റദ്ദുച്ചയുടെ പിന്‍ഗാമിയാവാന്‍ മഞ്ചേശ്വരത്ത് ഷഫീഖ് വരുമോ?
മഞ്ചേശ്വരം: പി.ബി.അബ്ദുല്‍ റസാഖിന്റെ വിയോഗത്തോടെ വരാന്‍ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ആര് മത്സരിക്കണം എന്ന ചര്‍ച്ച പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവം. വിനയവും സ്വഭാവമഹിമയും കൊണ്ട് തുളുനാടിന്റെ മണ്ണില്‍ വ്യക്തിപരമായ സ്വാധീനം നേടിയ റദ്ദുച്ചക്ക് പകരം വെക്കാന്‍ ഒരാളെ കണ്ടെത്തുക എന്നത് മുസ്ലിം ലീഗ് നേതൃത്വത്തിന് എളുപ്പമല്ല. ബി.ജെ.പി യുമായുള്ള പോരാട്ടം കടുക്കുമെന്ന് ഉറപ്പായതോടെ റസാഖിന്റെ മകനായ പി.ബി.ഷഫീഖിനെ രംഗത്തിറക്കണമെന്ന അഭിപ്രായം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുകയാണ്.
നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളില്‍ മക്കളെ മത്സരിപ്പിക്കുന്ന കീഴ്വഴക്കം നേരത്തെ തന്നെയുണ്ട്. സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് മകനായ ശബരീനാഥ് മികച്ച ഭൂരിപക്ഷത്തോടെ അരുവിക്കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാസര്‍കോട് ജില്ലയില്‍ തന്നെ ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമുവിന്റെ മകന്‍ ഷാനവാസിന്റെ വിജയവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. യുവത്വവും മികച്ച വിദ്യാഭ്യാസ യോഗ്യതയുമുള്ള ഷഫീഖ് മത്സരിക്കുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. റദ്ദുച്ചയുടെ കൊണ്ട് വന്ന വികസനത്തിന്റെ തുടര്‍ച്ചയോടൊപ്പം അദ്ദേഹത്തോട് വോട്ടര്‍മാര്‍ക്കുള്ള സ്‌നേഹവും ഷഫീഖിന്റെ അനുകൂലഘടകങ്ങളാണ്. മലയാളം , കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള ഷഫീഖിന്റെ പ്രാവീണ്യം മഞ്ചേശ്വരം പോലെയുള്ള ബഹുഭാഷാമണ്ഡലത്തില്‍ സ്വാധീനിക്കപ്പെടും. നിലവില്‍ ബംഗ്ലുഉരുവില്‍ ഗവണ്മെന്റ് കരാറുകാരനാണ് എം.ബി.ഇ ബിരുദധാരിയായ പി.ബി.ഷഫീഖ്. 

Powered by Info News For You

Comments
Post a Comment