പ്രസവം മുതല്‍ അടിവസ്ത്രം വരെ

കൂക്കാനം റഹ് മാന്‍ 

(www.kvartha.com 28.10.2018) വര്‍ത്തമാന കാലസാഹചര്യത്തില്‍ ജീവിക്കുന്ന ന്യൂ ജന്‍സിന്, അറുപത് വര്‍ഷത്തിനപ്പുറത്തെ ജനജീവിതത്തെക്കുറിച്ചറിയുമ്പോള്‍ അവജ്ഞയാണോ അത്ഭുതമാണോ മലസ്സിലുണ്ടാവുകയെന്ന് പറയാന്‍ പറ്റില്ല. ജീവിത സൗകര്യങ്ങളുടെ അപര്യാപ്തയെക്കുറിച്ചാണ് ഞങ്ങളുടെ പ്രായക്കാര്‍ക്ക് ഓര്‍ക്കാനും അയവിറക്കാനുമുണ്ടാവുക. പട്ടിണിയും പരിവട്ടവുമൊരുഭാഗത്ത്, ജീവിത സൗകര്യങ്ങളുടെ അപര്യാപ്തത മറുഭാഗത്ത്. ഇങ്ങിനെ വേദനയിലും കഷ്ടപ്പാടിലും ജീവിച്ചവരായിരുന്നു ഞങ്ങള്‍.

കാലം മാറി, ജീവിതം സുഖലോലുപത ആസ്വദിക്കാനുള്ള അവസരമായിമാറി. ദാരിദ്ര്യവും, കഷ്ടപ്പാടും, ജീവിതപ്രയാസങ്ങളും അറിയാതെ ജീവിക്കുന്നവരാണ് പുതുതലമുറ. പക്ഷേ ഞങ്ങള്‍ നടന്നുവന്ന വഴി ഇതൊക്കെയാണെന്ന് പറയുമ്പോള്‍ അത് കേള്‍ക്കാന്‍വരെ മനുസ്സുകാണിക്കാന്‍ പുത്തന്‍ ജീവിതരീതി അവലംബിക്കുന്നവര്‍.

ഞങ്ങളുടെ ഭക്ഷണ കാര്യത്തെക്കുറിച്ച്പറയാന്‍ ഏറെയുണ്ട്. രാവിലെ കുളുത്തത് കുടിച്ചോഎന്നും, ഉച്ചയായാല്‍ കഞ്ഞികുടിച്ചോ എന്നും, രാത്രി ചോറ് ബെയ്‌ച്ചോ എന്നുമാണ് സുഹ്യത്തുകള്‍ തമ്മിലുള്ള ചോദ്യം. ഈ സുഹ്യത്ത് ചോദ്യങ്ങളില്‍നിന്നും പഴയകാല ഭക്ഷണരീതി തിരിച്ചറിയാന്‍ പറ്റും. അതെങ്ങിനെയെങ്കിലുമാവട്ടെ. ശരീരശുദ്ധിവരുത്തല്‍, ഉറക്കം, ശൗചരീതികള്‍ ഇതൊക്കെ പറഞ്ഞറിയുമ്പോള്‍ അത്ഭുതം കൂറുന്ന മുഖഭാവത്തോടെ ഇരിക്കുന്ന പുത്തന്‍തലമുറക്കാരുണ്ട്.

ഉറക്കം പായയിലാണ്. തറയില്‍വിരിച്ച പായ, തലയണയായി ഉപയോഗിച്ചത് ചണച്ചാക്ക് മടക്കി പായയുടെ അടിയില്‍ വെച്ചിട്ടാണ്. ഇന്നത്തെ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുപയോഗിച്ച് നിര്‍മ്മിച്ച പായഅല്ല കേട്ടോ. കാട്ട് കൈതമുണ്ടയുടെ ഓല കൊത്തിഉണക്കി ദളിതരുടെ ചാളകളില്‍ വെച്ച് അവര്‍ നിര്‍മ്മിച്ചെടുക്കുന്നതാണ്. ചാണകം മെഴുകിയ തറയില്‍ കൈതോലകൊണ്ട് നിര്‍മ്മിച്ച പായയില്‍ കിടന്നുറങ്ങിയ സുഖം ഇന്നെവിടെകിടന്നാലും കിട്ടല്ല.

ഉണര്‍ന്നെണീറ്റാല്‍ 'കാല്‍മോങ്കാന്‍' (കാലും മുഖവും കഴുകല്‍) പോവും. അടുപ്പിനരുകില്‍ ചുറ്റുമായി തീകെട്ടുപോകാതിരിക്കാന്‍ നെല്ല്കുത്തിയ ഉമി കൂട്ടിയിട്ടുണ്ടാകും. വീട്ടില്‍വളര്‍ത്തുന്ന പൂച്ചകള്‍ ഉമിയുടെ ചൂടേറ്റ് അടുപ്പിനരികിലായാണ് സുഖ നിദ്രകൊള്ളുക. ഉമിക്കരിവാരിയെടുക്കാന്‍ ചെല്ലുമ്പോള്‍ പൂച്ചകളൊക്കെ 'മ്യാവു' പറഞ്ഞ് എഴുന്നേറ്റ് പോവും. ഒന്നോ രണ്ടോ നുള്ള് ഉമിക്കരിവാരി ഇടത്തേ കൈവെള്ളയില്‍ ഇടും. തുടര്‍ന്ന് നടത്തം നേരെ കിണറ്റിന്‍ കരയിലേക്ക്. കിണറില്‍ നിന്ന്. പാനി (ബക്കറ്റ്) ഉപയോഗിച്ച് വെള്ളം കോരിയെടുത്ത് തെങ്ങിന്‍ ചുവട്ടിലോക്കോ, വാഴത്തടത്തിലോക്കോ ചെല്ലും. വലതുകയ്യിലെ ചൂണ്ടുവിരല്‍ ഉപയോഗിച്ചാണ് ഉമിക്കരിഉപയോഗിച്ച് പല്ല് തേപ്പ് നടത്തല്‍, തുടര്‍ന്ന് തെങ്ങോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് നാക്ക് തുടക്കലും. പല്ല് തേക്കാന്‍ ബ്രഷിന് പകരം തേങ്ങാകൊരച്ചിലില്‍നിന്ന് ഒരുഅല്ലിയെടുത്തോ, മാവില ചുരുട്ടിയോ, ചൂളചെടിയുടെ കമ്പോ ഉപയോഗിക്കും.

ഇനിയാണ് അടുത്ത പരിപാടി. വെളിക്കിരിക്കല്‍, പുറത്തിരിക്കല്‍, എന്നീപേരുകളിലറിയപ്പെടുന്ന മലവിസര്‍ജ്യം നടത്തല്‍. അന്നൊന്നും കക്കൂസ്, ടോയ്‌ലറ്റ്, ബാത്ത്‌റൂം എന്നീ വാക്കുകള്‍പോലും അറിയില്ലായിരുന്നു ഞങ്ങള്‍ക്ക്. ഗ്രാമത്തില്‍ ഒരോവീട്ടുകാര്‍ക്കും വിശാലമായ പറമ്പുകളുണ്ട്. ആള്‍വാസവും കുറവ്. 'തൂറാന്‍ മുട്ടിയാല്‍' പിള്ളേരായ ഞങ്ങളൊക്കെ പറമ്പിന്റെ അറ്റത്തുള്ള കുറ്റിക്കാടിന്റെ മറവിലോ, വൃക്ഷത്തിന്റെ ചുവട്ടിലോ ഓടിയെത്തും. അവിടെവെച്ച് കാര്യം സാധിച്ച് വീട്ടിലെ കിണറ്റിന്‍ കരയിലേക്കോടും. കിണറിലെ വെള്ളംകോരിയെടുത്ത് എവിടെയെങ്കിലും മറഞ്ഞിരുന്നു 'ചേരിക്കല്‍' (മലദ്വാരം ശുചിയാക്കല്‍)  നടത്തും. പെണ്ണുങ്ങള്‍ ഇത്യാദികാര്യങ്ങള്‍ നടത്തുക രാത്രിയിലാണ്. മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ മുസ്സീം ആണ്‍ കുട്ടികളും, പുരുഷന്മാരും 'ചേര്‍ന്നംപിടിക്കണം' (മൂത്രം ഉടുത്ത മുണ്ടിലോ മറ്റോ ആവാതിരിക്കാന്‍ ഇടതുകൈകൊണ്ട് മൂത്രക്കുഴല്‍ പിടിക്കണം) ഇതിനാല്‍ പുരുഷന്മാര്‍ക്ക് ഒരുലാഭമുണ്ട്. സ്ത്രീകളോ കുട്ടികളോ കിണ്ടിയില്‍ വെള്ളംനിറച്ചു വെച്ചിട്ടിണ്ടാവും ശുചീകരണത്തിന്.

കരിവെള്ളൂര്‍ എന്ന എന്റെ ഗ്രാമത്തില്‍ നെയ്ത്തുകാര്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശമുണ്ട്. ചാല്യത്തെരുവ് എന്നാണ് ഈ പ്രദേശത്തെ അറിയപ്പെടുക. ഇവിടെ വീടുകള്‍ അടുത്തടുത്താണ്. കക്കുസുകളൊന്നുമില്ലാത്തകാലം. കരിവെള്ളൂര്‍ ബസാറിന് കിഴക്ക് ഒരു ഒഴിയന്‍ പറമ്പുണ്ട്. തെരുവിലെ എല്ലാവരും മലവിസര്‍ജനം നടത്താന്‍ ഇവിടെയാണ് എത്തുക. 'ഓന്ത്രാളം' എന്ന് ഈ സ്ഥലത്തിന് പേരുണ്ടായിരുന്നു.

വെളിക്കിരിക്കാന്‍ പോയപ്പോള്‍ എന്നെ ഭയപ്പെടുത്തിയ ഒരനുഭവമുണ്ടായി. രാവിലെ മീത്തലെ പറമ്പിലെ ഇലകളൊക്കെ ഉണങ്ങി വീണ ഒരുപറങ്കിമാവിന്‍ ചുവട്ടിലാണ് കാര്യംനടത്താന്‍ ചെന്നിരുന്നത്. പറങ്കിമാവിന്‍ ചുവട്ടില്‍ നിറയെ ഉണങ്ങിയ ഇല വീണ് കിടക്കുന്നു. സാധാരണ ഇത്തരം സ്ഥലങ്ങളാണ് മലവിസര്‍ജ്യത്തിന് ഉപയോഗപ്പെടുത്താറ്. കാര്യം നടത്തിഎഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ശൂ....ശൂ.... എന്നൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വലിയൊരു അണലിപ്പാമ്പ്. ഞാന്‍ ഇരുന്ന അതേ സ്ഥലത്ത് ചുരുണ്ട് കുടികിടക്കുന്നു. അമ്പോ.....ഞാനൊരോട്ടംവെച്ചുകെടുത്തു വീട്ടിലേക്ക്, തിരിഞ്ഞു നോക്കാതെ...

പുറത്ത് മലവിസര്‍ജ്ജനം നടത്തരുതെന്നും, കക്കൂസ് ഉപയോഗിച്ചില്ലെങ്കില്‍ പലരോഗങ്ങളും പിടിപെടുമെന്നും ബോധവല്‍ക്കരിക്കാന്‍ പോയ ഈ കുറിപ്പുകാരനടക്കമുള്ള ഗ്രൂപ്പിനോട് ഒരു ദളിത് ഗൃഹനാഥന്‍ പ്രതിവചിച്ചകാര്യം ഇങ്ങിനെ 'സാറന്മാരെ എന്റെ വിട്ടീല്‍ എട്ടു പേരുണ്ട്. കക്കൂസില്‍ പോകാന്‍ ഒരാള്‍ക്ക് രണ്ട് ബക്കറ്റ് വെള്ളം വേണം. എട്ട്‌പേര്‍ക്ക് പതിനാറ് ബക്കറ്റ്, പക്ഷേ വെളിക്കിരിക്കാന്‍ പോയാല്‍ ഒരാള്‍ക്ക് ഒരു ബക്കറ്റ് വെള്ളം മതി. ബാക്കി എട്ടുബക്കറ്റ് വെള്ളം വീടിന് മുമ്പിലെ തെങ്ങിനൊഴിച്ചാല്‍ തേങ്ങപിടിത്തം കൂടും. വെള്ളത്തിന് പഞ്ഞമുള്ള ഇക്കാലത്ത് കക്കൂസ് ഉപയോഗിക്കുന്നത് ശരിയല്ല സാറന്മാരെ' ഞങ്ങള്‍ ഒന്നും പ്രതികരിക്കാതെ ആ വീട്ടീല്‍ നിന്ന് ഇറങ്ങിവന്നു...

പഴയകാല കുളിയുടെ രീതിയിലും പ്രത്യേകതയുണ്ട്. കിണറ്റിന്‍ കരയില്‍ തന്നെയാണ് കുളി. ചിലര്‍ അടുത്തുള്ള തോട്ടിലോ, കുളത്തിലോചെല്ലും, വെള്ളംകോരികുളിക്കല്‍ സുഖമുള്ളകാര്യമാണ്. ദാരിദ്ര്യമാണെങ്കിലും കുഞ്ഞുങ്ങളെ എണ്ണ തേച്ച് കുളിപ്പിക്കും. അത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. രണ്ട് കമ്പനികളുടെ സോപ്പ് മാത്രമാണ്. ചന്ദ്രിക സോപ്പും, ലക്‌സ് സോപ്പും, ലക്‌സ് സോപ്പ് ചെറിയത് കിട്ടും അത് ഉപയോഗിച്ചും, അത്തിമരത്തിന്റെ തോല് ചെത്തിയെടുത്ത് ബ്രഷ് രൂപത്തിലാക്കി ദേഹം തേച്ച് വൃത്തിയാക്കും.

പ്രസവ ശൂശ്രൂഷയ്ക്കായ് പേറ്റിച്ചിമാര്‍ വരും. വൈദ്യുതി എത്താത്തകാലം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പ്രസവവേദന സഹിക്കാതെ വാവിട്ടുനിലവിളിക്കുന്ന സ്ത്രീയെ പറഞ്ഞുസമാധാനിപ്പിച്ചും നാട്ടുവര്‍ത്താനം പറഞ്ഞും അവര്‍പുലരും വരെ ഉറക്കമൊഴിഞ്ഞിരിക്കും. ഡോക്ടര്‍മാരും, ആശുപത്രികളൊന്നുമില്ലാത്ത കാലത്തും അഞ്ചുംപത്തും കുഞ്ഞുങ്ങളെ 'കീറൊന്നു' മില്ലാതെ സുരക്ഷിതമായി പരിപാലിച്ചിരുന്നവരായിരുന്നു പേറ്റിച്ചിമാര്‍.

മുടിവെട്ടാന്‍ മുസ്ലീം വീടുകളില്‍ 'ഒസ്സാന്‍' വരും. ആകെ മൊട്ടത്തലയാക്കി മാറ്റുകയാണ് അക്കാലത്ത് ചെയ്യുക. സ്‌കൂളിലേക്ക് കൂട്ടുകാരുമൊത്ത് ചെല്ലുമ്പോള്‍ മൊട്ടത്തല നോക്കി അവര്‍ കളിയാക്കുന്ന രീതി ഇങ്ങിനെ 'മാപ്പിളമൊട്ട... തെങ്ങിന്റൊട്ട... ചെറുപയറുണ്ട രണ്ടുണ്ട'....മറ്റ് വിഭാഗക്കാരുടെ വീടുകളിലെ പുരുഷന്മാരുടെ മുടിവെട്ടാന്‍ കാവുതിയന്മാര്‍വരും.

ഞങ്ങളുടെ കാലത്തെ വസ്ത്രധാരണ രീതിയും അറിയേണ്ടെ? പുരുഷന്മാര്‍ മുട്ടോളമെത്തുന്ന പത്താം നമ്പര്‍ മുണ്ട് ഉടുക്കും. എവിടെയെങ്കിലും പുറത്തിറങ്ങുമ്പോഴെ കുപ്പായമീടൂ. സ്ത്രീകളാണെങ്കില്‍ രണ്ടിണപ്പുടവ ഉടുത്ത് മാറുമറക്കാതെയുള്ള അവസ്ഥ. കുട്ടികളായ ഞങ്ങള്‍ക്ക് ട്രൗസറും കുപ്പായവും. അതും വിലകുറഞ്ഞ തുണികൊണ്ട് ഉണ്ടാക്കിയത്. ഒന്നോ രണ്ടോ സെറ്റ് മാത്രം ഉണ്ടാവും. അലക്കാതെ രണ്ടോ മൂന്നോ ദിവസം ഒരോ ഡ്രസ്സിടണം. അക്കാലത്ത് അടിവസ്ത്രങ്ങള്‍ കണ്ടിട്ടു പോലുമില്ല...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Kerala, Old Generation, Article about Generation gap of Kerala
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?