നാശംവിതച്ച് കാറ്റും മഴയും: ഏഴ് വരെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം, കണ്‍ട്രാള്‍ റൂം തുറന്നു
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്നലെ വൈകിട്ടോടെയുണ്ടായ ശക്തമായ കാറ്റിലും ഇടിയോടു കൂടിയുള്ള കനത്ത മഴയിലും വന്‍ നാശം. വൈകിട്ട് 3.15 മണിയോടെയാണ് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്തു പെയ്ത മഴ മണിക്കൂറോളം നീണ്ടുനിന്നു. കാറ്റില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോയി തൊട്ടടുത്ത കെട്ടിടത്തിലും പതിച്ചു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഐവ സില്‍ക്സിന്റെ കെട്ടിടത്തിനും കമ്പി വന്നു വീണ് കേടുപാട് സംഭവിച്ചു.
ഐവയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും അവയ്ക്ക് മുകളില്‍ ഷീറ്റ് വീഴാതിരുന്നത് കൊണ്ട് നാശനഷ്ടം ഒഴിവായി. പുതിയ ബസ് സ്റ്റാന്റിന് സമീപം കോട്ടക്കണ്ണിയില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിക്കാനുള്ള ശ്രമം തുടരുകയാണ്. അമെയ് കോളനിയിലെ ഏതാനും വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദം മൂലം മൂന്നു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി (ശ്രീലങ്കക്ക് അടുത്ത്) ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിവജാഗ്രത നിര്‍ദേശം. ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതിനാല്‍ കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും.
കേരളത്തില്‍ പലയിടങ്ങളിലും ശക്തവും അതി ശക്തവും അതിതീവ്രവുമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഏഴിന് അതിതീവ്രമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്നും കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനും, പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സജ്ജരാക്കി.
കാസര്‍കോട് ജില്ലയിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. 04994 257700, 9446601700 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. ശക്തമായ മഴ മൂലം പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് സാധ്യതയുള്ളതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യു, പോലീസ് ആന്റ് ഫയര്‍ ഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെഎസ്ഇബി, ഇറിഗേഷന്‍, ഫിഷറീസ് വകുപ്പ്, സാമൂഹിക സുരക്ഷാ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയെയും സജ്ജീകരിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment