എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള മന്ത്രിയുടെ ദാര്‍ഷ്ട്യം ധിക്കാരപരം: മുസ്്‌ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി വോട്ടുനേടി അധികാരം കയ്യടക്കിയ റവന്യൂ മന്ത്രിയും ഇടതു എം.എല്‍.എയും സങ്കടം പറയാനെത്തിയ ദുരിതബാധിരാരോടും അവരുടെ അമ്മമാരോടും ധിക്കാരപരമായി പെരുമാറുകയും പൊലീസിനെ ഉപയോഗിച്ച് തള്ളിമാറ്റുകയും ചെയ്തത് അത്യന്തം പ്രതിഷേധാര്‍ഹവും ക്രൂരതയുമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ പ്രസ്താവിച്ചു.
 
കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജനപ്രതിനിധികളോട് പരാതിയും പരിഭവവും പറയാന്‍ ഇരകളും രക്ഷിതാക്കളുമെത്തിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ ഇരകളുടെയും അമ്മമാരുടെയും സങ്കടവും ദുരിതവും കേള്‍ക്കാതെ മന്ത്രി ചന്ദ്രശേഖരനും കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും അവരോട് കയര്‍ത്ത് സംസാരിച്ച് ധിക്കാരപരമായി പെരുമാറി പൊലീസിനെ കൊണ്ട് തള്ളിമാറ്റിച്ച് കാറില്‍ കയറി ഒളിച്ചോടിയ നടപടി മനുഷ്യത്വരഹിതവും അപഹാസ്യവുമാണ്.
 
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ജില്ലയുടെ ചാര്‍ജുള്ള മന്ത്രി അഞ്ചു മിനിറ്റ് വൈകിയെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് വലിച്ച് കീറി യോഗം അലങ്കോലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ അന്നത്തെ എംഎല്‍.എ ചന്ദ്രശേഖരന്‍ മന്ത്രി പദത്തിലെത്തിയപ്പോള്‍ ഇരകളോടും രക്ഷിതാക്കളോടും കാണിച്ച സമീപനം ധിക്കാരപരവും നന്ദികേടുമാണ്. 1905 പേര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്ന് മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തിട്ടും 287പേരെ മാത്രം ഉള്‍പ്പെടുത്തിയത് ഏത് മാനദണ്ഡത്തിലാണെന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അര്‍ഹരെ തഴഞ്ഞ് പാര്‍ട്ടി അനുഭാവികളെ ലിസ്റ്റില്‍ തിരുകി കയറ്റാനുള്ള ശ്രമമാണിതെന്ന് പകല്‍ പോലെ വ്യക്തമാണ്.
 
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അര്‍ഹരെ തഴഞ്ഞുവെന്നും ആനുകൂല്യങ്ങള്‍ കുറഞ്ഞുവെന്നും മുറവിളി കൂട്ടിയവര്‍ തന്നെ അധികാരത്തിലെത്തിയിട്ട് അന്നത്തേതില്‍ നിന്നും അധികമായി അനുവദിച്ച ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തിയ ഇരകളുടെ കണക്കും വ്യക്തമാക്കാന്‍ തയ്യാറാകണം. ഇരകള്‍ക്ക് ആനുകൂല്യം പോകട്ടെ പരാതി പോലും പറയാന്‍ പറ്റാത്ത വിധത്തില്‍ പെരുമാറുന്ന ഇടതുപക്ഷ ജനപ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിനെ അപ്രസക്തമാക്കി മാറ്റിയിരിക്കുകയാണ്. ഇരകള്‍ പരാതി പറയാന്‍ എത്തി ചേര്‍ന്നത് ഇടതു മുന്നണി ഓഫീസിലല്ല മറിച്ച് ജില്ലാ ഭരണ സിരാകേന്ദ്രത്തിലെ അവര്‍ക്കായുള്ള സെല്‍ യോഗത്തിലാണെന്നും ഓര്‍ക്കാന്‍ പറ്റാത്ത വിധം എന്‍ഡോസള്‍ഫാന്‍ ഇരകളെ മറന്നു പോയത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
 
എന്‍ഡോസള്‍ഫാന്‍ ഇരകളും അര്‍ഹരുമായ ഒട്ടേറെ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതും വെട്ടി മാറ്റിയതും ആനുകൂല്യങ്ങള്‍ നിഷേധിക്കപെട്ടതുമായ പരാതികള്‍ ന്യായമുള്ളതാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസ പദ്ധതി ഇന്നും സ്വപ്ന പദ്ധതിയായി അവശേഷിക്കുമ്പോള്‍ സങ്കടം പറയാന്‍ എത്തിയവര്‍ക്കെതിരെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചത് അധികാരം തലക്കുപിടിച്ചത് കൊണ്ടാണ്.
 
ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി സങ്കടം പറയാന്‍ എത്തിയവരെ പേടിപ്പിച്ചും പൊലീസിനെ ഉപയോഗാച്ചും അടിച്ചമര്‍ത്തി നിശബ്ദരാക്കാമെന്നുള്ള റവന്യൂ മന്ത്രിയുടെയും ഉദുമ എം.എല്‍.എയുടെയും നിലപാട് അനുവദിക്കാന്‍ കഴിയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരിധിവാസ പദ്ധതി നടപ്പിലാക്കാനും മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കാനും സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പോരാട്ടത്തിനു മുസ്്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?