പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 3 കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു
പയ്യന്നൂര്‍: ദേശീയപാതയില്‍ എടാട്ട് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് തൃശൂര്‍ ചാലക്കുടി സ്വദേശിയും മൂന്ന് കുട്ടികളും മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.15 ഓടെ എടാട്ട് സെന്‍ട്രല്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. ചാലക്കുടിയില്‍ നിന്നും കൊല്ലൂര്‍ ശ്രീ മൂകാംബികാക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കാര്‍ ഓടിച്ചിരുന്ന ബിന്ദുലാല്‍ ശ്രീധരന്‍ (55), ബിന്ദുലാലിന്റെ മകള്‍ ദിയ (11), ബിന്ദുലാലിന്റെ സഹോദരി ബിന്ദിതയുടെ മക്കളായ അരുണ്‍ (15), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ ബിന്ദുലാലിന്റെ മാതാവ് പത്മാവതി, ഭാര്യ അനിത, മകള്‍ നിയ, സഹോദരി ബിന്ദിത എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരത്ത് നിന്ന് തൃശൂരിലേക്ക് ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ശബ്ദംകേട്ട് പരിസരവാസികള്‍ ഓടിയെത്തിയാണ് തകര്‍ന്ന കാറിനകത്ത് നിന്ന് ആളുകളെ പുറത്തെടുത്തത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസും സ്ഥലത്തെത്തി.
കാറോടിച്ചിരുന്ന ബിന്ദുലാല്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് ചാലക്കുടിയിലുള്ള ബന്ധുക്കള്‍ പയ്യന്നൂരിലേക്ക് പുറപ്പെട്ടു. ഇവരെത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് ബിന്ദുലാലും കുടുംബവും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ മംഗളൂരു സ്വദേശി രവീന്ദ്ര, പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടായി. പിന്നീട് ക്രെയിന്‍ കൊണ്ടുവന്ന് തകര്‍ന്ന കാര്‍ എടുത്തു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Powered by Info News For You

Comments
Post a Comment