തളിപ്പറമ്പ് ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യപ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു: അന്വേഷണം കാസര്‍കോട്ടേക്കും
കാസര്‍കോട് (www.evisionnews.co): തളിപ്പറമ്പ് ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യപ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പൊലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുറുമാത്തൂര്‍ റഹ്മത്ത് വില്ല കൊടിയില്‍ റുബൈസ് (22) ആണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍ റിമാണ്ടിലായിരുന്ന റുബൈസിനെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് റുബൈസിനെ മെഡിക്കല്‍ കോളജ് വാര്‍ഡില്‍ നിന്ന് കാണാതായത്. ഇയാളെ പിടികൂടുന്നതിനായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ കെണിയില്‍ വീഴ്ത്തി കിടപ്പറരംഗങ്ങള്‍ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയാണ് റുബൈസ്. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയായ തലയില്ലത്ത് മുസ്തഫ, ചുഴലി പടിഞ്ഞാറെ താഴെയിലെ കെ.പി. ഇര്‍ഷാദ്, ചെങ്കളായി വടക്കേതില്‍ വി.എസ്. അമല്‍ദേവ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കാസര്‍കോട് സ്വദേശിനിയായ യുവതിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. യുവതി ഒഴികെയുള്ളവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ റിമാണ്ടിലാവുകയും ചെയ്തു. യുവതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മോഷണക്കേസുമായി ബന്ധപ്പെട്ടാണ് റുബൈസിനെ പൊലീസ് പിടികൂടിയിരുന്നത്. ചോദ്യം ചെയ്തപ്പോള്‍ ബ്ലാക്ക്മെയിലിംഗ് നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് റുബൈസെന്ന് വ്യക്തമായി. ഇതോടെയാണ് യുവതി അടക്കം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്.
Powered by Info News For You

Comments
Post a Comment