കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നല്‍കാതെ മാറ്റി നിര്‍ത്തി; ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല; തേജസ് പത്രം ഡിസംബര്‍ 31 ന് അടച്ചിടുമെന്ന് മാനേജ്‌മെന്റ്; വഴിയാധാരമാകുന്നത് 400 ഓളം ജീവനക്കാര്‍

കോഴിക്കോട്: (www.kvartha.com 22.10.2018) 2006 ജനുവരി 26 ലെ റിപബ്ലിക് ദിനത്തില്‍ കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച തേജസ് ദിനപത്രം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡിസംബര്‍ 31ന് അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നല്‍കാതെ മാറ്റി നിര്‍ത്തിയതായും സാമ്പത്തിക പ്രതിസന്ധി മൂലം ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. തേജസ് ദിനപത്രം അടച്ചുപൂട്ടുന്നതോടെ 400 ഓളം ജീവനക്കാരാണ് വഴിയാധാരമാകുന്നത്.

മലയാള മാധ്യമരംഗത്തെ പരമ്പരാഗത ശൈലികളെ മാറ്റിയെഴുതിയ ചരിത്രമാണ് തേജസിനുള്ളതെന്നും പാര്‍ശ്വവല്‍കൃതരുടെ ശബ്ദമായി മാറാന്‍ കഴിഞ്ഞുവെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ഭരണകൂടാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടി പോലീസ് ഭരണകൂട ഭാഷ്യങ്ങളുടെ മറുപുറം ജനങ്ങളിലെത്തിക്കുന്നതിലും ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. സാമ്രാജ്യത്വത്തിനും ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ഫാഷിസത്തിനുമെതിരായുള്ള നിലപാടാണ് തേജസ് സ്വീകരിച്ചത്.

Thejas pressmeet, Kozhikode, News, Media, Press meet, Criticism, Advertisement, Allegation, Kerala.


ആദ്യവര്‍ഷം തന്നെ തിരുവനന്തപുരത്തും പിന്നീട് കൊച്ചി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും എഡിഷനുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. പിന്നീട് സൗദി, ഖത്തര്‍, ബഹ്‌റയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് എഡിഷനുകളും തുടങ്ങി. ആദ്യവര്‍ഷം തന്നെ തേജസിനെ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് ഡിഎവിപി പരസ്യങ്ങളും ലഭിച്ചു.

സര്‍ക്കാരിന്റെ വിദേശനയങ്ങളെയും വികസനസംരഭങ്ങളെയും വിമര്‍ശിക്കുന്നുവെന്നും, സര്‍ക്കാര്‍ താല്‍പ്പര്യത്തിനു വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നതുമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, 2010 മെയ് 14ന് കേരളത്തിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ് തേജസിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവച്ചതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. യാതൊരു മുന്നറിയിപ്പോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കിയിരുന്നില്ല. പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഫോണിലൂടെയാണ് വിവരം അറിയിച്ചത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ല എന്ന കാരണത്താല്‍ കേന്ദ്രസര്‍ക്കാരും പരസ്യങ്ങള്‍ നിര്‍ത്തലാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 2009 നവംബര്‍ 18 ന് അയച്ച ഒരു സര്‍ക്കുലറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി 2012 ജൂലൈ 26 ന് നല്‍കിയ ഒരു കത്തുമാണ് പരസ്യനിഷേധത്തിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റ ദേശീയോദ്ഗ്രഥന വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കുലറില്‍ തേജസിന് സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് ഞങ്ങള്‍ കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയിരുന്നു.

അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെയും വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെയും നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും തേജസിന്റെ നിലപാടുകളെയും വാര്‍ത്തകളെയും സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തുറന്നതും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഒരു അന്വേഷണവും നടത്തിയില്ല.

ഇതിനിടെ രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താല്‍പര്യത്തെയും അത്യന്തം ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നതായും അതുകൊണ്ട് 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ട് പ്രകാരം, പത്രത്തിന്റെ ഡിക്ലറേഷന്‍ റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം, കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എഡിറ്റര്‍ക്ക് നോട്ടീസയച്ചിരുന്നു.

എന്നാല്‍ ഈ നോട്ടീസില്‍ ഏതെല്ലാമാണ് വര്‍ഗീയവും പ്രകോപനപരവുമായ വാര്‍ത്തകളും ലേഖനങ്ങളുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല. അവ ഏതെന്ന് തേജസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തിരുവനന്തപുരം ബ്യൂറോയില്‍ നിന്നും പഴയ പത്രങ്ങളുടെ പ്രതികള്‍ തപ്പിയെടുത്ത് 18 വാര്‍ത്തകളുടെ പട്ടികയുണ്ടാക്കിയത്. ഇതിനും മറുപടി നല്‍കിയിരുന്നു.

മറ്റ് പത്രങ്ങളില്‍ വന്നതും ഇംഗ്ലീഷ് പത്രങ്ങളില്‍ നിന്ന് പരിഭാഷപ്പെടുത്തിയതുമായ വാര്‍ത്തകളും ലേഖനങ്ങളും ഉദ്ധരിച്ച് രാജ്യദ്രോഹമായും വര്‍ഗീയതയായും ചിത്രീകരിച്ച് തേജസിനെ ഗളഹസ്തം ചെയ്യാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം അങ്ങേയറ്റം അപഹാസ്യമാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു. പരസ്യം നിഷേധിക്കുക മാത്രമല്ല, പത്രമാരണ നിയമമുപയോഗിച്ച് തേജസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആരോപിത വിഷയങ്ങളില്‍ ഇന്നുവരെ ഒരു കോടതിയും ഒരു കേസുപോലും തേജസിനെതിരേ ഉണ്ടാവുകയോ ഏതെങ്കിലും വിധി പ്രസ്താവം കോടതികള്‍ നടത്തുകയോ ചെയ്തിട്ടില്ല.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും നീതിനിഷേധം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി, പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി, ആഭ്യന്തരവകുപ്പു മന്ത്രി, ഇന്റലിജന്‍സ് മേധാവികള്‍ എന്നിവരെ കണ്ട് വിഷയം അവതരിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 08.09.2011 മുതല്‍ 25.08.2012 വരെ ഒരു വര്‍ഷത്തില്‍ താഴെ പരസ്യം നല്‍കി. പിന്നീട് ഇത് വീണ്ടും നിര്‍ത്തിവച്ചു. വീണ്ടും സമ്മര്‍ദഫലമായി 29.12.2012 മുതല്‍ പരസ്യം ലഭിച്ചുതുടങ്ങിയെങ്കില്‍ 19.03.2013ല്‍ അതും നിര്‍ത്തി. യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേജസിന് പരസ്യം നല്‍കാന്‍ പിആര്‍ഡിക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയെങ്കിലും രണ്ടു ദിവസം മാത്രം സര്‍ക്കാര്‍ പരസ്യം നല്‍കി വീണ്ടും നിര്‍ത്തി.

സര്‍ക്കാര്‍ പ്രതിനിധികളെ നിരവധി തവണ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് കേരള ഹൈക്കോടതിയില്‍ പരസ്യനിഷേധത്തിനെതിരേ കേസ് ഫയല്‍ ചെയ്തത്. 23.06.2015 ലെ ഹൈക്കോടതി വിധിയില്‍ ഒരു പ്രാഥമിക സൂക്ഷ്മപരിശോധനാ സമിതിയും ഉന്നതതല സമിതിയും രൂപീകരിച്ച്, തേജസിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിധി പുറപ്പെടുവിച്ച് ഏറെനാള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ട സമിതി, തേജസ് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും വര്‍ഗീയവിഭജനം സൃഷ്ടിച്ചേക്കാം എന്ന നിഗമനത്തിലെത്തി പരസ്യങ്ങള്‍ നിര്‍ത്തിവച്ച നടപടി തുടരാമെന്ന് ശുപാര്‍ശചെയ്തു. അതോടെ കഴിഞ്ഞ എട്ടു വര്‍ഷമായി തുടര്‍ന്നിരുന്ന പരസ്യനിഷേധം തുടര്‍ന്നു.

സര്‍ക്കാര്‍ പരസ്യങ്ങളില്ലാതെ ചെറുകിട പത്രത്തിന് അധികനാള്‍ മുന്നോട്ടുപോവാനാവില്ല. സര്‍ക്കാര്‍ പരസ്യം നിലച്ചതോടെ മറ്റ് പരസ്യദാതാക്കളും നിസ്സഹകരിച്ചു. ചില പരസ്യദാതാക്കളെ പോലീസ് ഭീഷണിപ്പെടുത്തി പരസ്യം നല്‍കുന്നത് മുടക്കാനും ശ്രമിച്ചതായും ഇവര്‍ ആരോപിച്ചു.

ജീവനക്കാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍, അക്രഡിറ്റേഷന്‍ ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ തേജസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയതായും ഇവര്‍ കുറ്റപ്പെടുത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തുകയും നേതാക്കള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ഇതിനിടയിലും ജീവനക്കാരുടെ വേതനം മുടക്കം കൂടാതെ കൃത്യമായി ലഭ്യമാക്കാനും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സേവനവേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാനും ശ്രമിച്ചിട്ടുണ്ട്. മാധ്യമലോകം പൊതുവേ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പരസ്യനിഷേധം അടക്കമുള്ള സര്‍ക്കാരിന്റെ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനം കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണ്.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ട് അന്തസ്സോടെ തലയുയര്‍ത്തി പിടിച്ചു തന്നെ തല്‍ക്കാലം പിന്‍വാങ്ങുന്നതായി ഇവര്‍ പ്രഖ്യാപിച്ചു. കുറച്ചുപേര്‍ക്ക് ഓണ്‍ലൈനിലും വാരികയിലും ജോലി നല്‍കുമെന്നുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

മാനേജിംഗ് ഡയറക്ടര്‍ കെ ഫായിസ് മുഹമ്മദ് , ഡയറക്ടര്‍ എം ഉസ്മാന്‍, കെ എച്ച് നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thejas pressmeet, Kozhikode, News, Media, Press meet, Criticism, Advertisement, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?