'റദ്ദുച്ച' - അതൊരു അനുകരിക്കാനാവാത്ത ബ്രാന്‍ഡ് നെയിം കൂടിയാണ്
ഇടതു പക്ഷ സഹയാത്രികനായിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണ പിള്ളയുടെ 'മകനോട്' എന്ന കവിതയിലെ ഒരു വരി ഇങ്ങനെയാണ്.
'മകനേ...
നീ മാന്യനാവാതെ
മനുഷ്യന്റെ പച്ചയായി വളരൂ'
കടമ്മനിട്ട ഈ വരികള്‍ കടലാസില്‍ കുറിക്കുന്നതിനും മുംബെ അത് ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വം. അതായിരുന്നു ഒറ്റ വാക്കില്‍ റദ്ദുച്ച.
രാഷ്ട്രീയ നേതാവ്, പാവങ്ങളുടെ അത്താണി, ഉലമാ-ഉമറാക്കളുടെ ഉറ്റതോഴന്‍, വ്യവസായ പ്രമുഖന്‍, ന്യായാധിപന്‍ അങ്ങനെ വിശേഷണങ്ങള്‍ അനവധിയാവാം. പക്ഷെ ഇതിനെല്ലാമപ്പുറത്ത് റദ്ദുച്ച ജനഹൃദയങ്ങളില്‍ ജീവിക്കുന്നത് നാട്യങ്ങളറിയാത്ത പച്ച മനുഷ്യന്‍ എന്ന നിലക്ക് തന്നെയാവും. ഉള്ളിലെന്തായിരുന്നോ അത് തന്നെയായിരുന്നുപുറത്തും. അതുകൊണ്ടാവാം കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ രാഷ്ടീയ നേതാക്കള്‍ക്കും ഉദ്യോഗസ്ത്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘടനാ നേതാക്കള്‍ക്കും തൊഴിലാളികള്‍ക്കും എന്നു വേണ്ട ഒരിക്കലങ്കിലും അദ്ദേഹത്തെ പരിചയപ്പെട്ടവര്‍ക്ക് അദ്ദേഹം സാറോ സാഹിബോ ഇക്കയോ ആവാതെ സ്‌നേഹത്തിന്റെ ഭാഷയില്‍ 'റദ്ദുച്ച' ആയി മാറിയത്.പ്ര് പ്രോട്ടോകോളുകള്‍ക്കും ഉപചാരവാക്കുകള്‍ക്കുമപ്പുറം ഹൃദയത്തിന്റെ ഭാഷയിലെ ആ റദ്ദുച്ച വിളിയില്‍ സര്‍വ്വവുമുണ്ടായിരുന്നു. അതെ 'റദ്ദുച്ച' എന്നത് അനുകരിക്കാനാവാത്ത ഒരു ബ്രാന്‍ഡ് നെയിം തന്നെയാണ്.
പണം കൊണ്ടും പ്രതാപം കൊണ്ടും പ്രശസ്തി കൊണ്ടും ഒരാള്‍ക്ക് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അരങ്ങേറ്റം കുറിക്കാം. പക്ഷെ അതിനൊക്കെ നിമിഷങ്ങളുടെ അല്ലെങ്കില്‍ ദിവസങ്ങളുടെ അതുമല്ലെങ്കില്‍ മാസങ്ങളുടെ ആയുസ്സ് മാത്രമായിരിക്കും. എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പതിറ്റണ്ടുകള്‍ ആ രംഗത്ത് തുടരണമെങ്കില്‍ ജനഹൃദയങ്ങള്‍ തൊട്ടറിയുക തന്നെ വേണം. വിദ്യാഭാസയോഗ്യതയും അക്കാദമിക്
നേട്ടങ്ങളും പ്രസംഗ-പ്രബന്ധപാഠവങ്ങളുമല്ല ഒരു ജനാധിപത്യ വ്യവസ്ഥയില്‍
ഒരു നല്ല നേതാവിനെ വാര്‍ത്തെടുക്കുന്നത്. അത് ജനങ്ങളുടെ മനസ്സറിഞ്ഞ്
അവരിലൊരാളായി മാറുക എന്നതാണ്.
റദ്ദുച്ചാന്റെ ഭാഷയില്‍ തന്നെ 'വിദ്യയില്ലാത്ത വെറും ഒരു അഭ്യാസി' യില്‍ ജനങ്ങള്‍ കണ്ട ഏറ്റവും നല്ല യോഗ്യത
ചിരിച്ചു കൊണ്ടുള്ള പച്ചയായ ഇത്തരം തുറന്ന് പറച്ചിലുകളും ആ ഹൃദയഭാഷയും തന്നെയായിരുന്നു. അതിനെയെല്ലാം അദ്ദേഹം തമാശ എന്ന് പേരിട്ട് വിളിച്ചപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് പ്രതിഫലിച്ചത് അതിലെ നിഷകളങ്കത ആയിരുന്നു.
തട്ടുകടയിലെ അരക്ലാസ് ചായ റദ്ദുച്ചാക്ക് ഒരു ഇമേജ്ക്രിയേഷനു വേണ്ടിയുള്ള വെറുമൊരു നാടകമായിരുന്നില്ല. മറിച്ച് അതൊരു ശീലമായിരുന്നു. കോടികള്‍ വിലമതിക്കുന്ന കാറുകള്‍ സ്വന്തമായുള്ളപ്പോഴും ഒരു ബൈക്കില്‍ സഞ്ചരിക്കാനും എന്തിനേറെ സാധാരണക്കാരന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കാനും ഒരേ ഒരു റദ്ദുച്ചാക്ക് മാത്രെ കഴിയൂ. താന്‍ സംസാരിക്കുന്ന ഭാഷയാണ് തന്റെ ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷ എന്നുള്ളപ്പോള്‍ അതിലൊരു കുറവും അദ്ദേഹത്തിന് തോന്നിയില്ല. അതിനെ ശുദ്ധീകരിച്ച് പരിഷ്‌കാരിയാവാനും തുനിഞ്ഞില്ല. സ്ഥാനമാനങ്ങളും പദവികളും അംഗീകാരങ്ങളും ഒന്നൊന്നായി പിറകെ എത്തുമ്പോഴും പഴയ റദ്ദുച്ചായെ മാറ്റി പകരം പി ബി അബ്ദുറസ്സാഖ് സാഹിബിനെ പ്രതിഷ്ഠിക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു എന്ന് ചുരുക്കം.
പി ഡി നൂറുദ്ദീന്‍
ജന. സെക്രട്ടറി
ദുബായ് കെ എം സി സി
കാസര്‍കോട് മണ്ഡലം.
Powered by Info News For You

Comments
Post a Comment