അവര്‍ സുനില്‍ സ്വാമിയുടെ ആളുകളാണ്, സ്വാമി വേണ്ടപ്പെട്ടയാളാണ്; 2012ല്‍ ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവന്ന പ്രമുഖ കരാറുകാരന്‍ സുനിലിനെ കുറിച്ച് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്; വെളിപ്പെടുത്തലുമായി അന്ന് വാര്‍ത്ത നല്‍കിയ റിപോര്‍ട്ടര്‍

കൊച്ചി: (www.kvartha.com 08.10.2018) ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ള തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി 2012ലെ പത്ര റിപോര്‍ട്ട്. അന്ന് വാര്‍ത്ത നല്‍കിയ റിപോര്‍ട്ടര്‍ തന്നെയാണ് രാഹുലിന്റെ ഇരട്ടനിലപാട് പൊളിച്ചടുക്കി രംഗത്തെത്തിയത്. 2012ല്‍ കൊല്ലം സ്വദേശിയും വന്‍ വ്യവസായിയുമായ സുനില്‍ സ്വാമി എന്നയാളുടെ നേതൃത്വത്തിലുള്ള യുവതീ സംഘം ശബരിമലയില്‍ പ്രവേശിച്ച വാര്‍ത്തയാണ് ഇപ്പോള്‍ റിപോര്‍ട്ടര്‍ തന്നെ കുത്തിപ്പൊക്കിയിരിക്കുന്നത്.

വിധിക്ക് പിന്നാലെ തന്റെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിന്റെ നിലപാടിനെതിരെ ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തകന്‍ എബ്രഹാം തടിയൂര്‍ രംഗത്തെത്തിയത്. 2012 ഏപ്രില്‍ ആറിന് 'പോലീസ് സംരക്ഷണയില്‍ യുവതികള്‍ സന്നിധാനത്ത്' എന്ന തലക്കെട്ടിലൂടെയായിരുന്നു വാര്‍ത്ത വന്നത്. ഏപ്രില്‍ രണ്ടിനായിരുന്നു 25നും 45നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവതികള്‍ സന്നിധാനത്ത് പ്രവേശിപ്പിച്ചത്. എസ്‌ഐ അടക്കമുള്ള പോലീസ് സംഘം ഇവര്‍ക്ക് സംരക്ഷണം ഒരുക്കിയതായും ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച തീര്‍ത്ഥാടകരായ യുവാക്കളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തതായും വാര്‍ത്തയിലുണ്ട്.

ഇതുസംബന്ധിച്ച് മാളികപ്പുറം ശാന്തിയോട് കാര്യങ്ങള്‍ ചോദിച്ച യുവാക്കള്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നുവെന്നും എബ്രഹാമിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അവര്‍ സുനില്‍ സ്വാമിയുടെ ആളുകളാണെന്നും ഇതിലും വലിയ സംഭവങ്ങളാണ് ഇവിടെ നടക്കുന്നതെന്നുമായിരുന്നു മാളികപ്പുറം ശാന്തിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് പിന്നാലെ രാഹുല്‍ ഈശ്വര്‍ തന്നെ വിളിച്ച് ഈ ഫോട്ടോ വെച്ച് കേസ് കൊടുക്കാമെന്ന് പറഞ്ഞിരുന്നുവെന്നും പിന്നീട് നിലപാട് മാറ്റുകയായിരുന്നുവെന്നും എബ്രഹാം പറയുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തിരുന്നത്. തങ്ങള്‍ ഭരിക്കുമ്പോള്‍ പോലീസ് സംരക്ഷണത്തോടെ യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചത് മറച്ചുവെച്ച് ഇപ്പോള്‍ സുപ്രീം കോടതി വിധിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രംഗത്തെത്തുന്ന യുഡിഎഫിന്റെ ഇരട്ടത്താപ്പും വ്യക്തമാക്കുന്നതാണ് പത്രക്കട്ടിംഗ് അടക്കമുള്ള പോസ്റ്റ്.



ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2012 ഏപ്രില്‍ 6 ന് ദേശാഭിമാനി പത്രത്തില്‍ ഞാന്‍ കൊടുത്ത ഒരു വാര്‍ത്തയാണിത്. പൊലിസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാര്‍ത്ത.

ഈ വാര്‍ത്ത ഇപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്.ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോള്‍ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.

ഈ വാര്‍ത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിക്കയുണ്ടായി. അതിലൊന്ന് ശ്രീ രാഹുല്‍ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. 'ഈ വിഷയം അങ്ങനെ വിട്ടാല്‍ പറ്റില്ല.ഗൗരവമായി എടുക്കും. വേണ്ടിവന്നാല്‍ കേസു കൊടുക്കാന്‍ ഫോട്ടോകള്‍ കൈയ്യിലുണ്ടല്ലോ' എന്നും ചോദിച്ചു. കാര്യങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.

എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് 'സുനില്‍ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു' എന്നാണ്.

സുനില്‍ സ്വാമി എന്നൊരാളെപ്പറ്റി ഈ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലം കാരനായ ഒരു വന്‍ വ്യവസായി ആണ്. തീര്‍ഥാടന കാലത്ത് ഉള്‍പ്പെടെ മിക്കപ്പോഴും ശബരിമലയില്‍ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാള്‍.

ഇനി വാര്‍ത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികള്‍ സന്നിധാനത്തും മാളികപ്പുറത്തും നില്‍ക്കുന്നത് കണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവരെ പൊലിസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികള്‍ എങ്ങനെ സന്നിധാത്തെത്തി എന്ന് അന്വേഷിച്ചപ്പോള്‍ മാളികപ്പുറം ശാന്തി പറഞ്ഞത് അവര്‍ സുനില്‍ സ്വാമിയുടെ ആള്‍ക്കാരാണെന്നാണ്.

മുംബൈയില്‍ നിന്ന് ഒരു വണ്ടി നിറയെ ആള്‍ക്കാരാണ് അന്നവിടെ എത്തിയത്. പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിം കോടതി വിധിയെ തുടര്‍ന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണല്ലോ ഇത്.

ശബരിമല ശ്രീ അയ്യപ്പസന്നിധിയില്‍ യുവതികള്‍ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുല്‍ ഈശ്വറിനോട് എനിക്കിപ്പോള്‍ ചോദിക്കാനുള്ളത് 2012ല്‍ ഈ വിഷയത്തില്‍ താങ്കളെന്തേ മൗനിയായിപ്പോയി?

അധികാരവും പണവും ഉണ്ടെങ്കില്‍ ദര്‍ശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദര്‍ശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികള്‍ക്ക് മാത്രം അയ്യപ്പദര്‍ശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.




Keywords: Kerala, Kochi, News, Religion, Sabarimala, Sabarimala Temple, Rahul Easwar, Report, Women, Supreme Court of India, Verdict, Journalist against Rahul Eashwar on Sabarimala issue 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?