ഡോ. രേഖ നായര്‍ ആര്‍സിസി ഡയറക്ടര്‍, പദിവിയലെത്തുന്ന ആദ്യവനിത
തിരുവനന്തപുരം:(www.kvartha.com 13/10/2018)
റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ പത്തോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും ദേശീയ രക്താര്‍ബുദരോഗ നിര്‍ണയ വിദഗ്ധയുമായ ഡോ. രേഖ നായരെ ഡയറക്ടറായി നിയമിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍സിസിയില്‍ നടപ്പാക്കിവരുന്ന വിവിധ വികസന പദ്ധതികള്‍ക്ക് കരുത്തേകാന്‍ ഡോ. രേഖ നായര്‍ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.ആഗസ്റ്റ് 10ാം തീയതി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ച് നടന്ന അഭിമുഖത്തില്‍ ഡല്‍ഹി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജി കെ രഥ്, മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. രാജന്‍ ബദ്ദ്വ, കൊല്‍ക്കത്ത ടാറ്റാ മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമന്‍ ചാണ്ടി, കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയാണ് ഡോ. രേഖ നായരെ ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്തത്. ഇതിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ആര്‍സിസിയിലെ നാലാമത്തെ ഡയറക്ടറും ആദ്യത്തെ വനിതാ ഡയറക്ടറും കൂടിയാണ് ഡോ. രേഖാ നായര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 1984ല്‍ എംബിബിഎസിലും 1990ല്‍ പത്തോളജി എംഡിയിലും ഉന്നത വിജയം നേടിയിരുന്നു. അമേരിക്കയിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ നിന്നും രക്താര്‍ബുദ നിര്‍ണയത്തില്‍ ഡോ. രേഖ നായര്‍ പരിശീലനം നേടിയിട്ടുണ്ട്.
1989ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇവര്‍ക്ക് അധ്യാപനത്തിലും റിസര്‍ച്ചിലും ക്ലിനിക്കല്‍ വിഭാഗത്തിലുമായി 30 വര്‍ഷത്തെ സേവന പരിചയമുണ്ട്. ആര്‍.സി.സി.യിലെ അഡ്വാന്‍സ്ഡ് സ്‌പെഷ്യാലിറ്റി ലാബുകളായ മോളിക്യുലര്‍ ഫ്‌ളോസൈറ്റോമെട്രി, ഫിഷ്‌ലാബ്, ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രിലാബ് തുടങ്ങിയവ ഡോ. രേഖ നായരുടെ മേല്‍നോട്ടത്തിലാണ് ആരംഭിച്ചത്.
ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള ജേണലുകളില്‍ അമ്പതില്‍പരം മെഡിക്കല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കുന്ന സ്ഥിരം ക്ഷണിതാവ് കൂടിയാണ് ഡോ. രേഖ നായര്‍. രക്താര്‍ബുദ നിര്‍ണയത്തിലും സ്തനാര്‍ബുദ നിര്‍ണയത്തിലും പുതിയ വെളിച്ചം പകര്‍ന്ന മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിന് 2016ല്‍ ദേശീയ അന്തര്‍ദേശീയ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐസിഎം ആറിന്റെ തക്താര്‍ബുദ നിര്‍ണയ ടാസ്‌ക് ഫോഴ്‌സ് അംഗമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Health Minister,Dr. Rekha Nair RCC Director, first in history
Powered by Info News For You

Comments
Post a Comment