ശബരിമല യുവതീപ്രവേശന വിധി; കോടതി വിശ്വാസികളെ കേട്ടില്ലെന്ന വാദം പൊളിയുന്നു; വിവിധ കക്ഷികള്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: (www.kvartha.com 13.10.2018) ശബരിമല യുവതീപ്രവേശന വിധി കത്തിനില്‍ക്കുമ്പോള്‍ വിധിയെ എതിക്കുന്നവര്‍ ഉന്നയിച്ച ഒരു പ്രധാന വാദം പൊളിയുന്നു. കോടതി വിശ്വാസികളെ കേട്ടില്ലെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാകുകയാണ്.

ദിവസങ്ങളോളം നീണ്ട വാദം കേള്‍ക്കലിനൊടുവിലാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് ചരിത്രവിധി പുറപ്പെടുവിച്ചത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും മറ്റും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ നിര്‍ണായക വിധി. എന്നാല്‍ കോടതി ആരുടെയും വാദം കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നാണ് ചിലരുടെ ആരോപണം.

Kerala, News, New Delhi, Supreme Court of India, Sabarimala Temple, Sabarimala, Verdict, Religion, National, More details out Sabarimala SC verdict.

ശബരിമലയും അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ വസ്തുതകളെല്ലാം കോടതി വിശദമായി പരിശോധിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വിവിധ സംഘടനകളും വ്യക്തികളും കോടതിയില്‍ പറഞ്ഞ കാര്യങ്ങളിങ്ങനെ:-

ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ 

ശബരിമല ഹിന്ദുമതത്തിനുള്ളിലെ പ്രത്യേക വിഭാഗമാണെന്ന വാദം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനുവേണ്ടി ഹാജരായ രവിപ്രകാശ് ഗുപ്തയുടെ വാദം. ദേവസ്വംബോര്‍ഡ് നിയന്ത്രിക്കുന്ന, പൊതുഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ വിലക്കാനാകില്ല. പണ്ട് കാലങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തിലെത്താത്തത് വനത്തിലൂടെ ദീര്‍ഘദൂരം യാത്രചെയ്യാനും മറ്റുമുള്ള പ്രയാസം കാരണമാണ്. 41 ദിവസം വ്രതമെടുത്തവര്‍ക്കേ പ്രവേശനം അനുവദിക്കൂവെന്ന നിബന്ധന വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് പുരുഷമേധാവിത്വ മനോഭാവമാണെന്ന വിലയിരുത്തല്‍ തെറ്റാണെന്ന് ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി. സ്ത്രീകളെ മനഃപൂര്‍വം ഒഴിവാക്കണമെന്ന് ആരും ഉന്നയിക്കുന്നില്ല. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇന്ദ്രിയനിഗ്രഹവും കഠിനവ്രതവും ആത്മനിരാസവും വഴിയാണ് പ്രതിഷ്ഠയുടെ ചൈതന്യം നിലനില്‍ക്കുന്നത്.

പ്രതിഷ്ഠയുടെ സ്വഭാവം കാരണമാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ ഒഴിവാക്കുന്നത്. കാലാകാലമായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ യുക്തിയുടെ കണ്ണിലൂടെ മാത്രം നോക്കിക്കാണാനാകില്ല. ശബരിമലയുടെ പൗരാണികത, മതത്തിനുള്ളിലെ വ്യത്യസ്തപദവി, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്. ഇക്കാര്യങ്ങളില്‍ സംശയമുണ്ടെങ്കില്‍ കോടതിക്ക് അത് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാം.

സംസ്ഥാന സര്‍ക്കാര്‍ 

എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകള്‍ക്ക് മുഴുവന്‍ വിലക്കില്ലെന്നും 10 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്കേ വിലക്കുള്ളൂവെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. 50 - 55 വയസ്സ് വരെ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത സാഹചര്യത്തില്‍ നിശ്ചിതപ്രായം വരെയുള്ള വിലക്ക് ആയുഷ്‌കാല വിലക്കായി മാറും.

ക്ഷേത്രം തന്ത്രി 

ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷ സ്വഭാവമാണ് നൈഷ്ഠികബ്രഹ്മചര്യം. ആ സ്വഭാവത്തെ അംഗീകരിക്കാത്തവര്‍ക്ക് അവിടെ ആരാധന നടത്താന്‍ അവകാശമില്ലെന്ന് തന്ത്രിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. പല തലമുറകളിലുള്ള സ്ത്രീകളും ശബരിമലയിലെ പ്രതിഷ്ഠയുടെ ബ്രഹ്മചര്യസ്വഭാവം അംഗീകരിച്ചിരുന്നു. ഒരാള്‍ തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കേണ്ടത്. അല്ലാതെ ആചാരാനുഷ്ഠാനാങ്ങള്‍ ചോദ്യം ചെയ്യാനാകരുത്.

പന്തളം രാജകുടുംബം 

ശബരിമലയില്‍ 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശനവിലക്കിനെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് ദുരുദ്ദേശ്യം. ശബരിമലയുടെ കീര്‍ത്തിയോടൊപ്പം ഹിന്ദുവിശ്വാസങ്ങളും ആചാരങ്ങളും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്ന് സംശയിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കെ രാധാകൃഷ്ണനാണ് പന്തളം രാജകുടുംബത്തിനുവേണ്ടി ഹാജരായത്.

അയ്യപ്പ സേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി, മാതൃസമിതി 

വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ വിധിയുണ്ടായാല്‍, 'കേരളത്തില്‍ മറ്റൊരു അയോധ്യ' ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കൈലാസനാഥ പിള്ള ചൂണ്ടിക്കാട്ടി. വിശ്വാസവിഷയങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ കോടതി എല്ലാവശങ്ങളും സൂക്ഷ്മതയോടെ പരിശോധിക്കണം.

പീപ്പിള്‍ ഫോര്‍ ധര്‍മ 

ശബരിമല അയ്യപ്പ പ്രതിഷ്ഠയെ നിയമപരമായ പരിരക്ഷയുള്ള വ്യക്തിയായിത്തന്നെ പരിഗണിച്ച് ഭരണഘടനയുടെ 21, 25, 26 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള അവകാശങ്ങള്‍ അനുവദിക്കണം. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരമുള്ള 'വ്യക്തി സ്വാതന്ത്ര്യം' സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവകാശപ്രകാരം പ്രതിഷ്ഠയുടെ സ്വഭാവമായ നൈഷ്ഠികബ്രഹ്മചര്യം സംരക്ഷിക്കാനുള്ള അവകാശമായി അംഗീകരിക്കണം. അഡ്വ. സായ് ദീപകാണ് ഹാജരായത്.

നായര്‍ സര്‍വീസ് സൊസൈറ്റി 

പ്രവേശനവിലക്ക് പുരുഷമേധാവിത്വപരമെന്ന വാദം അടിസ്ഥാനരഹിതമെന്ന് എന്‍എസ്എസ് വാദിച്ചു. സാമൂഹികമായി മുന്നോക്കം നില്‍ക്കുന്ന വിദ്യാഭ്യാസസമ്പന്നരായ കേരളത്തിലെ സ്ത്രീസമൂഹം ശബരിമലയിലെ ആചാരങ്ങള്‍ക്ക് എതിരല്ലെന്നും അഡ്വ. കെ പരാശരന്‍ വാദിച്ചു. സതി പോലെയുള്ള ദുരാചാരങ്ങളുമായി ശബരിമലയിലെ ആചാരങ്ങളെ താരതമ്യപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. ശബരിമല അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണ്. ശബരിമല അയ്യപ്പനില്‍ വിശ്വസിക്കുന്ന ഭക്തര്‍ ആ വിഗ്രഹത്തെ ദര്‍ശിക്കാനെത്തുമ്പോള്‍ ബ്രഹ്മചര്യം പാലിക്കണം. അതിനാല്‍, സ്ത്രീസാമീപ്യം നിഷിദ്ധമാണ്.

മഹിളാ അസോസിയേഷന്‍ 

അശുദ്ധിയുടെ പേരില്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് സ്ത്രീകളുടെ അന്തസ്സിന് കോട്ടമുണ്ടാക്കും. ശബരിമലയെ മതത്തിനുള്ളിലെ പ്രത്യേകവിഭാഗമായി കണക്കാക്കിയാലും ആ വിഭാഗത്തിലെ വിശ്വാസികളുടെ അവകാശങ്ങള്‍, ആരാധാനാസ്വാതന്ത്രത്തിനുള്ള വ്യക്തിയുടെ അവകാശത്തിന് വിധേയമാണ്. മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥാണ് ഹാജരായത്.

അഡ്വ. വി കെ ബിജു 

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമോയെന്ന വിഷയത്തെപ്പറ്റി പഠിക്കാന്‍ വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിടാമെന്ന് അഡ്വ. വി കെ ബിജു വാദിച്ചു. ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലും ഉന്നയിച്ചിട്ടുണ്ട്.

നിഖിത ആസാദ് അറോറ, സുഖ്ജീത് സിങ് 

പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ആര്‍ത്തവം എന്ന ഒറ്റക്കാരണത്താലാണെന്ന് വസ്തുത പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ചൂണ്ടിക്കാട്ടി. ആര്‍ത്തവമുള്ള സ്ത്രീ അശുദ്ധയാണെന്ന വാദത്തിനുപിന്നില്‍ തൊട്ടുകൂടായ്മയുണ്ടെന്ന യുക്തിയാണുള്ളത്. ശബരിമല ഹിന്ദുമതത്തിനുള്ളിലെ പ്രത്യേക വിഭാഗമാണെങ്കിലും പ്രവേശനവിലക്കിന് ന്യായീകരണമാകുന്നില്ലെന്നും അവര്‍ വാദിച്ചു.

Keywords: Kerala, News, New Delhi, Supreme Court of India, Sabarimala Temple, Sabarimala, Verdict, Religion, National, More details out Sabarimala SC verdict.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?