സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ ടൗണ്‍ഷിപ്പ് നിര്‍മാണ പദ്ധതി ആരംഭിക്കുന്നു

കൊച്ചി: (www.kvartha.com 01.10.2018) സ്മാര്‍ട്ട് സിറ്റി കൊച്ചിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായ ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുരോഗതിക്ക് ആക്കം കൂട്ടാന്‍ സ്മാര്‍ട്ട് സിറ്റി കൊച്ചി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സ്മാര്‍ട്ട്‌സിറ്റിയും സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ചിട്ടുള്ള ഫ്രെയിംവര്‍ക്ക് എഗ്രിമെന്റും പാട്ടക്കരാറും അനുസരിച്ച് പാട്ടഭൂമിയിലെ 29.5 ഏക്കര്‍ സ്ഥലത്തിന് കൈവശാവകാശം നല്‍കി റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിനു രൂപം നല്‍കാനുള്ള തീരുമാനവും കൈക്കൊണ്ടു.

സ്മാര്‍ട്ട് സിറ്റിയില്‍ ഉയര്‍ന്നുവരുന്ന ഐടി വാണിജ്യസമുച്ചയങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും ഈ പദ്ധതി. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമീപത്തുതന്നെ താമസസൗകര്യങ്ങള്‍ നല്‍കാനും ഗതാഗത അസൗകര്യങ്ങള്‍ ഒഴിവാക്കാനുമാണിത്.

തങ്ങളുടെ കൈവശമുള്ള 246 ഏക്കര്‍ പാട്ടഭൂമിയിലെ 12 ശതമാനം വരുന്ന ഈ സ്ഥലം കൈവശാവകാശത്തിനു നല്‍കണമെന്ന് തിരുവനന്തപരുത്തു ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിക്ക് 99 വര്‍ഷത്തേയ്ക്കാണ് ഭൂമി പാട്ടത്തിനു നല്‍കിയിരിക്കുന്നത്.

സര്‍ക്കാരുമായി 2007ലുണ്ടാക്കിയ ഫ്രെയിംവര്‍ക്ക് എഗ്രിമെന്റിന്റെയും തുടര്‍ന്ന് 2011ല്‍ ഒപ്പുവച്ച പാട്ടക്കരാറിലെയും വ്യവസ്ഥകളനുസരിച്ച് ചില പ്ലോട്ടുകള്‍ പാട്ടത്തില്‍നിന്ന് കൈവശാവകാശത്തിലേയ്ക്ക് മാറ്റാന്‍ അനുമതി നല്‍കണമെന്നഭ്യര്‍ഥിച്ചായിരിക്കും തങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുക. താമസസൗകര്യം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ ഏറ്റെടുക്കാനും പൊതുജനങ്ങള്‍ക്ക് അവയിലെ റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വാങ്ങാനും ദീര്‍ഘകാലത്തിനു പാട്ടത്തിനെടുക്കാനും ഇതിലൂടെ കഴിയുമെന്നും മനോജ് നായര്‍ ചൂണ്ടിക്കാട്ടി. 

ഇപ്പോള്‍ പുരോഗമിക്കുന്ന വികസനപദ്ധതികളനുസരിച്ച് 2020 അവസാനത്തോടെ 55 ലക്ഷം ചതുരശ്രയടി നിര്‍മിതസ്ഥലം അധികമായി നല്‍കാനാവും. ഇത് 55,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ അധികമായി സൃഷ്ടിക്കും. കാക്കനാട്ടെ ഐടി ഹബ്ബില്‍ ഇതോടെ മൊത്തം തൊഴില്‍സംഖ്യ ഒരു ലക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 3000 കുട്ടികളുമായി ജെംസ് മോഡേണ്‍ അക്കാദമി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പാര്‍പ്പിട പദ്ധതികളും റീട്ടെയില്‍ പദ്ധതികളുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ ടൗണ്‍ഷിപ്പില്‍ വേണ്ടിവരും. എത്രയും പെട്ടെന്ന് ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന ഘടനാ കരാറനുസരിച്ച് കൈവശാവകാശ ഭൂമിയിലേയ്ക്ക് മാറുന്നതിനുള്ള സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം നടപ്പാകുന്നതിന് സര്‍ക്കാര്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ മാറ്റം കഴിഞ്ഞാലും കൈവശാവകാശം സ്മാര്‍ട്ട് സിറ്റിയില്‍തന്നെ നിക്ഷിപ്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മേജര്‍ ടെര്‍മിനലും രണ്ട് ജെട്ടിയും നിര്‍മിക്കുന്നതിന് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 3.33 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നിര്‍ദേശവും ബോര്‍ഡ് അംഗീകരിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് കൊച്ചി വാട്ടര്‍ മെട്രോ പ്രോജക്ട് നടപ്പാക്കുന്നത്. ഇന്‍ഫോപാര്‍ക്ക് ഒന്നും രണ്ടും ഘട്ടങ്ങള്‍, സ്മാര്‍ട്ട് സിറ്റി കൊച്ചി, ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുന്ന സംയോജിത ഗതാഗത പരിഹാര മാര്‍ഗങ്ങളുടെ ഭാഗമായാണ്  കൊച്ചി വാട്ടര്‍ മെട്രോ നിലവില്‍വരുന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് 16 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 84 ശതമാനം ഓഹരികള്‍ ആഗോള നിക്ഷേപ സ്ഥാപനമായ ദുബൈ ഹോള്‍ഡിംഗിനാണ്. ടൂറിസം, ബിസിനസ് എന്നീ വിഭാഗങ്ങളില്‍ ആഗോള നിലവാരമുള്ള കേന്ദ്രമായി ദുബൈയിയെ ഉയര്‍ത്താനുള്ള ശ്രമം ദുബൈ ഹോള്‍ഡിംഗ് നടത്തിക്കൊണ്ടിരിക്കുന്നു.

Keywords: Kochi, Kerala, News, Smart City, The decisions taken at the recently held board meeting of Smart City Kochi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?