അച്ഛനാരെന്നറിയാതെ ജീവിക്കുന്നവര്‍...; വലയില്‍ വീണുപോയ സ്ത്രീകളോ വീഴ്ത്തിയ പുരുഷന്മാരോ കുറ്റക്കാര്‍?

സ്ത്രീപക്ഷം / കൂക്കാനം റഹ് മാന്‍

(www.kvartha.com 25.09.2018)
അച്ഛനുണ്ടായിട്ടും അച്ഛനെ അറിയാത്തവര്‍ എത്രയോ ഉണ്ട് നമുക്കുചുറ്റും. എന്റെ നാട്ടുകാരായിരുന്ന അത്തരക്കാരായ രണ്ട് പേരെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരാള്‍ ഒരു സ്ത്രീയാണ്. അവരുടെ അച്ഛന്‍ ആരാണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. ഗ്രാമത്തിലെ കച്ചവടക്കാരനാണയാള്‍. പ്രസ്തുത സ്ത്രീയെ അറിയപ്പെടുന്നത്............ ന്റെ മകള്‍ എന്നാണ്. അവള്‍ എന്നും സ്വന്തം പിതാവിന്റെ പീടികയുടെ മുന്നിലൂടെ നടന്നുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അയാളോ അവളോ പരസ്പരം നോക്കുക പോലും ചെയ്യാറില്ല. രണ്ടുപേര്‍ക്കും അറിയാം അയാള്‍ തന്റെ പിതാവാണെന്നും, അവള്‍ തന്റെ മകളാണെന്നും.
 Kookanam-Rahman, Article, Parents, Gents, Ladies, Story about parent's Illegal relationship

എന്നിട്ടും അവള്‍ ജീവിച്ചു. അപമാനിതയായിക്കൊണ്ട് അയാള്‍ക്ക് പ്രശ്‌നമില്ലായിരുന്നു. ഔദ്യോഗിക ഭാര്യയോടും മക്കളോടും കൂടി സുഖമായി ജീവിക്കുകയായിരുന്നു അയാള്‍. അവള്‍ വിവാഹിതയായി.. മക്കളായി.. മക്കള്‍ ഉയര്‍ന്ന നിലയിലായി. അവള്‍ ഭൂമുഖത്തുനിന്ന് യാത്രയായി. അച്ഛനാരാണെന്നറിഞ്ഞിട്ടും, അച്ഛനെ നോക്കാതെ, മോളേ എന്ന വിളികേള്‍ക്കാതെ അവള്‍ പോയി... അവളുടെ മക്കള്‍ക്കിന്നും അമ്മയുടെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ അറച്ചുനില്‍ക്കേണ്ടിവരുന്നു.

ഒരു നിമിഷത്തിന്റെ സുഖത്തിനുവേണ്ടി അയാള്‍ ഒരു പാവപ്പെട്ട സ്ത്രീയെ വരുതിയിലാക്കിയതാവാം. അപമാനഭാരം താങ്ങി ആ സ്ത്രീ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ മകളും തലതാഴ്ത്തി സമൂഹത്തില്‍ ജീവിച്ചു. അവളുടെ മക്കളും അതിന്റെ പേരില്‍ നിന്ദിതരായിത്തീരേണ്ടിവരിക. ഇതിനൊക്കെ കാരണക്കാരനായ ആ മനുഷ്യന്‍ മരിച്ചു പോയി. എങ്കിലും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞും അവളുടെ തലമുറയും ലജ്ജിതരായി കഴിയേണ്ടിവരുന്ന സ്ഥിതി തുടര്‍ന്നു കൊണ്ടേയിരിക്കില്ലേ?...

എനിക്കൊരു കളിക്കൂട്ടുകാരനുണ്ടായിരുന്നു. അവനെ അറിയപ്പെടുന്നതുതന്നെ 'അറാത്തുക്കുട്ടന്‍' എന്നാണ്. അവിഹിത ബന്ധത്തില്‍ പിറന്നവന്‍ എന്ന അര്‍ത്ഥമാണ് ആ ഗ്രാമ്യവാക്കിനുളളത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അതൊന്നും എനിക്ക് അറിയില്ലായിരുന്നു. കാലം കുറേ കഴിഞ്ഞപ്പോഴാണ് അറിയുന്നത്. അവന്റെ അമ്മ ഏതോ പുരുഷന്റെ ചതിയില്‍ പെട്ടുപോയതാണെന്നും, അങ്ങിനെയാണ് അവന്‍ ജനിച്ചതെന്നും.

അവന്റെ അച്ഛനാരാണെന്ന് നാട്ടുകാര്‍ക്കെല്ലാമറിയാമായിരുന്നു. പക്ഷേ ആ മനുഷ്യനെ കാണാനോ, അദ്ദേഹത്തിന്റെ സ്‌നേഹം ലഭിക്കാനോ അവന് സാധിച്ചില്ല. അവന്‍ ഇന്ന് ഗള്‍ഫിലെത്തി നല്ല സാമ്പത്തിക സ്ഥിതിയൊക്കെ ഉണ്ടായി. പക്ഷേ അച്ഛനെന്നു വിളിക്കാന്‍, സ്‌നേഹവാല്‍സല്യം ലഭിക്കാന്‍ അവന് സാധിച്ചില്ല. അവിഹിതബന്ധത്തില്‍ പിറന്നവന്‍ എന്ന ജാള്യത പേറി അവനിന്നും ജീവിക്കുന്നു.

1940 കളില്‍ ഇത്തരം അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളെ തടയിടാനോ, അങ്ങിനെ ജനിച്ച കുഞ്ഞുങ്ങളെ സംരക്ഷിക്കാനോ ഉളള നിയമ നടപടിക്രമങ്ങള്‍ ഉണ്ടായില്ല. പെട്ടുപോയത് അനുഭവിച്ചു തീര്‍ക്കുകയെന്ന നിലപാടായിരുന്നു അക്കാലത്തേത്...

ഇത് പഴയകാല ചരിത്രം. ഇന്നും അച്ഛനെ അറിയാത്ത മക്കള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ദളിത് കോളനികളിലെ പെണ്‍കുട്ടികളും സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. അതുവഴി ഗര്‍ഭിണികളായിത്തീരുന്ന സ്ത്രീകള്‍ അച്ഛനെ അറിയാത്ത മക്കള്‍ക്ക് ജന്മം നല്‍കുന്നു.

ഈയിടെ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി പറഞ്ഞത് ഇങ്ങിനെ: 'അച്ഛനെ എനിക്കറിയാം. അമ്മ പറഞ്ഞുതന്നില്ല. ആരാണെന്ന് നാട്ടുകാര്‍ പറഞ്ഞറിഞ്ഞതാണ്. അച്ഛന്റെ നിറവും മുഖവും ചിരിയുമൊക്കെ എനിക്കുകിട്ടിയിട്ടുണ്ട്. എന്റെ അമ്മ ദളിത് വിഭാഗക്കാരിയാണ്. അച്ഛന്‍ ഉയര്‍ന്ന ജാതിയും. ഇതാണ് നിന്റെ അച്ഛന്‍ എന്ന് അമ്മ ഒരു തവണയെങ്കിലും അദ്ദേഹത്തിന്റെ മുന്നിലെത്തിച്ച് പറഞ്ഞാല്‍ മതിയായിരുന്നു. ഒന്ന് അച്ഛാ എന്ന് വിളിക്കാന്‍. കൊതിതീരെ ഒന്നുകാണാന്‍. അതിന് അവസരം കിട്ടുമെന്ന് തോന്നുന്നില്ല. എന്തു ചെയ്യാം എന്റെ വിധി...' അവളിന്നും ജീവിക്കുന്നു. അച്ഛന്റെ സ്‌നേഹം കിട്ടാതെ. കൊതിതീരെ ഒന്നു നോക്കിനില്‍ക്കാന്‍ പോലും കഴിയാതെ...

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഴാം ക്ലാസുകാരിയായ ഒരു കുട്ടി അവളുടെ അമ്മയുമൊത്ത് വന്നു. അച്ഛന്റെ സ്‌നേഹം ആറുവയസ്സുവരെ ആവോളം കിട്ടിയ കുട്ടിയാണവള്‍. പല്ല്‌തേപ്പിച്ച്, കുളിപ്പിച്ച്, ഡ്രസ്സണിയിച്ച്, ഭക്ഷണം കൊടുത്തു സ്‌കൂളിലേക്കുപറഞ്ഞയച്ചിരുന്നത് അവളുടെ അച്ഛനാണ്. വൈകീട്ടുവന്നാല്‍ ഒപ്പം കളിക്കുകയും മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്യും. രാത്രി പാട്ടുപാടിയും കഥപറഞ്ഞും ഒപ്പം കിടത്തി ഉറക്കും. അത്രമേല്‍ സ്‌നേഹമായിരുന്നു ടാക്‌സി ഡ്രൈവറായ അച്ഛന് മകളോട്.

അവളുടെ പ്രിയപ്പെട്ട അച്ഛന്‍ മരിച്ചുപോയി. അതവള്‍ അറിയുന്നില്ല. അവള്‍ മാത്രമല്ല വീട്ടുകാരും മരണകാര്യം ഇന്നേവരെ അറിഞ്ഞില്ല. ഒരു ദിവസം സന്ധ്യയോടടുപ്പിച്ച് വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തു നിന്ന് ഭാര്യയെ വിളിച്ചു പറഞ്ഞു. 'ഞാന്‍ ഉടനെ വരാമെന്ന്.' പക്ഷേ ഏറെ വൈകിയിട്ടും അദ്ദേഹം എത്തിയില്ല. രാത്രി വൈകുംതോറും ഭാര്യ ഫോണ്‍ വിളിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

രാത്രി 10 മണിയോടടുത്ത് ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അയല്‍പക്കത്തുളളവര്‍ പറയുന്നത് കേട്ടു. ഉടനെ അവള്‍ ആശുപത്രിയിലെത്തി. കണ്ടത് മരിച്ചുകിടക്കുന്ന പ്രിയപ്പെട്ടവനെയാണ്. കാരണം ഇന്നും അജ്ഞാതമാണ്...

വീട്ടില്‍ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് ഇപ്പോഴും അവള്‍ പറയുന്നത് അച്ഛന്‍, അമ്മ, അനുജത്തി എന്നിവര്‍ ഉണ്ടെന്നാണ്. അച്ഛന്‍ മരിച്ചു എന്ന് ഇന്നും ആ മകള്‍ വിശ്വസിക്കുന്നില്ല... അമ്മ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക്് താല്‍പര്യമില്ല. പഠനകാര്യത്തില്‍ പിറകോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. രാത്രി ഉറക്കത്തില്‍ അച്ഛനെ വിളിക്കും. അച്ഛനെ വിളിച്ച് കരയുകയും പറയുകയും ചെയ്യും.

അച്ഛനെക്കുറിച്ചുളള ചിന്ത ആ കുട്ടിയുടെ മനസ്സില്‍ നിന്നും മായുന്നേയില്ല. അച്ഛന്‍ വരുമെന്നു തന്നെയാണ് അവളുടെ അന്തരംഗം ഇപ്പോഴും പറയുന്നത്. ആ കുട്ടിക്ക്് അച്ഛാച്ഛാനോടും അമ്മാവനോടും ഇഷ്ടമാണ്. അവര്‍ കൂടെ ഉണ്ടെങ്കില്‍ അവളുടെ മനസ്സിന് ഉന്മേഷമാണെന്ന് അമ്മ പറയുന്നു. അവരിലൂടെ അച്ഛന്റെ ലാളന അവള്‍ ആസ്വദിക്കുകയാവാം...

എന്റെ മുമ്പിലിരിക്കുന്ന ആ കുട്ടിയോട് അച്ഛന്‍ മരിച്ചുപോയി എന്ന യാഥാര്‍ത്ഥ്യം പറഞ്ഞു ബോധ്യപ്പെടുത്തി. അമ്മ പറയുന്നത് അനുസരിക്കാമെന്ന് അവള്‍ ഉറപ്പു പറഞ്ഞു. ക്ലാസില്‍ ശ്രദ്ധിച്ചു പഠിക്കുമെന്നും മിടുക്കിയാവുമെന്നും പറഞ്ഞാണ് പോയത്...

അമ്മയേക്കാളേറെ അച്ഛനോടാണ് പെണ്‍കുഞ്ഞുങ്ങള്‍ക്കിഷ്ടം. അച്ഛന് പെണ്‍മക്കളോടാണ് കൂടുതല്‍ വാല്‍സല്യം തോന്നുക. ആ കുട്ടിയുടെ അനുഭവം അറിഞ്ഞപ്പോഴാണ് അച്ഛനുണ്ടായിട്ടും അച്ഛനെ കാണാതെ, അച്ഛന്റെ സ്‌നേഹം ലഭിക്കാതെ ജീവിച്ചു വരുന്ന, ജീവിച്ചു മരിച്ച മക്കളെക്കുറിച്ചോര്‍ത്തുപോയത്.

വലയില്‍ വീണുപോയ സ്ത്രീകളാണോ, വലയില്‍ വീഴ്ത്തിയ പുരുഷന്മാരാണോ കുറ്റക്കാര്‍? നിങ്ങളുടെ രക്തത്തില്‍ പിറന്ന കുട്ടിയാണിതെന്ന് പറഞ്ഞു പിടിവിടാതെ കൂടണമായിരുന്നു. അതിനൊന്നും കഴിവില്ലാത്തവരായിപ്പോയി അന്നത്തെ പൊതുസമൂഹത്തിലെ സ്ത്രീകളും ഇന്നത്തെ ദളിത് വിഭാഗത്തിലെ സ്ത്രീകളും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, Parents, Gents, Ladies, Story about parent's Illegal relationship


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?