തെറ്റു ചെയ്യുന്നവര്‍ക്കും ന്യായം പറയാനുണ്ട്

കൂക്കാനം റഹ് മാന്‍

(www.kvartha.com 11.09.2018) തെറ്റും ശരിയും തിരിച്ചറിയാന്‍ ഏറെ പ്രയാസമുള്ള കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. തെറ്റു പ്രവര്‍ത്തിക്കുന്നവര്‍ എന്ന് സമൂഹത്തിന് ബോധ്യമുള്ള വ്യക്തികള്‍ തങ്ങള്‍ തെറ്റുകാരല്ല എന്ന് ബോധ്യപ്പെടുത്താന്‍ സമര്‍ത്ഥരാണ്. ഒരു വ്യക്തി തന്റെ നിലനില്‍പ്പിനു വേണ്ടിയോ, അല്ലാതെയോ ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് മറ്റുള്ളവര്‍ വ്യാഖ്യാനിക്കുമ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കാനും താന്‍ ചെയ്തത് ശരി തന്നെയാണെന്നതില്‍ ഉറച്ചു നില്‍ക്കാനും ശ്രമിക്കുന്ന കാഴ്ച നമുക്കു ചുറ്റും പലപ്പോഴും കാണാന്‍ കഴിയും.
Kookkanam Rahman, Article, Drugs, Need more campaign against drug addiction

ലഹരി വസ്തുക്കള്‍ തകൃതിയായി വില്‍പ്പന നടത്തുന്ന ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തില്‍ അതില്‍ എത്രത്തോളം ശരിയുണ്ടെന്നറിയാന്‍ ഒരു ശ്രമം നടത്തി നോക്കിയ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. രണ്ട് ഊശാന്‍ താടിക്കാരായ, ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്ത എന്റെ സുഹൃത്തുക്കളായ രണ്ടു ചെറുപ്പക്കാരെ സംഘടിപ്പിച്ചു. പ്രസ്തുത സ്ത്രീയുടെ വീടു കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. അവരുടെ വീട്ടില്‍ വെച്ചാണ് വ്യാപാരം നടത്തുന്നതെന്നാണറിഞ്ഞത്. പരിചയമില്ലാത്ത പ്രദേശമാണ്. വീട് സ്വകാര്യമായി കണ്ടെത്തുകയും വേണം. ഒടുവില്‍ ആരുടെയും സഹായമില്ലാതെ ചെറുപ്പക്കാര്‍ ലക്ഷ്യം വെച്ച വീട് കണ്ടെത്തി.

ലഹരി ഉപയോഗിക്കുന്നവരാണെന്ന് ഒറ്റ നോട്ടത്തില്‍ ഈ ചെറുപ്പക്കാരെ കണ്ടാല്‍ തോന്നും. ഞാന്‍ മാറി നിന്നു. വീടിന് മുന്നിലെത്തിയപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു പുറത്തേക്കു വന്നു.

'വന്നതെന്താ'

ചെറുപ്പക്കാര്‍ സംസാരിക്കാതെ പല്ലിന്റെ ഇടകാണിച്ചു പറഞ്ഞു. ' ഒരു പാക്കറ്റ് വേണായിരുന്നു.'
'ഒരു പാക്കറ്റ് വേണോ?' അല്ല ഒരു പീസ് മതിയോ?
'ഓ ഒരു പീസ് മതി'

സ്ത്രീ ഒരു ചെറിയ പാക്കറ്റുമായി വന്നു. ചെറുപ്പക്കാരെ ഉപദേശിച്ചു. 'ഇനി മുതല്‍ പാക്കറ്റ് എന്ന് ചോദിക്കരുത് പീസ് 'വേണം' എന്ന് പറയണം. ഒരു പീസിന് 30 രൂപ അവര്‍ വാങ്ങി.

ആ സ്ത്രീയെ ഈ ദുഷ്ട പ്രവൃത്തിയില്‍ നിന്ന് മാറ്റിയെടുക്കാന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കാന്‍ ചെറുപ്പക്കാരുമൊത്ത് ഞാന്‍ അവരുടെ വീട്ടിലേക്ക് ചെന്നു. നിങ്ങള്‍ വില്പന നടത്തുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ എവിടുന്നു കിട്ടുന്നു എന്നും എന്തിനാണ് ആളുകളെ ദ്രോഹിക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നതെന്നും ആരാഞ്ഞു.

'അയ്യോ ഞങ്ങള്‍ ഇതിന്റെ വില്പ്പനക്കാരൊന്നും അല്ല സാറേ' ഉടനെ കൂട്ടത്തിലെ ചെറുപ്പക്കാരന്‍ ഇടപെട്ടു. 'അപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ ഇതു തന്നല്ലോ'
'അതൊരു പീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നിങ്ങള്‍ക്ക് തന്നു. ഇനി ചിലപ്പോള്‍ ഇവിടില്ല എന്നു പറഞ്ഞാല്‍ നിങ്ങളെപ്പോലത്തെ ചെറുപ്പക്കാര്‍ ഇവിടുന്ന് പോവില്ല. ഇവിടുത്തന്നെ കുത്തിയിരിക്കും. അതിന് പേടിച്ചിട്ടാണ് ചോദിക്കുമ്പോള്‍ തന്നെ എടുത്തു തന്നത്.'

നോക്കണേ എത്ര മനോഹരമായാണ് അവര്‍ ന്യായം പറയുന്നത്. നേരത്തെ സാധനം വാങ്ങിച്ച ചെറുപ്പക്കാരനെ ആ സ്ത്രീ അകത്തേക്ക് വിളിച്ചു. എന്നെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിച്ചതെന്ന് മനസ്സിലായി. അതിന് ശേഷം എന്നോട് വളരെ കൂള്‍ ആയിട്ടാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്.
'സര്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനാണെന്ന് മനസ്സിലായി. സമൂഹത്തില്‍ കാണുന്ന ഇത്തരം ദുഷിച്ച പ്രവര്‍ത്തികളെ എതിര്‍ക്കുകയും സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണെന്നും അറിഞ്ഞു. ഞങ്ങളെ പോലുള്ളവരെ ഇതിനു പ്രേരിപ്പിക്കുന്ന കാര്യങ്ങളെന്താണെന്ന് ഞങ്ങളെ കുറ്റപ്പെടുത്തുന്നതിനു മുമ്പേ സമൂഹം മനസ്സിലാക്കുന്നില്ല. അതാണ് ഞങ്ങളെപ്പോലുള്ളവരുടെ പ്രയാസം.

ഞാന്‍ ഡിഗ്രി വരെ പഠിച്ച വ്യക്തിയാണ്. വിവാഹിതയായി. രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍. ഭര്‍ത്താവ് ഒരു ചെറിയ കട നടത്തിയിരുന്നു. അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചു വന്നത്. ഹാര്‍ട്ട് അറ്റാക്ക് വന്ന് ഞങ്ങളെ തനിച്ചാക്കി അദ്ദേഹം പോയി. പിന്നീട് ആ ചെറിയ കട ഞാനാണ് നടത്തിക്കൊണ്ടു വന്നത്. എനിക്ക് അദ്ദേഹം നടത്തിയപോലെ കട നടത്തിക്കൊണ്ടു പോകാന്‍ പറ്റിയില്ല. എന്റെ പ്രയാസം കണ്ടറിഞ്ഞ ഒരു അജ്ഞാത വ്യക്തി ഇത്തരം ലഹരി വസ്തുക്കള്‍ എത്തിച്ചു തരാന്‍ തയ്യാറായി. വില്പന നടത്തി കമ്മീഷന്‍ കഴിച്ചുള്ള തുക അദ്ദേഹത്തിന് കൊടുത്താല്‍ മതി. ഈ സാധനങ്ങള്‍ കടയില്‍ കിട്ടുമെന്ന് ആവശ്യക്കാരെല്ലാം അറിഞ്ഞു. സ്വകാര്യമായി സൂക്ഷിക്കുകയും കൊടുക്കുകയും ചെയ്യണം. എല്ലാം രഹസ്യമാവണം എന്നൊക്കെ സാധനം എത്തിച്ചു തരുന്ന വ്യക്തി സൂചിപ്പിച്ചിരുന്നു.

വലിയ അധ്വാനമില്ലാതെ ജീവിക്കാനാവശ്യമായ പണം ഈ കച്ചവടം വഴി എനിക്ക് ലഭിച്ചു തുടങ്ങി. രണ്ട് പെണ്‍മക്കളാണെനിക്ക്. മൂത്തവള്‍ ഡിഗ്രിക്ക് പഠിക്കുന്നു. രണ്ടാമത്തേവള്‍ പ്ലസ്ടുവിനും. കുട്ടികളുടെ പഠനം നടക്കണം. ജീവിക്കണം. അത്യാവശ്യ ഡ്രസ്സുകളും മറ്റും വേണം. അതൊക്കെ അഡ്ജസ്റ്റ് ചെയ്തു കൊണ്ടു പോകാന്‍ എനിക്ക് ഈ വഴിയിലൂടെ സാധ്യമായി. ചെയ്യുന്നത് ശരിയല്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഇത് ചെയ്തു കൊണ്ടിരുന്നത്..

ഇതില്‍ അസൂയ പൂണ്ടവരോ, പ്രവൃത്തി മോശമായതിനാല്‍ അതില്ലാതക്കണമെന്ന ചിന്തയുള്ളവരോ ആവാം എന്റെ കട അഗ്നിക്കിരയാക്കി. ഒരു ദിവസം രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചയായിരുന്നു അത്. നാട്ടുകാരെല്ലാം എനിക്കെതിരാണ്. സഹായത്തിന് ആരും മുന്നോട്ട് വന്നില്ല.

ജീവിതം വഴി മുട്ടി നിന്ന അവസരം. രണ്ടു മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാനുള്ള ചിന്തയിലായി ഞാന്‍. മറ്റ് തൊഴിലെടുത്തു ജീവിക്കാനുള്ള കരുത്ത് എനിക്കില്ല. മക്കളുമായി ആലോചിച്ചാലൊന്നും എന്റെ കൂട്ട ആത്മഹത്യ പദ്ധതി നടക്കില്ല. അവരറിയാതെ ഒന്നിച്ചു മരിക്കാനുള്ള പ്ലാന്‍ തയ്യാറാക്കി വെച്ചു.

വീണ്ടും മനസ്സു മാറി. ഇല്ല കുട്ടികളെ ഒരു കരയ്ക്കു കയറ്റുന്നതു വരെ ജീവിക്കുക തന്നെ വേണം. അതിനായി അടുത്ത ശ്രമം. ഏതായാലും ഞാന്‍ ലഹരി മരുന്നു വില്പനക്കാരിയാണെന്ന് സമൂഹം വിധിയെഴുതിക്കഴിഞ്ഞു. കടകത്തി നശിച്ചു. സാധനം എത്തിച്ചു തരുന്ന വ്യക്തിക്ക് എന്നെ അറിയാം. ആവശ്യക്കാരായി എത്തുന്നവര്‍ക്കും എന്നെ അറിയും. ഇപ്പോള്‍ ഇവിടെ എന്റെ വീട്ടില്‍ വെച്ചു തന്നെയാണ് ഞാന്‍ ഇതിന്റെ ഓപ്പറേഷന്‍ നടത്തുന്നത്.

എല്ലാവരും ഉപദേശിക്കാറുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. പല തവണയും എക്‌സൈസുകാര്‍ പിടിച്ചു. അതില്‍ നിന്നൊക്കെ സമര്‍ത്ഥരായി രക്ഷപ്പെടാനുള്ള സൂത്രപ്പണികളും ഞാന്‍ പഠിച്ചു കഴിഞ്ഞു. വളര്‍ന്നു വരുന്ന എന്റെ പെണ്‍മക്കള്‍ക്കും ഇത് നാണക്കേടാകുന്നുണ്ട്. ഇതൊക്കെയാണെങ്കിലും എന്റെ ഇന്നത്തെ അവസ്ഥയില്‍ ഇതെല്ലാതെ വേറൊരു മാര്‍ഗ്ഗം ഞാന്‍ കാണുന്നില്ല'.

ആ സ്ത്രീ പറയുന്നത് ഞാന്‍ കേട്ടിരുന്നു. അവരുടെ നീറുന്ന ജീവിതാനുഭവം കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാന്‍ പതറുകയായിരുന്നു. ഒരു കാര്യം തീര്‍ച്ച.. അവര്‍ സമൂഹത്തെ നാശോന്മുഖമാക്കാന്‍ ഇറങ്ങി പുറപ്പെട്ടവരല്ല. മൂന്നു വയറു പുലരാനും, സ്വന്തം കുട്ടികളെ കരപറ്റിക്കാനും നിതാന്തജാഗ്രതയോടെ ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്.

ജീവിക്കാന്‍ മറ്റൊരു തൊഴില്‍ ചെയ്യാന്‍ ആ സ്ത്രീക്ക് പറ്റുന്നില്ല. ആരും സഹായിക്കാന്‍ ഇല്ല. പിന്നെന്താണ് അവരോട് നിര്‍ദേശിക്കേണ്ടതെന്ന് ആലോചിച്ചിട്ടെനിക്ക് ഒരു എത്തും പിടിയും കിട്ടുന്നുമില്ല. അവരെ കുറ്റപ്പെടുത്താന്‍ നമുക്കാവും. വേറൊരു വഴി കണ്ടെത്തിക്കൊടുക്കാന്‍ പറ്റുന്നുമില്ല. ഇത് ഇവരുടെ മാത്രം അനുഭവമായിരിക്കില്ല. ഇങ്ങനെ പലരുമുണ്ടാവാം. അവരെല്ലാം ചെയ്യുന്നത് തെറ്റാണെന്ന് അറിയുകയും ചെയ്യാം.

സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടത് ഇതിന് ഇരകളായി തീരുന്നവരെ രക്ഷപ്പെടുത്തുക എന്നതിലേക്കാണ്. ലഹരി വസ്തുക്കള്‍ ലഭ്യമാവുന്നത് കൊണ്ടാണ് ആളുകള്‍ ഉപയോഗിക്കുന്നത്, ലഭ്യമല്ലെങ്കില്‍ ഉപയോഗിക്കില്ലല്ലോ എന്ന് നമുക്ക് ന്യായം കണ്ടെത്താം. പക്ഷേ അതല്ല.. കുട്ടികളെയും യുവാക്കളെയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നതാവണം സമൂഹത്തിന്റെ ശ്രമം. അതിന് രക്ഷിതാക്കളും സമൂഹവും, സാമൂഹ്യസ്ഥാപനങ്ങളും ബദ്ധ ശ്രദ്ധരായിരിക്കുകയെന്നതാണ് ഒരേ ഒരു മാര്‍ഗ്ഗം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookkanam Rahman, Article, Drugs, Need more campaign against drug addiction


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?