിതറി തലക്കടിച്ചു കൊലപ്പെടുത്തി 2.40 ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യ പ്രതി മുങ്ങി. തമിഴ്നാട്, പുതുക്കൈ, അത്താണി, അഗ്രഹാര, കുടിയിരുപ്പു കോളനിയിലെ മാരിമുത്തു ശ്രീധര എന്ന മുഹമ്മദ് അഷ്റഫ് (40)ആണ് മുങ്ങിയത്. ഇയാളെ കണ്ടെത്തി ഹാജരാക്കാന്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) അറസ്റ്റ് വാറന്റയച്ചു. കൊലക്കേസിന്റെ വിചാരണ ഇന്നലെയാണ് ആരംഭിച്ചത്. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മാരിമുത്തു, രണ്ടാം പ്രതി ബണ്ട്വാള്‍, കറുവപ്പാടി, മിത്തിനടുക്ക പഡ്യാനയിലെ അബ്ദുള്‍ സലാം (30), ഹാസന്‍, അറക്കങ്കോട്, ദൊഡ്ഡമങ്കയിലെ രംഗണ്ണ (45) എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇവരില്‍ രംഗണ്ണ മാത്രമാണ് ഇന്നലെ ഹാജരായത്. അറസ്റ്റിലായ ഒന്നാം പ്രതി മാരിമുത്തു ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു.
രണ്ടാം പ്രതിയായ അബ്ദുള്‍ സലാം ഇപ്പോഴും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്. ഇയാളെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇയാളെ ഹാജരാക്കിയില്ല. ഇതേ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് കോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു.
പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്ന കച്ചവടം നടത്തിയിരുന്ന മധൂര്‍, ഹിദായത്ത് നഗര്‍, ചെട്ടുംകുഴിയിലെ കെ എം മുഹമ്മദ് മന്‍സൂര്‍ അലി (50) 2017 ജനുവരി 25ന് ആണ് കൊല്ലപ്പെട്ടത്. സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മന്‍സൂര്‍ അലിയെ ഉപ്പളയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഉപ്പളയില്‍ ബസിറങ്ങിയ മന്‍സൂര്‍ അലിയെ വാനില്‍ കയറ്റി കൊണ്ടുപോവുകയും ബായാറിന് സമീപത്ത് വെച്ച് കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം തലക്കടിച്ചു കൊല്ലുകയും മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയെന്നുമാണ് കേസ്. പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് നവംബര്‍ എട്ടിലേയ്ക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment