ഗാന്ധിജയന്തിയുടെ 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയെ നേരില്‍ കാണാനായതിന്റെ ആവേശത്തില്‍ മാത്യു പെരേര; മലയാളം അറിയാത്തതില്‍ രാഷ്ട്രപിതാവ് നിരാശ പ്രകടിപ്പിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം: (www.kvartha.com 02.10.2018) ഗാന്ധിജയന്തിയുടെ 150-ാം വാര്‍ഷികം നാടെങ്ങും ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയെ നേരില്‍ കാണാനായതിന്റെ ആവേശത്തിലാണ് തിരുവനന്തപുരം സ്വദേശിയായ മാത്യു പെരേര. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് 1937 ജനുവരിയില്‍ ഗാന്ധിജി തിരുവനന്തപുരത്തെത്തിയപ്പോഴാണു മാത്യു പെരേര ഗാന്ധിജിയെ നേരില്‍ കണ്ടത്.

യൂണിവേഴ്‌സിറ്റി കോളജ് ജീവനക്കാരനായിരുന്ന മാത്യുവിനു 2019 ജനുവരിയില്‍ 104 വയസാകും. കേള്‍വിക്കു ചെറിയ തകരാറുണ്ടെങ്കിലും ഗാന്ധിയെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു തിളക്കമേറെയാണ്. ഗാന്ധിജിയെ നേരിട്ടു കണ്ടവരില്‍ ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണു മാത്യു.

Mathew Perera who seen Gandhi alive, Thiruvananthapuram, News, Politics, Mahatma Gandhi, Temple, Birthday Celebration, Kerala

ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ടു ജനുവരി 12നാണ് ഗാന്ധിജി തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം മുനിസിപ്പാലിറ്റിയുടെ സ്വീകരണത്തിലും ഹിന്ദി ബിരുദദാന സമ്മേളനത്തിലും പങ്കെടുത്ത അദ്ദേഹം പത്മനാഭസ്വാമി ക്ഷേത്രവും സന്ദര്‍ശിച്ചു. പിന്നീടു തമ്പാനൂര്‍ മൈതാനത്ത് പൊതുയോഗത്തിലും സംസാരിച്ചു.

പൊതുയോഗത്തില്‍ പങ്കെടുക്കാനായി ഗാന്ധിജി എത്തിയപ്പോഴാണു മാത്യു പെരേര ഗാന്ധിജിയെ അടുത്തു കാണുന്നത്. ചുറ്റും കൂടിയ നൂറുകണക്കിനു പേരോടൊപ്പം അതിശയത്തോടെ ഗാന്ധിജിയെ നോക്കിനിന്നു. പിന്നീടു ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനായി പൊതുയോഗത്തിലും പങ്കെടുത്തു.

പൊതുയോഗത്തില്‍ ഗാന്ധിജി പറഞ്ഞു ' നിങ്ങളുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ സാധിച്ചെങ്കില്‍ എന്നു തോന്നുകയാണ്. നിങ്ങള്‍ സംസാരിക്കുന്ന സംഗീതാത്മകമായ ഭാഷ പഠിക്കാന്‍ കഴിയാത്തതില്‍ എനിക്കു ദു:ഖമുണ്ട്'. ജാതി വ്യവസ്ഥയെക്കുറിച്ചും ക്ഷേത്രപ്രവേശന വിളംബരം നടപ്പിലാക്കുന്നതിനെ സംബന്ധിച്ചുമാണു പ്രസംഗത്തില്‍ അധികവും പരാമര്‍ശിച്ചത്. ഗാന്ധിജി പ്രസംഗം അവസാനിപ്പിച്ചശേഷം മടങ്ങിയപ്പോള്‍ ജനങ്ങള്‍ അവേശത്തോടെ അദ്ദേഹത്തെ കാണാനായി ഇരച്ചുകയറിയെന്നു മാത്യു പറയുന്നു.

ഗാന്ധിജി മരിച്ച വാര്‍ത്ത മാത്യു അറിയുന്നത് ചങ്ങനാശേരിയിലേക്കുള്ള ബോട്ട് യാത്രയ്ക്കിടെയാണ്. സന്ധ്യാനേരത്ത് ആ വാര്‍ത്ത അറിഞ്ഞതോടെ ജനങ്ങള്‍ പരിഭ്രാന്തരായതായും മാത്യു പെരേര ഓര്‍ക്കുന്നു.

1915 ജനുവരി 24നാണു മാത്യു പെരേരയുടെ ജനനം. ഏഴാം വയസില്‍ അച്ഛനെ നഷ്ടമായി. 17-ാം വയസില്‍ അന്നത്തെ ഇഎസ്എല്‍സി പാസായി. 20-ാമത്തെ വയസില്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ഓഫിസില്‍ ജോലി നേടി. തുടര്‍ന്നു തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ അവിടെ ജീവനക്കാരനായി. സെനറ്റ് ഹാളിനു പുറകുവശത്തെ കെട്ടിടമായിരുന്നു ഓഫിസ്. ആകെയുണ്ടായിരുന്നത് എട്ട് ജീവനക്കാര്‍.

യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി കെ.എല്‍. മൗഡ്ഗില്‍ നിയമിതനായപ്പോള്‍ ഇന്ത്യയിലെ പ്രധാന റിസര്‍ച്ച് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുണ്ടാക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചു. മാത്യു പെരേരയെ അസിസ്റ്റന്റായി തെരഞ്ഞെടുത്തു. ഇന്നത്തെ പാക്കിസ്ഥാനിലെ അടക്കം നിരവധി റിസര്‍ച്ച് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കി.

പിന്നീട് വിസിയുടെ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടി. ഡോ. അയ്യപ്പന്‍പിള്ള വരെയുള്ള വൈസ് ചാന്‍സിലര്‍മാരുടെ സെക്രട്ടറിയായി ജോലിനോക്കി. 1970ല്‍ ജോലിയില്‍നിന്നു വിരമിച്ചു. ഇപ്പോള്‍ തിരുവനന്തപുരം ലോ കോളജിനടുത്തുള്ള വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് മാത്യു പെരേര.

അഞ്ചു തവണയാണ് ഗാന്ധിജി കേരളത്തില്‍ വന്നിട്ടുള്ളത്. ആകെ 43 ദിവസത്തെ സന്ദര്‍ശനം. 1920 ഓഗസ്റ്റ് 18നാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്. ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ഥം കോഴിക്കോടായിരുന്നു സന്ദര്‍ശനം. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. 1925 മാര്‍ച്ച് എട്ടിന്.

എറണാകുളം വഴി വൈക്കത്ത് എത്തിയ ഗാന്ധിജി ശ്രീനാരായണഗുരു, തിരുവിതാംകൂര്‍ ഭരണാധികാരി റീജന്റ് മാഹാറാണി സേതുലക്ഷ്മീഭായി, ശ്രീചിത്തിര തിരുനാള്‍, അമ്മ മഹാറാണി, കൊച്ചിയിലെ മുന്‍രാജാവ് എന്നിവരെ സന്ദര്‍ശിച്ചശേഷം പാലക്കാട് വഴി മാര്‍ച്ച് 19ന് മടങ്ങി. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അദ്ദേഹം ശിവഗിരി സന്ദര്‍ശിച്ചു. സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസിലായിരുന്നു താമസം. മാര്‍ച്ച് 14ന് ബാലരാമപുരം പുലയ സ്‌കൂള്‍ സന്ദര്‍ശിച്ചു. കടല്‍കടന്നു സഞ്ചരിച്ചു എന്ന കാരണത്താല്‍ കന്യാകുമാരിയില്‍ അദ്ദേഹത്തിന് ക്ഷേത്രപ്രവേശനം നിഷേധിച്ച സംഭവവുമുണ്ടായി.

മൂന്നാമത്തെ സന്ദര്‍ശനം 1927 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു. നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തെത്തിയ അദ്ദേഹം വിജെടി ഹാളിലെ മഹിളാ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രവേശനം ടിക്കറ്റു വച്ചു നടത്തിയതിനെ യോഗത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, ഒല്ലൂര്‍, തൃശൂര്‍, പാലക്കാട്, തളിപ്പറമ്പുവഴി കോഴിക്കോടെത്തിയ ഗാന്ധിജി ഒക്ടോബര്‍ 25ന് തിരിച്ചുപോയി.

ഹരിജനഫണ്ട് പിരിക്കാനായി 1934 ജനുവരി പത്തിനാണു പിന്നീട് കേരളത്തിലെത്തുന്നത്. ഒലവക്കോട് വഴി ചെറുപ്പുളശേരി, ഒറ്റപ്പാലം, ഗുരുവായൂര്‍, പട്ടാമ്പി, കണ്ണൂര്‍, തലശേരി, മാഹി, വടകര, കൊയിലാണ്ടി, കല്‍പ്പറ്റ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം ജനുവരി 22ന് തിരിച്ചുപോയി. തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ 1936 നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരം നടത്തിയതുമായി ബന്ധപ്പെട്ട് 1937 ജനുവരി 12നാണ് തിരുവിതാംകൂര്‍ സന്ദര്‍ശിച്ചത്. അതായിരുന്നു അവസാന സന്ദര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mathew Perera who seen Gandhi alive, Thiruvananthapuram, News, Politics, Mahatma Gandhi, Temple, Birthday Celebration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?