മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരണത്തെ വ്യാജം പ്രചരിപ്പിച്ച് തടസപ്പെടുത്തുന്നത് ഖേദകരം: ഷാഹിന സലീം


ചെര്‍ക്കള (www.evisionnews.co): ചെങ്കള ഗ്രാമപഞ്ചായത്ത് കൗണ്ടര്‍ വഴി സ്വീകരിക്കുന്ന സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണെന്നും പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയുമായി ഇതിന് ബന്ധമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് കൗണ്ടര്‍ വഴി ലഭിച്ച തുക മറ്റു ഏജന്‍സികള്‍ മുഖേന നല്‍കണമെന്ന ആവശ്യം ഉചിതമല്ല. കേരളം ഒരു വലിയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരണത്തെ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി തടസപ്പെടുത്തരുത്. പ്രളയ ദുരന്തം ഉണ്ടായ ആദ്യഘട്ടം മുതല്‍ പണമായും സാധന സാമഗ്രികളായും സഹായമെത്തിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചിരുന്നു. ഫ്രണ്ട് ഓഫീസ് വഴി പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.

ധനസമാഹരണം ചര്‍ച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം ചേരുകയും കുടുംബശ്രീ ഉള്‍പ്പെടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ സംഭാവന നല്‍കുന്നതിന് സന്നദ്ധരായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വഴി ഏതൊരാള്‍ക്കും സംഭാവന നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വകുപ്പുതലത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. അയല്‍കൂട്ടം വഴി സമാഹരിച്ച തുക പഞ്ചായത്തിലെ കൗണ്ടറില്‍ ഒടുക്കിയ ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് വിവാദമുണ്ടാക്കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമംഖേദകരമാണ്. ഗ്രാമപഞ്ചായത്തില്‍ ലഭിക്കുന്ന സംഭാവന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കുന്നതിനാണ് അധികൃതര്‍ നിര്‍ദ്ദശിച്ചിട്ടുള്ളത്. അപ്രകാരം സുതാര്യമായ നടപടികളാണ് ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളത്. വിവാദങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ട് ദുരിതബാധിതര്‍ക്ക് പരമാവധി സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാവരും തുടര്‍ന്നും സഹകരിക്കണമെന്ന് ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?