സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയില്‍: ജില്ലയില്‍ 250ബസുകള്‍ പിന്‍വലിച്ചു

 
കാസര്‍കോട് (www.evisionnews.co): ദിനംപ്രതിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. ദിവസേന ഡീസല്‍ വില കുതിച്ചുയരുന്നത് മൂലം ഒരു വിധത്തിലും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണ് ഈ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക ബാധ്യത താങ്ങാനാവാതെ കഴിഞ്ഞ പത്തുവര്‍ത്തിനിടെ സംസ്ഥാനത്ത് ഇരുപതിനായിരത്തോളം സ്വകാര്യ ബസുകളെങ്കിലും നിരത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ടെന്നാണ് ബസുടമകളുടെ സംഘടന വെളിപ്പെടുത്തുന്നത്.
 
ശരാശരി ഒരു ദിവസം 20 ബസുകള്‍ എന്ന തോതിലാണ് നിരത്തില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രമായി 1600 ഓളം ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു കഴിഞ്ഞു. 1200 ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന സൂചന. ഈ സ്ഥിതി തുടര്‍ന്നാല്‍ പൊതു ഗതാഗത രംഗം താമസിയാതെ തന്നെ നാമാവശേഷമാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
 
കാസര്‍കോട് ജില്ലയില്‍ 650 ബസുകള്‍ സര്‍വ്വീസ് നടത്തിയിരിക്കുന്നതില്‍ 250 ഓളം ബസുകള്‍ ഇതിനകം പിന്‍വാങ്ങി കഴിഞ്ഞു. ഒരു ബസ് റോഡിലിറങ്ങണമെങ്കില്‍ 35 ലക്ഷം രൂപ ചെലവഴിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ റോഡ് ടാക്സ് പോലും അടക്കാനാവാത്ത സ്ഥിതിയിലാണ് ബസുകളെന്ന് ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് പറഞ്ഞു. നികുതിയടക്കാനാവാതെ പല ബസുകളും ജി ഫോറം കൊടുത്ത് നിര്‍ത്തി വെച്ചതായി അറിയിച്ചിട്ടുണ്ട്.
 
ദേശീയ സംസ്ഥാന പാതകളില്‍ ഓടുന്ന ബസുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഈ റൂട്ടുകളില്‍ ഏറെയും സര്‍വ്വീസ് നടത്തുന്നത്. സ്വകാര്യ ബസുകളിലാകട്ടെ രാവിലെയും വൈകുന്നേരങ്ങളിലും യാത്ര ചെയ്യുന്നവരില്‍ ഏറെയും വിദ്യര്‍ത്ഥികളാണ്.കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസുകളില്‍ കണ്‍സെഷന്‍ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. സൂചികുത്താനിടമില്ലാത്ത വിധമുള്ള തിരക്ക് കടുത്ത യാത്രാ ദുരിതത്തോടൊപ്പം അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു.
 
ഡീസല്‍ വില 80 രൂപയും കടന്ന് മുന്നോട്ടു തന്നെ കുതിക്കുകയാണ്. ഇതുമൂലം ഒരു ബസിന് ഡീസല്‍ ചെലവില്‍ മാത്രം ഒരു ദിവസം ആയിരം രൂപയോളം അധിക ചെലവ് നേരിടുന്നു. ബസ് യാത്ര ഉപേക്ഷിച്ച് പലരും സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതും വരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. വായ്പാ തിരിച്ചടവ്, നികുതി വര്‍ധനവ്, സ്പെയര്‍പാര്‍ട്സുകളുടെ അധിക വില തുടങ്ങി പലവിധത്തിലുള്ള ചെലവുകള്‍ അനുദിനം വര്‍ധിക്കുന്നു. കടക്കെണിയില്‍പ്പെട്ട് സ്വകാര്യ ബസുകളെ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കുമ്പോള്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് തൊഴിലാളികളും വഴിയാധാരമാകുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?