അയോധ്യ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി; ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് കേസ് തിങ്കളാഴ്ച പരിഗണിക്കും


ഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. കെ. കൗള്‍, കെ. എം ജോസഫ് എന്നിവരുള്‍പ്പടെയുള്ളവരാണ് മൂന്നംഗ ബെഞ്ചില്‍ ഉള്ളത്. നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ ബെഞ്ചില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അബ്ദൂള്‍ നസീര്‍ എന്നിവരുണ്ടായിരുന്നു. രണ്ട് ജഡ്ജിമാരെ മാറ്റിയാണ് പുതിയ ബെഞ്ച് കേസെടുക്കുന്നത്. മുസ്ലിംകള്‍ക്കു നമസ്‌കാരത്തിനു പള്ളി അവിഭാജ്യഘടകമല്ലെന്നും പള്ളി നില്‍ക്കുന്ന സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള 1994ലെ വിധി പുനഃപരിശോധിക്കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച് നല്‍കണമെന്ന അലബഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് ചീഫ് ജസ്റ്റീസ് ദീപത് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് മുമ്ബ് പരിഗണിച്ചത്. വാദം തുടങ്ങിയപ്പോള്‍ തന്നെ കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച രേഖകള്‍ തങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ ഇസ്മയില്‍ ഫാറൂഖി കേസിന്റെ വിധിയില്‍ അഞ്ചംഗ ഭരണഘടാ ബെഞ്ച് നടത്തിയ പരമാര്‍ശം രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്കകേസില്‍ നിര്‍ണായകമായിരുന്നു. മുസ്ലിംകള്‍ക്കു നമസ്‌കാരത്തിനു പള്ളി അവിഭാജ്യഘടകമല്ല, എവിടെ വേണമെങ്കിലും നമസ്‌കരിക്കാം. ആവശ്യമെങ്കില്‍ സര്‍ക്കാരിനു പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു അന്നത്തെ വിധിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ചരിത്ര രേഖകളടക്കം 19,590 രേഖകള്‍ പരിഭാഷപ്പെടുത്തി സമര്‍പ്പിച്ചിട്ടുണ്ടെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ പ്രധാനരേഖകള്‍ കേസിലെ കക്ഷികള്‍ക്ക് ലഭ്യമാക്കും മുന്‍പ് വാദം തുടങ്ങരുതെന്നും കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്നും വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കേസില്‍ അന്തിമവാദം ഇപ്പോള്‍ കേള്‍ക്കുന്നത് വലിയ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുമെന്നും 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ജൂലൈ 15ന് മാത്രമെ വാദം കേള്‍ക്കാവൂവെന്നും കപില്‍ സിബല്‍ വാദിച്ചു. മറ്റൊരു കക്ഷിയായ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ഇതിനെ പിന്തുണച്ചു. എന്നാല്‍ രേഖകള്‍ ശേഖരിക്കാന്‍ സമയം അനുവദിച്ച കോടതി വഖഫ് ബോര്‍ഡിന്റെ മറ്റെല്ലാ ആവശ്യങ്ങളും നിരാകരിച്ചു.

മുസ്ലിം സമുദായത്തോടുള്ള നീതികേടാണ് 1994ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും പുനഃപരിശോധിക്കണം എന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്കകേസിനെ വിധി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. നിയമം എല്ലായ്പ്പോഴും യുക്തിപരമായിരിക്കില്ല. വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഓരോ വിധിയുമെന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞിരുന്നു.

അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചു. അതിനെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?