ഉറങ്ങുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിക്കാന്‍ നോക്കി, കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കാന്‍ നോക്കി; അപ്പോഴൊക്കെ തടസമായത് മാതാവിന്റെ സാന്നിധ്യം; വിജയിച്ചത് 10-ാമത്തെ ശ്രമത്തില്‍; ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലയ്ക്ക് മറ്റാര്‍ക്കും പങ്കില്ലെന്നും അറസ്റ്റിലായ ജസീല

കോഴിക്കോട്: (www.kvartha.com 25.10.2018) താമരശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറസ്റ്റിലായ പിതൃസഹോദരഭാര്യ ജസീല. കുടുംബത്തില്‍നിന്നുണ്ടായ അവഗണനയാണു തന്നെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്നും ജസീല പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ജസീല ആദ്യം പദ്ധതിയിട്ടത്. പിന്നീടു കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യമാണ് തടസമായത്. പുറത്തു പോയി വന്നോളൂ ഞാന്‍ കുഞ്ഞിനെ നോക്കിക്കോളാമെന്നു ജസീല പലതവണ പറഞ്ഞു നോക്കിയെങ്കിലും മാതാവ് ഷമീനയ്ക്ക് അതിനോട് യോജിപ്പില്ലായിരുന്നു. ഇതിനിടെ കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നു വരുത്തിത്തീര്‍ക്കാനും ജസീല ശ്രമിച്ചു.

Why did Kerala woman throw 7-month-old niece into well, Kozhikode, News, Local-News, Crime, Criminal Case, Police, Arrest, Kerala

കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ സ്വന്തം മാതാവിനേക്കാള്‍ കരുതലുണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നുന്ന തരത്തിലായിരുന്നു ജസീലയുടെ സ്‌നേഹപ്രകടനം. ബന്ധുക്കളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ലാളനയാണ് കുഞ്ഞിനു നല്‍കിയിരുന്നതും. ഏഴു മാസം മാത്രം പ്രായമുള്ള ഫാത്ത്വിമയോടു ജസീല കാണിച്ചതെല്ലാം സ്‌നേഹത്തിന്റെ തരിമ്പ് പോലുമില്ലാത്ത കാപട്യമായിരുന്നു. ജസീലയുടെ അഭിനയം പുറത്തറിയാനിടയാക്കിയതു ഫാത്ത്വിമയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യവും.

ലാളന തുടരേണ്ട കൈകള്‍ ജീവനെടുത്തതിന്റെ അമ്പരപ്പിലാണ് പ്രദേശം. ജസീല പോലീസിനു നല്‍കിയ മൊഴിപ്രകാരം ഫാത്ത്വിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ്. താരാട്ടുപാട്ടിനിടെ ഒളിഞ്ഞിരുന്നതു ജീവനെടുക്കാനുള്ള വഴി തേടലായിരുന്നു.

ഭര്‍ത്താവ് വിദേശത്തായതിനാല്‍ അദ്ദേഹം നാട്ടിലെത്തുമ്പോള്‍ മാത്രമാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്. മറ്റുള്ള സമയങ്ങളില്‍ ഈങ്ങാപ്പുഴയിലെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. മറ്റുള്ളവരോടു സ്‌നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്. എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു അവരോട് ശത്രുതയ്ക്കിടയാക്കിയത്.

കുടുംബവുമൊത്തുള്ള യാത്രയ്ക്കു കഴിയാതിരിക്കുക, അനുജനും ഭാര്യയും ബന്ധുവീടുകളിലേക്കു പോകുമ്പോള്‍ പതിവായി ഭര്‍ത്താവിനോടു പരിഭവം പറയുക തുടങ്ങിയ നിസാര കാര്യങ്ങളില്‍നിന്നാണ് ഷമീനയോടുള്ള വിരോധം ഉണ്ടായത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. കൊലപാതകം നടക്കുന്ന ദിവസം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം ഷമീന പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരെത്തുന്നതിന് മുന്‍പായിരുന്നു സകലതും നടന്നത്.

ആദ്യമേ കുഞ്ഞിന്റെ മരണത്തില്‍ ജസീലയെ പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു യാതൊരു സംശയവമുണ്ടായിരുന്നില്ല. വീട്ടില്‍ മറ്റാരുടെയെങ്കിലും വരവു പതിവായിരുന്നോ. ആരെങ്കിലുമായി വിദ്വേഷമുണ്ടായിരുന്നോ മോഷണശ്രമമെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിച്ചു. കുഞ്ഞിന്റെ കൈയ്യിലും കഴുത്തിലും കാലിലുമുണ്ടായിരുന്ന സ്വര്‍ണമൊന്നും നഷ്ടപ്പെടാതിരുന്നതു കവര്‍ച്ചയല്ലെന്ന് ഉറപ്പായി. ആദ്യദിവസം ബന്ധുക്കളോട് കാര്യമായൊന്നും പോലീസ് ചോദിച്ചിരുന്നില്ല. എന്നാല്‍ ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങളെത്തുടര്‍ന്നുള്ള പോലീസ് നിരീക്ഷണമാണു അവരെ കുടുക്കിയത്.

വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തിരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. അങ്ങനെയെങ്കില്‍ ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമിക്കേണ്ടിയിരുന്നതല്ലേ. കുഞ്ഞിനെ കിണറ്റില്‍നിന്നു പുറത്തെടുക്കും വരെ കരച്ചിലോടെ നിന്നിരുന്ന ജസീല പിന്നീടു യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളിലേക്കു മാറിയതാണു സംശയത്തിനിടയാക്കിയത്. ബന്ധുക്കളില്‍ രണ്ടുപേരെ നിരീക്ഷണത്തിനു പോലീസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുന്നതു ശ്രദ്ധിച്ചു. വീട്ടിലെത്തുന്നവരോടു ചിരിച്ചു കൊണ്ടു പെരുമാറുന്നു. ഭക്ഷണം വിളമ്പുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്. പോലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല.

കുഞ്ഞിനെ ആരോ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നതായി കണ്ടുവെന്നായിരുന്നു ജസീലയുടെ ആദ്യത്തെ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നും കവര്‍ച്ചയ്ക്കായി ആരെങ്കിലും വന്നപ്പോള്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നും വരെ പറഞ്ഞുനോക്കി. നിങ്ങള്‍ സംഭവിച്ചതു പറയൂ. അല്ലെങ്കില്‍ നുണപരിശോധനയെന്ന പോലീസിന്റെ മുന്നറിയിപ്പിലാണു ജസീല വീണത്. പിന്നീട് അവര്‍ക്ക് പറയാതിരിക്കാന്‍ നിര്‍വാഹമുണ്ടായില്ല. പിന്നീടാണ് കുറ്റസമ്മതം.

ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണി അലക്കാന്‍ പോകുന്നതു ജസീല ശ്രദ്ധിച്ചു. പിന്നീടു കുളിമുറിയില്‍ കയറിയെന്ന് ഉറപ്പായപ്പോള്‍ പുറത്തിറങ്ങി പരിസരം നിരീക്ഷിക്കുകയും വേഗത്തില്‍ കുഞ്ഞിനെയെടുത്തു കിണറ്റിലേക്കിടുകയുമായിരുന്നു. പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും അടുക്കള ജോലിയില്‍ തുടര്‍ന്നു. ഷമീന തിരിച്ചെത്തി കുഞ്ഞിനെക്കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അയ്യോ എന്ന് ഉറക്കെവിളിച്ച് പൊട്ടിക്കരഞ്ഞ് ആദ്യം അന്വേഷണത്തിനു പുറത്തിറങ്ങിയതും ജസീലയായിരുന്നു.

അതേസമയം മാതാവിനോടുള്ള വിദ്വേഷമാണു കുഞ്ഞിനെ കിണറ്റിലെറിയാന്‍ തോന്നിയത് എന്നതു മാത്രം പോലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. ജസീലയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യത തേടുകയാണു പോലീസ്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ, എന്തായിരുന്നു യഥാര്‍ഥ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പരിശോധനയുണ്ടാകുമെന്നു താമരശേരി ഡിവൈഎസ്പി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Why did Kerala woman throw 7-month-old niece into well, Kozhikode, News, Local-News, Crime, Criminal Case, Police, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?