പട്ടിണിയുടെ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും രാധാമണി പറയുന്നു; അമ്മയെ ഞാന്‍ അനാഥാലയത്തില്‍ ആക്കില്ല

ചങ്ങനാശ്ശേരി: (www.kvartha.com 06.09.2018) താന്‍ പട്ടിണികിടന്ന് മരിച്ചാലും തന്റെ അമ്മയെ അനാഥാലയത്തിലാക്കില്ലെന്ന മകളുടെ വാക്കുകള്‍ ഒരു ചാട്ടുളിയായി പൊതുസമൂഹത്തിനു നേരെ തിരിയുകയാണ്. ആധുനികകാലത്ത് മാതാപിതാക്കള്‍ ഒരു അധികപ്പറ്റായി മാറുമ്പോഴും അര്‍ദ്ധപട്ടിണിയിലും അരകാതം ചോറ് നല്‍കിയും അമ്മയെ സംരക്ഷിക്കുന്ന മകള്‍ രാധാമണി പലര്‍ക്കും ഒരു മാതൃകയാണ്. ഇല്ലായ്മയിലും വല്ലായ്മയിലും തനിക്ക് കൂട്ട് അമ്മയും അമ്മയ്ക്ക് കൂട്ട് താനും മാത്രമാണെന്ന് രാധാമണി പറയുന്നു.

ചങ്ങനാശ്ശേരി താലൂക്കില്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ഭാസ്‌ക്കരന്‍ കോളനിയില്‍ താമസിക്കുന്ന കൊരട്ടിമലമറ്റത്തില്‍ രാധാമണിയുടെ ജീവിതം ഒരു തിരക്കഥപോലെയാണ്. 91 വയസ്സുള്ള മാതാവ് പാറുക്കുട്ടിയമ്മയോടൊപ്പം വാടകവീട്ടിലാണ് രാധാമണിയുടെ താമസം. പരാശ്രയമില്ലാതെ എഴുന്നേറ്റിരിക്കാന്‍ ത്രാണിയില്ലാത്ത അമ്മയെ അയല്‍വീടുകളില്‍ ഏല്‍പ്പിച്ചാണ് ഇതുവരെ ഇവര്‍ ജോലിക്ക് പോയിരുന്നത്.

കെട്ടിടം പണിക്ക് പോയികിട്ടുന്ന ഏകവരുമാനം കൊണ്ടാണ് അമ്മയും മകളും ഇതുവരെ കഴിഞ്ഞത്. അമ്മയ്ക്ക് പത്ത് ദിവസത്തേക്കുള്ള ആയൂര്‍വ്വേദ മരുന്നുകള്‍ വാങ്ങുന്നതിന് 750 രൂപയോളം വേണം. വീടിന് 2,000 രൂപ മാസവാടക നല്‍കണം. വൃദ്ധമാതാവിന്റെ ശാരീരികാവസ്ഥ മോശമായതോടുകൂടി രാധാമണിക്ക്് ഇപ്പോള്‍ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ഇതുമൂലം നാലു മാസത്തെ വാടകകുടിശികയുള്ളതായി ഇവര്‍ പറയുന്നു. അമ്മയുടെ മരുന്നുവാങ്ങലും മുടങ്ങി. ഇക്കഴിഞ്ഞ മഹാപ്രളയത്തില്‍ അടുക്കളയില്‍ വെള്ളം കയറുകയും വീടുമുഴുവന്‍ ഈര്‍പ്പം കൊണ്ട് നിറയുകയും ചെയ്തെങ്കിലും കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പില്‍ പോകാതിരുന്നതുകൊണ്ട് ഇവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള അവസരവും ഇല്ലാതായി.

രാധാമണിയുടേത് പ്രേമവിവാഹമായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിനെതുടര്‍ന്ന് വീട്ടുകാരില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കേണ്ടിവന്നു. ഭര്‍ത്താവ് കുട്ടന്‍ 2009 ല്‍ മരണമടഞ്ഞു. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലിയുണ്ടായിരുന്ന ഏകമകള്‍ മേഘാമോള്‍ 26-ാമത്തെ വയസ്സില്‍ 2013 മെയ് ഒന്നിന് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞതോടുകൂടി ഇവര്‍ തികച്ചും ഒറ്റപ്പെട്ടുതുടങ്ങി. ജീവിതത്തില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ മകളുടെ വിവാഹത്തിനായി ചെലവഴിക്കേണ്ടിവന്നത് ഇവരെ പൂര്‍ണ്ണമായും നിര്‍ദ്ധനരാക്കി.

53 വയസ്സുള്ള രാധാമണിയുടെ ഏകസ്വപ്നം സ്വന്തമായി ഒരു വീടാണ്. സര്‍ക്കാരിന്റെ ആശ്രയപദ്ധതിപ്രകാരം സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഇവര്‍ക്ക് വീടിന് അര്‍ഹതയുണ്ടെങ്കിലും, പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ തഴയപ്പെട്ടതായി രാധാമാണി പറയുന്നു.

ആശ്രയപദ്ധതിയുടെ യാതൊരുവിധ ഗുണഫലങ്ങളും ഇവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കിടപ്പിലായ അമ്മയെ സംരക്ഷിക്കുന്നതിനായി ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം മൂന്നുതവണ കിട്ടിയെങ്കിലും ഇപ്പോള്‍ അതും ഇല്ലാതായി. വീടിനായി ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ പേരുണ്ടെങ്കിലും കുറിച്ചി ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി അവതാളത്തിലായതോടുകൂടി തന്റെ ലൈഫും അവതാളത്തിലായെന്ന് രാധാമണി പറയുന്നു. രാധാമണിയുടെ കഥകള്‍ കേട്ട് അധികാരികളുടെ കരളലിയുമോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mother, Kottayam, I would not put Mom in orphanage: Radhamani Says
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?