ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ പ്രേമം കാപട്യം: ഷബ്നം ഹാഷ്മി
കാസര്‍കോട് (www.evisionnews.co): ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ഷബ്നം ഹാഷ്മി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് മഹാസഖ്യമുണ്ടാക്കിയാല്‍ ബി.ജെ.പിയെ വരുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മാത്രമെ ഇല്ലാതായ ജനാധിപത്യ സംവിധാനം തിരിച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്നലെ വൈകിട്ട് കാസര്‍കോട് നിന്നാരംഭിക്കുന്ന ഇന്ത്യ കാക്കാന്‍ സ്ത്രീ സമര മുന്നണി നടത്തുന്ന ദേശീയ യാത്ര (സമാധാന സംവാദയാത്ര) ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഷബ്നം ഹാഷ്മി. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്തിന് തന്നെ വര്‍ഗീയതയുടെ അടിത്തറയിളകി എന്ന ഭീതിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസ്താവനങ്ങള്‍ ഇതിന് തെളിവാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയുമെല്ലാം സജീവ ചര്‍ച്ചയാകുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയെന്നതാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇപ്പോഴത്തെ തന്ത്രം.
രാജ്യം കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ്. പ്രതിസന്ധി നേരിടുമ്പോഴെല്ലാം ആദ്യം അതിന്റെ പ്രധാന ഇരകളാകുന്നത് സ്ത്രീകളാണ്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഇരകളാണ് എക്കാലത്തും സ്ത്രീകള്‍. കത്വയിലും ഉന്നാവോയിലും നടന്ന ബലാത്സംഘക്കേസുകളില്‍ ഭരണകൂടം നിലകൊണ്ടത് സ്ത്രീവിരുദ്ധ പക്ഷത്താണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയും ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും ഷബ്നം ഹാഷ്മി കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിനെതിരെ രംഗത്തുവന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടിയെ അപലപിക്കുന്നതായും സ്ത്രീകള്‍ സമരത്തിലിറങ്ങിയാല്‍ മാത്രമെ സമൂഹത്തിന്റെ ഭയം ഒഴിവാക്കാന്‍ കഴിയുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.
മുത്തലാഖ് വിഷയത്തില്‍ ഓഡിനന്‍സ് കൊണ്ടുവരുന്നത് ഇന്ധന വില വര്‍ധനവില്‍ നിന്നും രാജ്യത്തെ മറ്റു പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ്. പരമോന്നത നീതിപീഠം തന്നെ മുത്തലാഖ് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ഷഫീഖ് നസ്‌റുള്ള അധ്യക്ഷത വഹിച്ചു. കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു. രാജകുമാരി ഡോഗ്രീന്‍, പി.വി ഷെബി, ടി. ഹരിദാസ് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment