മിസോറം കൂടി കൈവിടാന്‍ ഒരുക്കമല്ല; ഏതുവിധേനയും ബി ജെ പിയെ തറപറ്റിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: (www.kvartha.com 13.10.2018) കോണ്‍ഗ്രസിന്റെ അധീനതയിലായിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് ബി ജെ പി പിടിച്ചെടുത്തിരിക്കയാണ്. വളരെ പെട്ടെന്നാണ് ബി ജെ പിയുടെ വളര്‍ച്ച. ജനങ്ങളെ കൈയിലെടുക്കാന്‍ അവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിച്ച് പൊരുതാനുറച്ച് തന്നെ കോണ്‍ഗ്രസ് രംഗത്തിറങ്ങുകയാണ്.

ബിജെപിക്കു നേരിയ വേരോട്ടം പോലുമില്ലാതിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ താമര വസന്തം പടരുകയാണ്. അതിന്റെ തുടക്കം, 2016ലെ വസന്തകാലത്താണ്.

BJP to Fight Mizoram Election Alone, New Delhi, News, Politics, Election, BJP, Congress, National

 ആ വര്‍ഷം തുടക്കത്തില്‍ മേഖലയിലെ നാലു സംസ്ഥാനങ്ങളായ അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം എന്നിവ കോണ്‍ഗ്രസ് കോട്ടകളായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മിസോറം ഒഴികെയുള്ള മൂന്നെണ്ണം ബിജെപി പിടിച്ചടക്കിയത്. എന്നാല്‍ ഇപ്പോള്‍ മിസോറമില്‍ മാത്രം ഉയര്‍ന്നുനില്‍ക്കുന്ന കൈപ്പത്തി വരുന്ന തെരഞ്ഞെടുപ്പില്‍ ഉശിരോടെ രംഗത്തിറങ്ങുമോ അതോ തളര്‍ന്ന് പിന്നോട്ട് പോകുമോ എന്നാണ് കാണേണ്ടിയിരിക്കുന്നത്. 

ഒന്നരമാസത്തിനപ്പുറം ജനം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ 'കോണ്‍ഗ്രസ് മുക്ത് നോര്‍ത്-ഈസ്റ്റ്' ലക്ഷ്യം കാണുമോ, മൂന്നാമൂഴത്തിലും കസേര നിലനിര്‍ത്തി കോണ്‍ഗ്രസ് ചരിത്രം രചിക്കുമോ? എന്നാണ് ഇനി കാണേണ്ടിയിരിക്കുന്നത്.

നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ഇത് രണ്ടാമൂഴം പൂര്‍ത്തിയാക്കുകയാണ്. നാല്‍പതില്‍ 32 സീറ്റുകളുമായി 2008ല്‍ മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ (എംഎന്‍എഫ്)നിന്ന് അധികാരം പിടിച്ചെടുത്ത പാര്‍ട്ടി 2013ല്‍ സീറ്റ് എണ്ണം 34 ആക്കി. പക്ഷേ, ഇത്തവണ അത്ര എളുപ്പമാകില്ല കാര്യങ്ങള്‍. 

ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന എതിരാളികള്‍ക്കൊപ്പം ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്ക് ചെറുതല്ലാത്ത തലവേദനയാണ്. മന്ത്രിസഭയില്‍ നിന്നു സമീപകാലത്തു രാജിവച്ച രണ്ടുപേര്‍ (ആര്‍. ലാല്‍സിര്‍ലിയാന, ലാല്‍റിന്‍ലിയാന സയ്ലോ എന്നിവര്‍) നേരെപോയി എതിര്‍പാളയമായ എംഎന്‍എഫില്‍ ചേക്കേറിയത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

 ഇവര്‍ക്കു പിന്നാലെ, ഐസോള്‍ ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് റോബര്‍ട്ട് റൊമാവിയ റോയ്ട പാര്‍ട്ടി വിട്ട് എംഎന്‍എഫില്‍ ചേര്‍ന്നു. എന്നാല്‍ മൂവരും അഴിമതിക്കാരായിരുന്നുവെന്നാണ് ലാല്‍ തന്‍ഹാവ്ലയുെട ആരോപണം.

ആഭ്യന്തര മന്ത്രിയായിരിക്കെ, അഴിമതി ആരോപണത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 14ന് ആയിരുന്നു ലാല്‍സിര്‍ലിയാനയുടെ രാജിവെച്ചത്. 17ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. റോയ്ട, സര്‍ക്കാര്‍ സര്‍വീസിലിരിക്കെ നടത്തിയ 200 കോടിയുടെ അഴിമതിയില്‍ നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 'ട്രിപ്പിള്‍ ആര്‍' എന്നറിയപ്പെടുന്ന റോയ്ട ഐസോള്‍ ഈസ്റ്റ് മണ്ഡലത്തില്‍ എംഎന്‍എഫ് ടിക്കറ്റില്‍ ധനമന്ത്രി ലാല്‍ സാവതയ്‌ക്കെതിരെ മത്സരിക്കും. 

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഉലയുന്ന കപ്പലാണെന്നും കൂടുതല്‍ പേര്‍ അവിടെനിന്ന് രക്ഷപ്പെട്ട് പുറത്തുവരുമെന്നും ഇവരെല്ലാം തങ്ങളുടെ പാര്‍ട്ടിയില്‍ ചേരുമെന്നും എംഎന്‍എഫ് ഉപാധ്യക്ഷന്‍ ആര്‍. ലാല്‍തന്‍ഗ് ലിയാന അവകാശപ്പെടുന്നു. എന്നാല്‍ വിരലിലെണ്ണാവുന്നവരേ പാര്‍ട്ടി വിട്ടിട്ടുള്ളൂവെന്നും അടിത്തറ ഇപ്പോഴും ശക്തമാണെന്നും മിസോറം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(എംപിസിസി) ആവര്‍ത്തിക്കുന്നുണ്ട്.

മൃഗീയ ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി രണ്ടുവട്ടം ഭരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് നേടാനായിട്ടില്ല. 

എന്നാല്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിജീവനത്തിനുള്ള അവസാന കച്ചിത്തുരുമ്പില്‍ പിടിച്ചുകയറാന്‍ കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കുകയാണ്. എന്നിരുന്നാലും തങ്ങളുടെ മുഖ്യശത്രുവിനെ മേഖലയില്‍നിന്നു തൂത്തെറിയുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും മിസോറമില്‍ ആരുമായും സഖ്യത്തിനില്ല ബിജെപി. അടിത്തറകെട്ടാന്‍ പോലും കഴിയാതിരുന്ന മണ്ണില്‍ എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍തന്നെ അവരുടെ ആത്മവിശ്വാസം പ്രകടമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തേരോട്ടത്തിനു തുടക്കം കുറിച്ചത് 2016ല്‍ അസം വിജയത്തിലൂടെയാണ്. രണ്ടു വര്‍ഷത്തിനിടെ മണിപ്പൂരും ത്രിപുരയും അവര്‍ എളുപ്പത്തില്‍ പിടിച്ചെടുത്തു. പിന്‍വാതിലിലൂടെ അരുണാചലില്‍ അധികാരത്തില്‍ കയറിപ്പറ്റി. മേഘാലയയിലും നാഗാലാന്‍ഡിലും ഭരണത്തില്‍ സഖ്യം ചേര്‍ന്നു. 

അക്ഷരാര്‍ഥത്തില്‍ തൂത്തുവാരി എന്നു പറയാറായിട്ടില്ലെങ്കിലും, തങ്ങള്‍ കേവലസാന്നിധ്യം പോലും അല്ലാതിരുന്ന വലിയൊരുഭാഗം പിടിച്ചടക്കിയെന്ന് ബിജെപിക്ക് അഭിമാനിക്കാന്‍ ഇനി മിസോറം കടമ്പകൂടിയേയുള്ളൂ. ആ ലക്ഷ്യത്തിലെത്താന്‍ ഏതടവും പയറ്റുമെന്ന് അടിവരയിടുന്നതാണ് മേഖലയിലെ മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ ഇറക്കിയ തന്ത്രങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP to Fight Mizoram Election Alone, New Delhi, News, Politics, Election, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?